Sunday, 22 April 2012

നദി മുറിച്ചുകടക്കുമ്പോള്‍


കര്‍ണാവതി എക്സ്പ്രെസ്സ് 
നദി മുറിച്ചുകടക്കുമ്പോള്‍,
വായുവേഗതകൊണ്ട്
ജലശാന്തതക്ക്  
മുറിവേല്‍ക്കുകയാണ് ...

അങ്കലേശ്വറിലെ 
പുകക്കുഴലുകള്‍ കരിതുപ്പിയ 
സൂര്യമുഖം
ഇന്നിന്റെ 
സമരപ്പന്തലൊഴിയുകയാണ്... 

വാഴയും പപ്പായയും
കരിമ്പും നിലക്കടലയും
തിങ്ങിയ തോട്ടങ്ങള്‍,
പച്ച മനുഷ്യക്കൂട്ടങ്ങളെപ്പോലെ...
തോട്ടങ്ങളിലെ പാട്ട് 
തോര്‍ന്നതല്ല,
കേള്‍ക്കാതെ പോയതാണ്.

ഇരുണ്ട കരകളുള്ള 
വെള്ളച്ചേല ചുറ്റി,
സീമന്തരേഖയിലെ
സിന്ദൂരം മായ്ച്ച്,
മുറിവേറ്റവള്‍...
നര്‍മ്മദ. 

കുഞ്ഞോളങ്ങള്‍
നീറുമ്പോഴും,
കരളേറ്റി മൂളുന്നുണ്ടാവും 
കാറ്റേറ്റു പാടിപ്പോന്ന 
ഒരാന്ദോളനം...
''ബചാവോ... ബചാവോ..!"

കര്‍ണാവതി എക്സ്പ്രെസ്സ് 
നദി മുറിച്ചുകടക്കുകയാണ്... 
 

Thursday, 19 April 2012

സ്നേഹിതക്ക്‌

പ്രിയ സ്നേഹിതേ...
നീയെനിക്കാര്, ചൊല്ലൂ...!

ഒരു വിളിയില്‍, മൌനം 
മുറിക്കുമ്പോഴും,
മൃദു മൊഴിയിലൊരു നോ-
വുണങ്ങുമ്പോഴും,
ജനലഴിതൊടും  പനീര്‍ -
പ്പൂവുപോല്‍ പിന്നെയും,
ജനുവരിയോരോര്‍മ്മയാ -
യുണരുമ്പോഴും,
പ്രിയ സ്നേഹിതേ...
നീയെനിക്കാര്,  ചൊല്ലൂ!

തര്‍ക്കുത്തരങ്ങളില്‍
തൂങ്ങിനിന്നും, കളി -
ച്ചിരിമഴയിലേക്കു കാല്‍-
വഴുതിവീണും,
അകലെയാകാശ സ-
ഞ്ചാരിതന്‍ ചിറകടി -
ച്ചിതറലില്‍ ജനിമൃതി-
യളന്നെടുത്തും, 
ഏതോ വിരുദ്ധ തീ-
രങ്ങളില്‍ നിന്നൊരേ -
ചേതോവികാരമായ്
മാറി നമ്മള്‍..
നഗരവഴിവക്കിലൂ -
ടൊഴുകുന്ന പുഴകളില്‍
നൌകകള്‍ മറന്നു, തുഴ -
യുന്നിതെന്നും... 
പ്രിയ സ്നേഹിതേ...
നീയെനിക്കാര്, ചൊല്ലൂ!

വിരസമാം പകലുകള്‍..
വ്രണിതമാം സന്ധ്യകള്‍..
വിരഹാര്‍ദ്രമാം
രാവറുക്കുവാനായ്..
അര്‍ത്ഥശൂന്യങ്ങളാം 
വാചാലതക്കുമേല്‍ 
സ്വപ്‌നങ്ങള്‍ ചാലി-
ച്ചെടുത്തു നമ്മള്‍...
ശൂന്യതയിലൂളിയി -
ട്ടാഴങ്ങളില്‍ ചെന്നു
മുത്തുകള്‍ തിരഞ്ഞു
മുന്നോട്ടു നീങ്ങേ,
സ്വരമല്ലപസ്വര-
രാഗവിസ്താരങ്ങള്‍ 
ജീവിതാസക്തിയായ്
തീര്‍ന്നതെന്തേ?
പ്രിയ സ്നേഹിതേ...
നീയെനിക്കാര്, ചൊല്ലൂ!

വേനലും വര്‍ഷവും
ആര്‍ദ്രമാമാതിരയു -
മിനിയുമെതിരേറ്റിടാം
കാലഭേദം...
സ്നേഹിതേ, പിരിയുകി -
ല്ലൊരുനാളു, മെന്നുള്ള 
വാക്കിലുണ്ടോ, പ്രണയ -
സൂര്യതാപം?
ഇലകള്‍ പൊഴിയുന്ന ചുടു-
ജീവിതക്കാടുകളില്‍ 
ഇനിയുള്ളതൊരുപകുതി
പച്ച മാത്രം!
നീയെനിക്കാരെന്തു -
മായിരുന്നാലുമീ -
മദ്ധ്യാഹ്ന ഗീതം
നിനക്കു സ്വന്തം!
പ്രിയ സ്നേഹിതേ...
നീയിനിയെന്തുചൊല്ലും!
പ്രിയ സ്നേഹിതേ....
പ്രിയ സ്നേഹിതേ....


Sunday, 15 April 2012

ഉഷ്ണസ്ഥലികള്‍


ശ്യാമഗാത്രിയാം രാവിന്‍, നിമ്നോന്നതങ്ങളില്‍
രാക്കുയില്‍ പാട്ടില്‍, വിഷധൂളിതന്‍ ദുരാശകള്‍
മുറിച്ചുകീറി, ഘടികാരസൂചിയെന്‍ വര്‍ണ്ണ -
ച്ചിത്രസ്വപ്‌നങ്ങള്‍ നെയ്ത രാക്കരിമ്പടത്തിനെ..

സ്വനഗ്രാഹിയാം 'ഷവറൊ' ഴുക്കും ജലഭേരി,
കുതിരും സംഗീതത്തില്‍ നനഞ്ഞു കാക്കക്കുഞ്ഞായ്
ഭക്ഷണം ക്ഷണമെന്നാരോ പഠിപ്പിക്കുന്നൂ, കാല -
ഭയമെന്നെയുമൊരു 'സാന്‍ഡ്‌വിച്ചി'ലൊതുക്കുന്നു.

ഭിക്ഷ യാചിച്ചെത്തിയൊരുണ്ണിതന്‍ നിഴലിനെ -
ത്തട്ടിമാറ്റിയ കുതിപ്പെന്തിനെന്നോര്‍ക്കാന്‍പോലും
നേരമില്ലൊട്ടും, വണ്ടി കിട്ടിയില്ലെങ്കില്‍, തെണ്ടി -
യാകുവാനതു മതി, 'മാന്ദ്യ'മാണെല്ലാദിക്കും...

തലയില്‍ തട്ട്, കണങ്കാലിലോ മുട്ട്, പുറ -
സ്സഞ്ചിയാലൊരു തള്ളല്‍; ഉള്ളിലോ പുറത്തോ ഞാന്‍?
വീണ്ടെടുത്തെന്നെ ശ്വാസനാളത്തിലുടക്കിയ -
ശബ്ദവും, വിയര്‍പ്പിന്റെ ഗന്ധവാഹിനിക്കുള്ളില്‍...

മുന്നിലോ, മുറുമുറുക്കുന്നൊരാള്‍, അരിയും തിന്നാ -
ശാരിയേയും കടിച്ചലയും മൃഗത്തെപ്പോല്‍
പ്രാന്തദേശത്തില്‍ വണ്ടി പിന്നെയും നിറയ്ക്കുന്നു
മാടുപോലൊടുങ്ങാത്ത ജീവിത സഞ്ചാരങ്ങള്‍ ...

ഭ്രാന്തസങ്കേതത്തിന്റെ പിടിയില്‍ പിടയ്ക്കുന്ന
പാന്ഥരാമാക്രാന്തത്തിന്‍ കൊഴിയാനിഴലട്ടകള്‍
തിരക്കില്‍, തിരനോട്ടത്തിന്‍ തിമര്‍പ്പില്‍, സുഖാലസ്യ -
ക്കുരുക്കില്‍ കടംകൊണ്ട പുത്തനാം ചാവേറുകള്‍...

ജനവാതിലില്‍ തുപ്പിത്തെറിച്ച മുക്കൂട്ടുകള്‍
പോയകാലത്തിന്‍ പാപക്കറയാം സമ്മാനം പോല്‍
വശ്യമാം പരസ്യങ്ങള്‍, ഫോണക്കക്കൊളുത്തുകള്‍
കോര്‍ത്തതാരുടെ മാനം; അമ്മയോ നേര്‍പെങ്ങളോ?

പ്രണയംപോലുമെത്ര നിസ്സാരം, നിരത്തിന്റെ -
പുളയും വളവില്‍ വിസ്മരിക്കും വികാരങ്ങള്‍...
ഹസ്തദാനത്താല്‍ ചതിച്ചിരികള്‍ ചുരത്തുന്ന
വ്യക്തിസ്വത്വങ്ങള്‍, വിഷബീജസംക്രമണങ്ങള്‍...

പ്രണവം പോലുമല്പവേളതന്നാഘോഷമാ -
യണിയും നിരച്ചാര്‍ത്തിലൊരു വിസ്മയം മാത്രം...
യന്ത്രമന്ത്രങ്ങളുഷ്ണക്കാടുകള്‍ പെരുക്കുന്നു
അശാന്തമസ്വസ്ഥമാം കാലത്തിന്‍ നെടുവീര്‍പ്പും!

വ്യവസായത്തിന്‍ കരിമ്പാതകള്‍ തോറും പായും
തേര്‍ക്കുതിരകള്‍, തിമിരംതിന്ന വിളക്കുകള്‍...
സിഗ്നലില്ലാതെന്‍  വണ്ടി നിന്നുപോയിടക്കൊന്നു -
കൂകുവാന്‍ മറന്നുപോയ്‌, കിതച്ചു പാഞ്ഞു വീണ്ടും...

വഴിയിലെന്നെയും വിസര്‍ജ്ജിച്ചുപോം വിദ്യുത് സര്‍പ്പ-
ജഠരാഗ്നിയിലേതു കുഞ്ഞാര്‍ത്തു കരയുന്നു?
നേരമില്ലാര്‍ക്കും വിളി കേള്‍ക്കുവാന്‍ വണ്ടിച്ചക്ര -
രോദനങ്ങളില്‍ പണ്ടേ ചതഞ്ഞു മരിച്ചോര്‍ നാം!

രക്ഷകരാകുമവതാരങ്ങള്‍, കാലത്തിന്റെ -
ലക്ഷണം പറഞ്ഞവര്‍, പ്രത്യയശാസ്ത്രോക്തികള്‍
പേറുന്ന മൌനം ഭേദിച്ചെത്തെട്ടെ കുഞ്ഞേ നിന്റെ
വേദന പെറ്റമ്മതന്‍ നീറ്റലായ്‌ പടരട്ടെ!

രാത്രിവണ്ടിയെന്‍ ജഡവും വീട്ടിലേക്കെടുക്കുമ്പോള്‍
വേണ്ട, തീര്‍ക്കേണ്ട, പുത്തന്‍ ചിതതന്നുഷ്ണസ്ഥലി...
ജീവിതം കത്തിത്തീര്‍ന്നൊരീകബന്ധങ്ങള്‍ക്കിനി-
വേണ്ടതീമണ്ണിന്‍മാറിലിത്തിരി ജലസ്പര്‍ശം!


Friday, 13 April 2012

ഞങ്ങള്‍ക്കെല്ലാം ഒറിജിനലാണേ...


മറാഠ മണ്ണിന്‍
മണമിയലുന്നവ
ഗുജറാത്തിന്‍ മധു
പേറി വരുന്നവ
ഉത്സവകാല -
ച്ചിരി വിളയാടും
മൂത്തു മുഴുത്തവ
പച്ചക്കറികള്‍..

തമിഴകമേകും
പൂക്കണിമലകള്‍
കൊങ്കണി പാടും
ഇളനീര്‍ക്കുലകള്‍..
ആന്ധ്രക്കനിവായ്
പഴവര്‍ഗ്ഗങ്ങള്‍...
ഞങ്ങള്‍ക്കെല്ലാം
ഒറിജിനലാണേ...!

വാങ്ങിയതിത്തിരി
കൊന്നപ്പൂക്കള്‍
ഇക്കൊല്ലം, വില
കൂടിപ്പോയോ...
ഇരുപതു രൂപ
കൊടുത്താലെന്താ...
വാടീട്ടില്ലിവ
പ്ലാസ്റ്റിക് പൊതിയില്‍..
എന്തു തിരക്കാ-
ണെങ്കിലുമെന്തേ..
ഞങ്ങള്‍ക്കെല്ലാം
ഒറിജിനലാണേ...!

ഒരു നിമിഷം നീ
'ഹോള്‍ഡോണാ'വൂ..
'മെസ്സേജ'നവധി
വിടുവാന്‍ ബാക്കി...
"...യേതൊരു ധൂസര -
ദിന-രാത്രിയിലും
മനമതിലേറ്റുക
ഗ്രാമ വെളിച്ചം,
മണവും മമതയു -
മിത്തിരി കൊന്ന-
പ്പൂക്കളു, മെന്നും -
വിഷു...., യു ഹാപ്പി...!..."

ഇതു കേട്ടൊരുപൂ
വഴിയില്‍ വീണു
പെറുക്കാന്‍ നേര-
മുറക്കെയുരഞ്ഞു
നിന്നെക്കണി കാ-
ണുന്നതില്‍ ഭേദം,
ഈ വഴിവക്കി -
ലൊടുങ്ങുകയല്ലേ?

ആശ്വാസം! വീ -
ണതു പൂവാണേ..
'കുപ്പി' യതാണേല്‍
ഇരുനൂറാണേ -
പോവുക, പൂവിതു,
പിന്നെയൊരിക്കല്‍...
'മെസ്സേജു'കളു -
ണ്ടിനിയുമയക്കാന്‍!

ഞങ്ങള്‍ക്കെല്ലാം
ഒറിജിനലാണേ..!
Friday, 6 April 2012

ദുഃഖ വെള്ളി


നാട്ടുകാരന്‍ വിളി -
ക്കുന്നു; പോരണോ?
മൂന്നു നാള്‍ പണി...
പണ്ടാറടങ്ങണോ?
കുപ്പിയുണ്ട്, പൊരി -
ച്ചകോഴിക്കൊപ്പം,
കൊച്ചു ത്ര്യേസ്യതന്‍
പന്നിമാംസം, സ്പെഷല്‍...
പണ്ടു സായിപ്പു - 
ചൊല്ലിയതെത്ര -
മഹത്തരം! വെള്ളി;
'നല്ല' താണല്ലെടോ?

നന്ദിയുണ്ട്, കര്‍ത്താവേ-
യെനിക്കു നിന്‍ -
പേരിലെത്തുമാ -
ഘോഷക്ഷണങ്ങളില്‍...
എങ്കിലും, വെള്ളി,
ഓര്‍മ്മ, ദുഃഖം; 
അതും.. 
നല്ലതായതോര്‍ -
ത്തേറെദുഃഖം; പ്രഭോ!

കൊന്ന

പൂത്തു നിന്നു നീ
വന്ന വഴികളില്‍..
കേട്ടതാണു ഞാ -
നെത്രമൊഴികളില്‍..
വര്‍ണ്ണമായി നീ
വരയില്‍, വരികളില്‍
വാഴ്ത്തിയോള്‍, പൊന്ന -
ണിഞ്ഞു മിന്നിയോള്‍...
ഇന്നു വീണ്ടും
വിരുന്നുകാരിപോല്‍
നിന്നു നീ, മേട-
മാസസുന്ദരി.
കണ്ടതല്ലേ നീ
താഴ്വരകളില്‍
കണ്ണു പൊട്ടിച്ചു
'കൊന്ന' പൂക്കളെ...
ജീവിതം കണി -
കാണ്മതിന്‍ മുന്‍പ്
വീടുറക്കും
വിഷക്കെണികളെ...
പാടുവാന്‍
വിഷുപ്പക്ഷിയില്ലാത്ത
വിത്തെറിയാ-
വരണ്ട ഭൂമിയെ...
വേണ്ട, നീയൊരു-
ങ്ങേണ്ട ജീവിത-
സംക്രമങ്ങള്‍, സ-
ങ്കീര്‍ണ്ണമാകയായ്..
വേണ്ട, നീ വിളി -
ക്കേണ്ടൊരെന്‍ പുലര്‍ -
ക്കാഴ്ച്ചയെല്ലാം
ചുവന്നു പോകവേ...
വേണ്ട, നീ ചിരി-
ക്കേണ്ടൊരാകണി -
ച്ചന്തമോ ബലി-
ച്ചിന്ത മാത്രമായ്‌...!