Monday 30 May 2011

രാധിക



രാധികേ, രാഗലോലയായെത്തിയെന്‍ 
രാവിനെ പ്രിയമാക്കുന്നതെന്തിനായ്
രാത്രിവണ്ടിയിരമ്പിക്കിതക്കുമെന്‍
പാതയോരത്തു കാത്തുനിന്നെന്തിനായ്?

ദൂര സഞ്ചാരനാളിലശാന്തമാം-
സര്‍ഗ്ഗനോവിന്‍ വിലാപതീരങ്ങളെ
ചന്ദനം പൂശി നില്‍ക്കുന്ന സന്ധ്യപോല്‍ 
രാക്കിനാക്കളില്‍ പൂക്കുന്നതെന്തിനായ്?
 
കാറ്റു ചുംബിച്ചുണര്‍ത്തുന്നു പിന്നെയും
മാമരത്തിന്റെ നൂലിലപ്പച്ചയെ
ചാന്ദ്രരശ്മികള്‍ പൊന്നു ചാലിച്ചുവോ
ചിപ്പിയില്‍, ജല ശംഖുപുഷ്പങ്ങളില്‍!

വാക്കുകള്‍ വീര്‍പ്പു മുട്ടിച്ച പുസ്തക-
ക്കെട്ടഴിച്ചു പുറത്തിറങ്ങുമ്പൊഴും
ചോദ്യമെയ്തു വിറക്കുന്നു മേശമേല്‍
രാധികേ നിന്റെ സൗഹൃദാന്വേഷണം!

കാതു ചേര്‍ക്കുന്നു ദൂരധ്വനിക്കുമേല്‍ 
കാതരയല്ല, കാമിനിയല്ല നീ...
കൂട്ടുപാതയിലെന്നോ  മനസ്സിലെ-
ക്കൂടഴിച്ചെന്റെ  കൂട്ടിനു വന്നവള്‍

എന്റെയേകാന്ത സായന്തനങ്ങളെ
പങ്കു വെച്ചൊരു പാതി ചോദിച്ചവള്‍
പറയുകാ, പാഴ്മുളംതണ്ടു  മൂളുന്ന  
പാട്ടിനൊപ്പമലിഞ്ഞതെന്നാണു നീ ? 

കാലചക്ര  പ്രയാണ പഥങ്ങളില്‍ 
വേപഥു കോറി നില്‍ക്കും വിളക്കുകാല്‍-
ക്കമ്പിലേകാകിയാമൊരു രാക്കുയില്‍-
പ്പാട്ടിഴഞ്ഞൊഴിഞ്ഞില്ലാതെയാകിലും

ചൂടി നില്‍ക്കും മയില്‍‌പ്പീലിയൊക്കെയും
മോടിയറ്റടര്‍ന്നെങ്ങോ പതിക്കിലും
വേര്‍പിരിയാതിരിക്കുവാന്‍ ഹൃത്തടം-
ചേര്‍ത്തു വെക്കുകെന്‍ കൃഷ്ണകമലങ്ങളെ!

രാവിനേറെ പ്രിയങ്കരിയാണു നീ   
രാധികേ, ലീനയാം രാഗമാലികേ...
ചൊല്ലുകാ, യേതുപൂര്‍വ്വജന്മത്തിലെ
ചില്ലയില്‍ കൊക്കുരുമ്മിയോരാണു നാം? 

പി  കെ  മുരളീകൃഷ്ണന്‍
 

Sunday 22 May 2011

ഐസ്ക്രീം പാര്‍ലര്‍




തണുപ്പും മധുരവും
നൊട്ടലും  നുണയലും 
തിരക്കോ... തിരക്ക്...
ഐസ്ക്രീം പാര്‍ലര്‍!

വെള്ളയായ് മഞ്ഞയായ്‌...
ഓറഞ്ചായ് കാപ്പിയായ്...
നിറങ്ങളായ നിറങ്ങള്‍ 
ഐസ്ക്രീം പാര്‍ലര്‍!

കോണിലും കപ്പിലും
കാന്റിയായ് സ്കൂപ്പായ്...
പിടിച്ചോ കഴിച്ചോ 
ഐസ്ക്രീം പാര്‍ലര്‍!

സ്പൂണ് പോലൊരുണ്ണി
നാണയങ്ങളെണ്ണി
കോണിലൊതുങ്ങുന്നു
ഐസ്ക്രീം പാര്‍ലര്‍!

കാന്റി പോലൊരാന്റി
കൂട്ടിയും കിഴിച്ചും
കൌണ്ടറില്‍  വിയര്‍ക്കുന്നു
ഐസ്ക്രീം പാര്‍ലര്‍!

"ബ്ലാക്ക് കറന്റി " നെത്ര?   
ചോദ്യമാകുന്നുണ്ണി
"അന്‍പതെന്നു" ചൊല്ലി 
ഉത്തരമായാന്റി!

നാണ്ണ്യമെണ്ണി വീണ്ടും
ഉണ്ണി ചോദ്യമെയ്തു:
"അപ്പൊ വാനിലക്കോ"?
കോപമേറിയാന്റി!

 "മുപ്പത്തിയഞ്ചെന്ന്" 
കേള്‍ക്കെയുണ്ണി വീണ്ടും 
കൂട്ടിയും കിഴിച്ചും 
വാങ്ങിവന്നൊരൈസ്ക്രീം 

കോണിലിരുന്നുണ്ടു
തെരുവിലേക്കലിഞ്ഞു
ഉണ്ണിയും തിരക്കില്‍...
ആന്റിയും തിരക്കില്‍ ...

ഉണ്ണിയുണ്ടമേശ 
വൃത്തിയാക്കുമാന്റി 
കണ്ടു കണ്മിഴിക്കേ
ഐസിലുപ്പുചേര്‍ന്നു!

കപ്പിനടുത്തുണ്ണി
വെച്ചുപോയിരിക്കുന്നു
ചത്തു വീര്‍ത്ത നാണ്യ-
ത്തുട്ടുകള്‍ "പതിനഞ്ച്" !

നക്കിയും ഈമ്പിയും 
ചപ്പിയും ചവച്ചും
തിരക്കോ... തിരക്ക്...
ഐസ്ക്രീം പാര്‍ലര്‍!

Friday 20 May 2011

റിയാലിറ്റി ഷോക്ക്



പഴം തമിഴ് പാട്ടിഴഞ്ഞു കഴിഞ്ഞ്
പിഴച്ചു പോയ ശ്രുതിയും
വരാത്ത സംഗതിയും
ഗോസിപ്പ് ചേര്‍ത്ത് കഴിച്ച്
ആഘോഷിക്കപ്പെട്ട അതിഥി
സിംഗര്‍ ഐഡിയയെ വിളിച്ചു പറഞ്ഞു:
"ന.....ല്ല..... ശബ്ദം! " 
പ്രേക്ഷകന്‍ കമന്റടിച്ചു:
"അതിനു സംസാരിച്ചാല്‍ പോരേ?"

പത്തില്‍ പത്തു മാര്‍ക്കും 
ഐഡിയക്ക്  വിധിയെഴുതി
സ്റ്റാര്‍, പ്രൊഡ്യൂ സര്‍ക്ക് വിളിച്ചോതി: 
" 'സംഗതി' കൊള്ളാം,
കുറച്ചു ഷാര്‍പ്പും, അവിടവിടെ ഫ്ലാറ്റും, 
ദെന്‍ ഗെറ്റ് ദ ഐഡിയാ..." 
പ്രൊഡ്യൂ സര്‍ മൊഴിഞ്ഞു:
"വോട്ട് എന്‍ ഐഡിയാ സര്‍ജീ..!" 

അടുത്തയാഴ്ച -
പെര്‍ഫോര്‍മന്‍സ് റൌണ്ട്... 
തുടര്‍ന്ന്‍, എലിമിനേഷന്‍...
പിന്നെ, 
ഫൈനല്‍ പെര്‍ഫോര്‍മന്‍സ്...
വിന്നര്‍... ട്രോഫി....!

ഷോര്‍ട്ട് ബ്രേക്ക്...  
പുതിയ പരസ്യം....

ഒരറിയിപ്പ് ....
ഉടന്‍ വരുന്നൂ...!
കുട്ടികള്‍ക്കായുള്ള മത്സരം...!
"സ്റ്റാര്‍ ചില്‍ഡ്രന്‍സ്  ഷോ!"

ഇനി, വാര്‍ത്തകള്‍ കേള്‍ക്കാം.... 

Monday 2 May 2011

ഫോണ്ട് മലയാളം


"തുടങ്ങിയത്, 
ചൊവ്വരയിലായിരുന്നു"
..................................
"അതേ ഫോണ്ടായിരുന്നു.."
..................................
"പക്ഷെ, കണ്‍വേര്‍ട്ടാകുന്നില്ല"
..................................
"കാവേരിയും ശ്രമിച്ചു"
..................................
"സൌകര്യം പോലെ ചെയ്യാന്‍ പറ്റുന്നില്ല"
..................................
"സൈസാണു പ്രശ്നം "
..................................
"ലതയും ജയയും മനോരമയുമൊന്നും 
ഇപ്പോഴാര്‍ക്കും വേണ്ടല്ലോ..!"
..................................
"കാര്‍ത്തിക കുഴപ്പമില്ല"
..................................
"അടിച്ചുനോക്കി,  
വൃത്തിയുണ്ട്,  
ഭംഗിയും...... "

പെട്ടെന്ന്, 
ഫോണ്‍ കട്ടാകുന്നു...
ദൂരെ നിന്നെത്തിയ വാമൊഴി,
വരമൊഴിയെ
കീഴടക്കുന്നു...
ഷട്ട് ഡൌണാകാത്ത മുഖം 
പുതപ്പില്‍ മുങ്ങുന്നു.
പുറത്ത്,
ഒരു കൂട്ടക്ഷരത്തിന്റെ നിഴല്‍ ...
അകത്ത്,
എത്ര ശ്രമിച്ചിട്ടും ക്ലോസാകാതെ
കണ്ണുകളും കാതുകളും ...

സിസ്റ്റം ഹേങ്ങാവുന്നതറിഞ്ഞ്
പുതിയൊരു ആന്റി വൈറസ്
എളുപ്പം ഡൌണ്‍ ലോഡുചെയ്യണമെന്ന്
തിരിച്ചറിഞ്ഞ്,
കണ്‍ട്രോള്‍ ആള്‍ടര്‍ ഡിലിറ്റ്
പലവട്ടം മനസ്സിലുരുവിട്ട്
ഒരു പവര്‍കട്ടുകൂടി 
വേഗം വേണമേയെന്ന് പ്രാര്‍ത്ഥിച്ച്
വലിയൊരു മൌസായി,
അനക്കമറ്റ്...
പുതപ്പിനടിയില്‍ ....

അപ്പോഴും ,
ഉത്തരം തേടി 
ഒരു വാമൊഴി
പരിസരത്തു തന്നെ
തങ്ങി നിന്നു...

" പറ, ആരുടെ ഫോണായിരുന്നു...?  
"പറ, ഏതു മറ്റവളുടെ ഫോണുണ്ടായിരുന്നുവെന്നാ...? "

പി കെ മുരളീകൃഷ്ണന്‍ 

Sunday 1 May 2011

അടുപ്പം


ജോലി ചെയ്തിരുന്ന 
സ്ഥാപനങ്ങളുടെ ഓഫീസുകള്‍ 
തൊട്ടടുത്ത കെട്ടിടങ്ങളില്‍ 
ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.  

എന്നും വൈകുന്നേരം 
മടക്കയാത്ര ഒരുമിച്ചായിരുന്നു
വേനല്‍ക്കാലം ...
നരിമാന്‍പോയന്റിലെ കാറ്റ് ...
ഗുല്‍മോഹറിന്റെ ചുകന്ന ചില്ലകള്‍ ...

ബസ് സീറ്റുകളില്‍ അകന്നകന്നിരിക്കുമ്പോള്‍ 
എന്റെ ടിക്കറ്റ് ഞാനെടുക്കുമായിരുന്നു 
അവളുടെ ടിക്കറ്റ് അവളും 

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ 
ഒരു തവണ
അവളുടെ ടിക്കറ്റ് ഞാനെടുത്താല്‍ 
മറ്റൊരു തവണ 
എന്റെ ടിക്കറ്റ് അവളെടുക്കും 

കുറച്ചുകൂടി നാളുകള്‍ കൊഴിഞ്ഞപ്പോള്‍ 
രണ്ടു റ്റിക്കറ്റുകളും 
ഞാന്‍ മാത്രമെടുക്കണമെന്നായി 
അങ്ങനെ, 
ഞാനൊരു സീസണ്‍ ടിക്കറ്റ് ഹോള്‍ഡറായി...

ഇപ്പോള്‍ ഞങ്ങള്‍ 
ഒരേ സ്ഥാപനത്തില്‍ ...

ഹോ! 
ഈ നശിച്ച ഗുല്‍മോഹറിന്റെ ചില്ല 
ജനലിലേക്കടുത്തിരിക്കുന്നല്ലോ...
വെട്ടിയില്ലെങ്കില്‍ ...
വല്ല ഇഴജാതികളും ...അകത്തേക്ക് ...
വര്‍ഷക്കാലമാണ്...





പി കെ മുരളീകൃഷ്ണന്‍

ഞാന്‍ വിനയമാകുന്നു !


വഴിയില്‍ മഹാമൌനവും പേറി നിന്നൊരാല്‍ -
മരമെന്‍ പഴേപരിചയം പുതുക്കി, പിന്നി-
ലാകാശമൊരുകീറുകാട്ടി, ചിരിച്ചില്ലയില്‍ -
വീണ്ടുമൊരു പക്ഷി കൂട്ടുകൂടി

നഗ്ന ചെങ്കല്‍ച്ചുമര്‍ ജനഗണമനകള്‍ തീര്‍ത്ത-
ധന്യമാം വിദ്യാലയാങ്കണത്തില്‍ വന്നു-
നില്‍ക്കുന്നു ഞാന്‍ വിനയ നിര്‍ന്നിമേഷം, ചാറ്റു-
മഴയില്‍ക്കുതിര്‍ന്നെന്റെ പാതിവേഷം !

ഇവിടെയീമണ്ണിലുണ്ടക്ഷരക്കാടില്‍ നി-
ന്നഗ്നിപുഷ്പം വാരി വിതറിയ വിളക്കുകള്‍
ഇന്നുമീയങ്കണക്കോണിലുണ്ടാദ്യത്തെ
ഹരിതമുള്‍ക്കോറിച്ച സേവനപ്പച്ചകള്‍

കരളിലേക്കെന്നും തുറന്നുവെച്ചറിവിന്റെ
കടലുചൂണ്ടിത്തന്ന പുസ്തകക്കാടുകള്‍
കണ്ണുകളിലല്‍ഭുതം വാരി വിതറി ശ്ശാസ്ത്ര -
കൌതുകം കാണിച്ച പുളിമരച്ചോടുകള്‍

സമരങ്ങളതിഘോരസ്സംഘട്ടനം നെറ്റി-
പിളരുമ്പൊളൊഴുകിയ നിണപ്പാടുകള്‍ തീര്‍ത്ത -
വഴികള്‍ വരാന്തകള്‍ വിചിത്രക്കുറിപ്പുകളി -
ലശ്ലീലമായ മൂത്രപ്പുരച്ചുമരുകള്‍ !

പടിയിറങ്ങിപ്പോയ പഥികരുടെ തീരാത്ത -
മോഹവും സ്വപ്നവും പങ്കിട്ട പടവുകള്‍
പുലരൊളിയിലോടിത്തളര്‍ന്ന കാലൊരുജോടി
പാദുകം ദാഹിച്ച കളിനിലച്ചരലുകള്‍

ഇവിടെ ഞാനെത്തിനില്‍ക്കുന്നു, മനസ്സിന്റെ -
ക്ലാസ്സുമുറിയില്‍ മണിമുഴങ്ങുന്നു പിന്നെയും !

ഉമിനീരിലൊരുചിത്രമലിയുമ്പൊഴും , കൈ-
വിരല്‍ത്തുമ്പിലൊരു ചൂരലൊടിയുമ്പൊഴും , തലയി-
ലെസ്ലേറ്റിലക്കങ്ങള്‍ കൂര്‍ത്തു ബോധം കണ-
ക്കാശാന്റെ വീട്ടുവഴി തിരയുമ്പൊഴും ,
കരളു നോവുമ്പൊഴും കവിളൊലിക്കുമ്പൊഴും
പിറകിലൊരുമഷിത്തണ്ടു നീ നീട്ടിനിന്നൂ
തട്ടമിട്ടുകൊഞ്ചും കൊച്ചു കൂട്ടുകാരീ, എന്റെ-
പണ്ടത്തെ ബെഞ്ചിലെ പാട്ടുകാരീ..
ഹൃദയത്തിലുണ്ടു നിന്‍ ചോറ്റുപാത്രത്തിന്റെ -
കള്ളിയിലെനിക്കുമരിനെല്ലിക്കകള്‍, ഉമ്മ -
യറിയാതൊളിച്ച നെയ്യപ്പമധുരം, പാതി-
വീതിച്ചൊരാനിറച്ചോക്കുതുണ്ടം

താന്‍ പാതി ചെയ്തുതീര്‍ക്കേണം, പകുത്തു-
കൊള്‍കാ പാതി ദൈവത്തിനാകട്ടെ, പണ്ടൊര-
ദ്ധ്യാപകന്‍ കുത്തിക്കുറിച്ചൊരോട്ടാഗ്രാഫു-
താളുകളിലൊപ്പിയ കുറേ മുദ്രകള്‍
ബഷീറുണ്ട് വിക്രമനുണ്ടശോകനുണ്ട്
രാജനും കണ്ണനും കുഞ്ഞുമോനുമെവിടെ?
വഴിയിലുന്നം പഠിച്ച പുളിമാവെവിടെ, തുമ്പികള്‍ -
കല്ലുകളെടുക്കുമിടവഴികളെവിടെ? കുപ്പിയില്‍ -
തോട്ടുമീന്‍ കുഞ്ഞനക്കമെവിടെ? ചെളി-
പുരണ്ട കാലും കോടിമുണ്ടുമെവിടെ? വാറു -
പൊട്ടിയ ചെരുപ്പിന്‍ കരച്ചിലെവിടെ? അച്ഛ-
നടിതന്ന തുടയിലടയാളമെവിടെ? യമ്മ-
യൊരുമഴക്കാറായ സന്ധ്യയെവിടെ?

ഇവിടെ ഞാനെത്തിനില്‍ക്കുന്നു, വിദ്യാലയ-
ച്ചുമരിലരമതിലുകളില്‍ കിളി ചിലക്കുന്നു
മനതാരിലോര്‍മ്മകള്‍ ചിറകൊതുക്കുന്നു, മിഴി-
പെയ്തിറങ്ങുന്നു, ഞാന്‍ വിനയമാകുന്നു!










പി കെ മുരളീകൃഷ്ണന്‍