Monday, 26 March 2012

ജനല്‍മൊഴികള്‍

അല്ലെയോ തണല്‍മരം, 
നിന്നില കൊഴിയാറായ്..
പച്ചില ഞരമ്പിന്റെ 
നീരൊലി നിലക്കാറായ്..
വേരുകളുണങ്ങുന്നു, 
വഴിയില്‍ ചില്ലക്കമ്പിന്‍ -
വില്ലുകളൊടിച്ചിട്ട
കാറ്റിന്‍ പ്രകമ്പനം. 
കൂടൊഴിഞ്ഞെവിടേക്കു -
പറന്നൂ കിളിക്കൂട്ടം
കാടൊഴിയുന്നോ, ദൂര -
ക്കാഴ്ചയാകുന്നോ ജന്മം!
കുനിയുക, വരളുമ്പോള്‍ 
മണ്‍ചുമര്‍  നിഴല്‍ തീര്‍ത്ത 
ശീതളച്ചെരിവിലേ -
ക്കൊരുകുളിര്‍ക്കാലം വരെ.
വേപഥു മുക്കിത്തോര്‍ത്തി-
യുണക്കാന്‍  വിരിച്ചിട്ടൊ  -
രമ്മതന്‍ മടിക്കുത്തിന്‍ 
നനവിത്തിരി നല്‍കാം...
പിന്നില്‍ നിന്‍ തോഴര്‍ തന്നെ
പല രൂപത്തില്‍ പല -
ഭാവത്തിലിരിക്കുന്നു-
ണ്ടുണ്ണുന്നുണ്ടുറങ്ങുന്നു.
മറയായ്‌, മരവിപ്പായ്, 
ചെറുതായ് ചുമര്‍ ചാരി, 
വളരും മുന്‍പേ വെട്ടി -
ച്ചുരുക്കി മണ്‍ചട്ടിയില്‍..
നിറയെ കുഞ്ഞിപ്പൂക്കള്‍   
നിരന്നു ചിരിച്ചു കൊ -
ണ്ടിരുഭാഗത്തും, മുറ്റം
വെയിലിന്‍ കളിക്കളം...
ചായുക, മടിക്കേണ്ട
കവികള്‍ പണ്ടേ പാടി -
ക്കേട്ടതീ മണ്ണില്‍ മീന -
മാസമോ, തീചാമുണ്ഡി!
അല്ലെയോ തണല്‍മരം,
തലയാട്ടുന്നോ, തെന്നല്‍ 
പിന്നെയും പുറത്തൊന്നു -
തന്നു പാഞ്ഞുവോ, ദൂരെ..!Saturday, 24 March 2012

ഒളിച്ചുകളികരിക്കട്ടയാണ്
കനലിനെ കാണിച്ചത്.
സൂര്യനെ വിവരിച്ചത്
മഴ.
ജലം പറഞ്ഞു തന്നത്
ദാഹത്തെപ്പറ്റി.
ചുവപ്പിനെക്കുറിച്ചോര്‍ക്കാന്‍
ചാരവും
വേദനപ്പുഴ കാണാന്‍
കണ്ണീര്‍പ്പാടും
മതിയായിരുന്നു..

എന്നിട്ടും,
വക്കുകള്‍ പൊട്ടിയ
വരികള്‍ക്കിടയിലൂടെ പാഞ്ഞത്
നിന്റെ ഹൃദയം തിരക്കിയായിരുന്നു...

നീ...
ഇനിയും പിടി തരാതെ...

നിര്‍ത്തുന്നുണ്ടോ,
ഈ ഉത്തരാധുനിക ജാട....!

പ്രണയത്തെക്കുറിച്ച് രണ്ടു പേടിക്കുറിപ്പുകള്‍...


1

കൊതിച്ചത്..
ജീവിതം.
ചോദിച്ചത്..
സ്നേഹം.
കൊടുത്തതോ..
പ്രാണന്‍.
വീട്ടുകാര്‍ മൊഴിഞ്ഞത്..
സ്വാഭാവികം.
നാട്ടുകാര്‍ സംശയിച്ചത്..
പീഡനം.
പത്രവാര്‍ത്തകളില്‍ വന്നത്..
ദുരൂഹത.
നിയമപാലകര്‍ ആരോപിച്ചത്..
കൊലപാതകം.
സുഹൃത്തുക്കള്‍ ഊഹിച്ചത്..
ആല്‍മഹത്യ.
കവി കുറിച്ചുവെച്ചത്..
പ്രണയം.
ഹൃദയം മിടിക്കുന്നതോ..
പേടി കൊണ്ടു മാത്രം.

2

കണ്ടെത്തിയതല്ലേ,
എളുപ്പമല്ലാതിരുന്നിട്ടും..

അറിയാവുന്നതുമല്ലേ,
വളരുകയാണെന്നും
തീര്‍ന്നുകൊണ്ടിരിക്കുകയല്ലെന്നും.. 

പറയാതിരുന്നതുമാണല്ലോ,
പൂര്‍ണ്ണമാണെന്ന്...

സമയവുമേറെയില്ലല്ലോ,
ഇനിയും കാത്തിരിക്കാന്‍...

ഒരു പക്ഷെ,
ഒരിക്കല്‍ കൂടി
നമുക്കിത് നഷ്ടപ്പെട്ടാലോ...?Saturday, 17 March 2012

തറ


കസേരക്കൈ കയര്‍ത്തു 
കുറേ നേരമായല്ലോ...
നോവുന്നു...

കാലുകളും ഇരിപ്പിടവും പറഞ്ഞു
എത്ര നേരമായി പൃഷ്ടം താങ്ങുന്നു...
ഇനി വയ്യ..
ഒന്നെഴുന്നേറ്റെ!

ഇത് കേട്ട്, മേശ ചിരിച്ചു
എന്റെ തലയില്‍, 
ചൂടും തണുപ്പും വെച്ച്, 
കുറേ നേരം നിരക്കിയതാ...
അവനങ്ങനെത്തന്നെ വേണം!

ഒടുവില്‍...
വായു കോപിക്കുന്നതെന്നോടും!
എല്ലാം കേട്ടു കിടന്നുകൊണ്ട് ...
തറ! 


Thursday, 1 March 2012

ഭൂപടത്തില്‍നിന്നൊരു പുഴ

പുഴ മരിക്കുന്നോ?
മരിക്കുന്നതത്ര കുഴപ്പ -
മാണെന്നൊന്നുമറിയാത്തകുട്ടികള്‍,
ഭൂപടരേഖാതടങ്ങളിലെവിടെയോ...
വിരലൊഴുക്കുന്നു..
പുഴകള്‍ തിരയുന്നു...

മലനാട്ടിനിടയിലൂടൊഴുകുന്ന വിരലുകള്‍
മഴ നനക്കുന്നു,
പളുങ്കുപോല്‍, ദക്ഷിണഗംഗയായ് വാഴ്ത്തിയ -
നിള തുളുമ്പുന്നു,
പതുക്കെ, പ്പതുക്കെ...
പുഴ ചിരിക്കുന്നു.

കതിരണിയുമോര്‍മ്മനിറയുന്നു..
കലിതാഭമായ ബാല്യം മിഴിക്കുന്നു..
അച്ഛന്റെ വിരലില്‍നിന്നുറവ പൊട്ടുന്നു...
വളരുന്നു ദൂരേ, വിളിക്കുന്നു വീണ്ടും...
വില്വാദ്രിനാഥ കാല്‍പ്പാദം തലോടി വ-
ന്നെത്തുന്ന പുണ്യമായുള്ളം തുടിക്കുന്നു..
പൊന്നക്ഷരങ്ങള്‍പോല്‍....
പുളയുന്നു പേരാര്‍, കിലുങ്ങുന്നു ദൂരേ..
പുഴ ചിലമ്പുന്നു.

തത്തയുടെ കുറുമൊഴി നുകര്‍ന്നതും,
സുന്ദരശ്ശബ്ദത്തിലാറാടി നിന്നതുമക്കരെ...
ഇക്കരെത്തോണിയില്‍ കേട്ടതോ, കാവിലെ -
പ്പാട്ടും, മുഴങ്ങുന്ന പേരാറ്റു വീര്യവും,
നോവും, വിയര്‍പ്പിന്റെ ഗീതവും, വിപ്ലവ-
ത്തീയും, തിടമ്പേറ്റുമുല്‍സവാനന്ദവും,
ഒപ്പനപ്പാട്ടിന്റെയിമ്പവും ലഹരിയും... !
പുഴയിരമ്പുന്നു.

തീവണ്ടി പാലം കടന്നു കുറ്റിപ്പുറ-
ത്തോടിക്കിതച്ചു നില്‍ക്കുന്നൊരാമാത്രയില്‍
ചുമലിലെച്ചെറുകരസ്പര്‍ശം ശഠിക്കയാ-
ണിവിടെയീമണലില്‍, കളിക്ക, പോകാതെ നാം...!
പുഴ പിരിയുന്നു.

മണ്ണുവാരുന്നവര്‍ കുഞ്ഞുങ്ങളല്ല, കങ്കാണിമാ -
രെന്നുള്ളതൊന്നുമറിയാത്തവര്‍,
ആഹ്ലാദമോടെയീതകരും മണല്‍ത്തിട്ട-
കണ്ടതിശയിക്കുന്നു, 'നാടെത്ര സുന്ദരം?'
പുഴ മറയുന്നു.

വലപോലെയീഭൂപടം..!
ചിന്തയെപ്പിടിച്ചൊരു -
ചിലന്തിക്കാട്ടിലെറിയുന്നു, പിന്നിലീ-
പുഴമെലിഞ്ഞൊട്ടുന്നു ചാലുപോല്‍, ചരടുപോല്‍
ചരടിനറ്റം കയര്‍ത്തുമ്പിന്‍ കുരുക്കുപോ-
ലൊടുവിലതു ചൂട്ടടച്ചാരമായമരുന്നു..
പുഴ കരിയുന്നോ?

ചിതല്‍ തിന്നൊടുക്കാത്ത സ്മൃതിമണ്ഡപങ്ങളെ -
ത്തഴുകുന്ന ഭാരതപ്പുഴയില്‍ക്കുളിച്ചു, നാ -
വുരുവിട്ടു, കുട്ടികള്‍ കാണാതിരിക്കട്ടെ -
യെവിടെയും 'പുഴ വില്‍പ്പനക്കുളെളഴുത്തുകള്‍ ' !

പുസ്തകത്താളിലേ-
ക്കൊരു പുഴവലിഞ്ഞുപോയ്‌...
വിരല്‍വരണ്ടിവിടെ വഴി-
മുറിയുന്നു യാത്രകള്‍...
പച്ചപ്പുകള്‍ക്കിപ്പുറം
ജനല്‍ക്കാഴ്ച്ചയില്‍
മറയുന്നു രേഖയായ് ....
ഭൂപടച്ചിത്രണം...!

കണ്‍കോണിലൊരു പുഴ...
നിറഞ്ഞോ, കലങ്ങിയോ ...!
കണ്‍കോണിലൊരു നിള...
തുളുമ്പാന്‍ വിതുമ്പിയോ ...!