Monday 30 January 2012

പ്രണയം


വഴിവക്കിലേത്
മാമ്പഴച്ചൂരോ
മഴക്കാലത്തേത്
രാക്കുളിരോ
കടല്‍ക്കരയിലേത് 
ഉപ്പുരസമോ
പുഴവക്കിലേത് 
കണ്ണുനീര്‍ത്തെളിമയോ
എന്തുമാകട്ടെ...

റയില്‍വേ സ്റ്റേഷനിലെ പ്രണയം
വണ്ടിയെത്തുന്നതിനു മുന്‍പുള്ള 
പാളങ്ങളുടെ വിറയലാണ്...
ഒരിക്കലും ശബ്ദിക്കാനാകാത്ത
നട്ടിന്റെയും  ബോള്‍ട്ടിന്റെയും
തുരുമ്പു ഗന്ധമാണ്...
ഓരോ 
ആരോഹണാവരോഹണത്തിനു  ശേഷവും 
നിറയുന്ന ശൂന്യതയില്‍
കാത്തുനില്‍പ്പിന്റെ
കാലുകടച്ചിലാണ്...

വാക്കുകള്‍

അക്ഷരങ്ങള്‍ പരസ്പരം കൈകോര്‍ത്ത്
വാക്കിനൊപ്പം വരിയിട്ടൊഴുകവേ
വന്നു നിന്നു കൂട്ടക്ഷരത്തല്ലുകാര്‍
മുന്നിലും പിന്നിലും വഴി വക്കിലും

ഏറെ നാള്‍ വെയില്‍ കൊണ്ടും തണുപ്പേറ്റു-
കൂരയില്ലാതുറക്കം മുടക്കിയും
കട്ടെടുക്കപ്പെടാതിരിക്കാനക -
പ്പട്ടിനുള്ളില്‍ പ്പൊതിഞ്ഞു സൂക്ഷിച്ചവ

വേദനയുണ്ടതില്‍ കുറേയോര്‍മ്മതന്‍ 
വേവലാതിയുണ്ടേറെയുല്‍സാഹവും
വേപഥു കോറി നില്‍ക്കുന്ന ജീവിത -
ച്ചിത്രവും ചിതാഭസ്മ കുംഭങ്ങളും

പോറലേല്‍പ്പിച്ചു പോകാനൊരുങ്ങേണ്ട
പോരിനില്ലാരു മീവഴിത്താരയില്‍
വാക്കുകള്‍ കൂട്ടി മുട്ടിയാലിപ്പോഴും
തീക്കനല്‍പ്പൊരി പാറുമേന്നോര്‍ക്കുക 

നിങ്ങളെല്ലാം സുഹൃത്തുക്കള്‍ , കാലത്തി -
നേറെ മുന്‍പേ നടപ്പവര്‍ , പുല്‍ച്ചെടി -
ത്തണ്ടുപോലും പിഴുതെറിഞ്ഞോര്‍മ്മയെ - 
ക്കൊന്നു വീണ്ടും കൊല വിളിക്കുന്നവര്‍

പ്രിയ സുഹൃത്തിന്റെ മാറില്‍ കഠാരതന്‍ 
മുനയിറക്കിക്കിതച്ചുനില്‍ക്കുമ്പോഴും 
കരളിനടിയിലെ കുതറുന്ന വാക്കുകള്‍
കവിതയാണെങ്കില്‍ , കരുതി വിട്ടേക്കുക...!

Sunday 22 January 2012

ആവശ്യങ്ങള്‍


ഫോണ്‍ ചിരിച്ചു.
സ്നേഹിതനെപ്പോലെ..

റിസീവറില്‍നിന്നും റഫീക്കിന്റെ സ്വരം...
കഴിഞ്ഞയാഴ്ച വാപ്പ വിളിച്ചു പറഞ്ഞു:
'ഓര്‍മ്മയുണ്ടല്ലോ,
ആമിനേടെ നിക്കാഹാണ് വരുന്ന മാസം..
ഇല്ലാത്ത ലീവെടുത്തൊന്നും നീ വരേണ്ട..
എല്ലാം ചേര്‍ത്ത് അയച്ചുതന്നാല്‍, പറഞ്ഞ പണ്ടം വാങ്ങാം..
അറിയാലോ.. പൊന്നിന്റെ വെല?'

മിനിഞ്ഞാന്ന്, ഉമ്മ വിളിച്ചറിയിച്ചു:
'നസീറക്ക് മാനെജ്മെന്റ് ക്വാട്ടെലാ
എന്ജിനീറിങ്ങിനു സീറ്റ്..
നീ വേഗം പണം അയച്ചില്ലെങ്കില്‍
അവരിനിയും റേറ്റ് കൂട്ടും, മറക്കണ്ട..!'

ഇന്നലെ, അനിയന്‍ വിളിച്ചു:
'ഇക്കാ,
അടുത്തയാഴ്ച്ചയില്‍
എം ബി എ ക്ക് ഫീസടക്കേണ്ട ലാസ്റ്റ് ഡേറ്റ് ..
ഡ്രാഫ്റ്റ്‌ അയച്ചോ? '

ഇന്ന് രാവിലെ
ഒരു മുഷിഞ്ഞ കത്ത് കിട്ടി..
അമ്മാവന്റെ കൈപ്പടയില്‍...
'റഫീക്കെ,
നീ എത്ര കൊല്ലായി പോയിട്ട്?
ഒന്ന് വന്നിട്ട് പൊയ്ക്കൂടെ?
കണ്ണടയും മുന്‍പേ, നിന്നെയൊന്നു കാണട്ടേ!
എത്ര നാളായി... എന്റെ കുട്ടി................'

പിന്നീട്,
സ്വരം മുറിഞ്ഞതും
റിസീവര്‍ തേങ്ങിപ്പതിഞ്ഞതും
ഏതറ്റത്തായിരുന്നു?

ഫോണ്‍ വീണ്ടും ശബ്ദിക്കുന്നു..
കറവപ്പശുവിനെപ്പോലെ...

രാജനോ, യൂസഫോ, തോമസുകുട്ടിയോ..?
ആരായിരിക്കും...?