Friday 29 June 2012

കാത്തിരിപ്പ്


നഷ്ടക്കിനാവിന്റെ പൊട്ടും പൊടിയുമായ്‌ 
കൂരിരുള്‍ക്കായല്‍ കനത്തു നില്‍ക്കുന്നേര -
മോര്‍മ്മതന്‍ ചില്ലെറിഞ്ഞാരോ മുറിച്ചോരെന്‍ -  
മാനസം തുന്നിക്കരയ്ക്കിരിക്കുന്നു ഞാന്‍.
നേരം വെളുക്കുന്നതിന്‍മുന്‍പെനിക്കെന്റെ 
നേരും നെറിയും തിളപ്പിച്ചു വാര്‍ക്കണം   
നാരായവേരില്‍നിന്നൂര്‍ജ്ജം വലിച്ചെന്റെ
ചില്ലകള്‍തോറും ചലനം പകര്‍ത്തണം
നെഞ്ചിന്‍ നെരുപ്പോടിലെരിയുന്നയക്ഷര-
ച്ചൂടുപോകാതെപ്പൊതിച്ചോറു കെട്ടണം 
യാത്രയാകുന്നതിന്‍മുന്‍പല്‍പ്പമാത്രകള്‍ 
കാത്തെടുത്തൊരുവേള ധ്യാനിച്ചിരിയ്ക്കണം 
നേരം വെളുക്കുവാനേറെയുണ്ടെന്നേതു
മൂങ്ങ മൂളുന്നുവോ, ചീവീടുരച്ചുവോ? 
ഓര്‍മ്മതന്‍ ചീളേറ്റു വീണ്ടും മുറിഞ്ഞോരെന്‍  
വെള്ളിനൂല്‍ത്തുമ്പും കുതിര്‍ന്നു ചോക്കുന്നുവോ? 


4 comments:

  1. മാനസം തുന്നിക്കരയ്ക്കിരിക്കുന്നു ഞാന്‍......

    വളരെ നന്നായിട്ടുണ്ട് കവിത

    ReplyDelete
  2. ഓർമ്മച്ചില്ലുകൾ.
    തുന്നിച്ചേർക്കുന്ന മുറിവുകൾ.
    നന്നായി.

    ReplyDelete
  3. ഓര്‍മ്മതന്‍ചില്ലെറിഞ്ഞാരോ ?
    അറിയില്ലേ ?

    കവിത നന്നായിട്ടുണ്ട്‌.

    ReplyDelete
  4. നല്ലൊരു കവിത വായിച്ചു

    ReplyDelete