Friday 31 August 2012

വാക്കുകള്‍ മുറിയ്ക്കുമ്പോള്‍

വാക്കുകള്‍ മുറിയ്ക്കുവാന്‍
നേരമാകുന്നു, രാത്രി-
യേറെ വൈകുന്നു, പ്രിയേ
കാഴ്ച മങ്ങുന്നു, വിട...
കഴിയില്ലൊരിക്കലും
അരികത്തിരുന്നൊരാ -
ക്കണ്ണിലെ നാണം തല്ലും
വെണ്ണിളം തിരയെണ്ണാന്‍
എന്‍റെയീ വരണ്ടിടും
ചുണ്ടില്‍ നിന്നുതിരുമീ -
കവിതക്കൊപ്പം കൂട്ടായ്
കരളും കാതും ചേര്‍ക്കാന്‍
നിന്‍റെയോര്‍മ്മയില്‍ വെന്തെന്‍
രാവുകള്‍ പുലരുവാന്‍
നിന്‍ സ്നേഹക്കാറ്റാലെന്നില്‍
വാസരം പൂ ചൂടുവാന്‍...
അറിയാം, സൂര്യസ്പര്‍ശം-
പോലെയാണിജ്ജീവിതം!
പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ..
പൊള്ളിടാ, മെരിഞ്ഞിടാം..
കൂട്ടിലേയ്ക്കടച്ചിട്ട
പക്ഷിപോല്‍ ചിറകടി -
യൊച്ച വറ്റിടാം, മൌനം -
പിച്ച വെച്ചടുത്തിടാം.
വാക്കുകള്‍ മുറിയ്ക്കുവാന്‍
നേരമായതു ഞാനൊ-
ട്ടോര്‍ത്തതില്ലല്ലോ, വേണ്ട,-
യെന്തിനീ പരിഭവം?
പിരിയാ, മൊരുമിക്കാം
ഒഴുകാം, സമാന്തര -
ക്കാട്ടുചോലയായ് പൊട്ടി-
ച്ചിതറാം, കൂടിച്ചേരാം..
ഓര്‍ത്തിരുന്നിടാമൊന്നേ-
സത്യ, മീ കിനാവിന്‍റെ
തേരില്‍ സഞ്ചരിച്ചിടും
രണ്ടു യാത്രക്കാര്‍ നമ്മള്‍!
നിന്‍റെ സൗഹൃദത്താലെന്‍-
നോവുകള്‍ കൊഴിയുന്നു
ജീവശാഖിതന്‍ നേര്‍ക്കെന്‍ -
സ്വപ്‌നങ്ങള്‍ മിഴിയ്ക്കുന്നു
നിന്‍ വാക്കു മുറിഞ്ഞറ്റു-
വീണാലുമതിന്‍ തുണ്ടം
ചേര്‍ത്തു പുത്തനാം കാവ്യ-
ക്കൂട്ടു ഞാന്‍ തീര്‍ക്കും, പെണ്ണേ!

  

Friday 24 August 2012

ഓണം വന്നാലും ഉണ്ണി പിറന്നാലും....!

മഴ നനയാനായ് കാത്തു കിടന്നൊരു
പുലരിക്കതിരുണ്ടെന്‍റെ നഭസ്സില്‍
പലകുറിയോണപ്പാട്ടു നിറച്ചൊരു
പുല്ലാങ്കുഴലുണ്ടെന്‍റെ മനസ്സില്‍
പാടുക, തംബുരു മീട്ടുക നാടേ
പാതിരയാണ്, നിലാത്തെളി മാത്രം!
നന്‍മകളാം വരിനെല്‍ക്കതിരേകാന്‍
നീയെവിടുത്രാടക്കിളിമകളേ...?
പുള്ളോപ്പാട്ടിന്‍ ശീലുകളെന്‍, കളി-
മണ്ണിന്‍ വീട്ടിലിഴഞ്ഞൊരു മുറ്റം
ആവണി വന്നവള്‍ പെറ്റു വളര്‍ത്തിയ
പൂവണി നാടു നിറഞ്ഞൊരു ജാലം
മായുകയില്ലതു മറയുകയില്ല-
മനസ്സിലൊരുണ്ണി മദിക്കും കാലം
കോടിയുടുപ്പു, കൊതിച്ചൊരു സദ്യ-
യതിന്നുമസാധ്യതയത്രെ, പലര്‍ക്കും!
വേണ്ട, വരേണ്ട, മഹാബലി, നിന്‍ കഥ
പോംവഴിയല്ലൊരു 'കോമഡി' മാത്രം!
വേണ്ട, വരേണ്ട, മഹാബലി, നീയിനി-
വിപണിയില്‍, മുദ്രിത വേദന മാത്രം!

Sunday 19 August 2012

അടയാളപ്പച്ച

സൈബര്‍ ജനാലയുടെ 
വലതു വശത്തെ  
പച്ച വിളക്കുകളിലൊന്നില്‍ നിന്ന്
ഒരു കിരണം 
എന്റെ ചാറ്റ് ബോക്സിനു നേരെ
തെറിച്ചെത്തുമായിരുന്നു. 
വഴി തെറ്റി വന്നതായിരിക്കാം...
തടസ്സങ്ങളില്ലാത്തതുകൊണ്ടാവാം...
എളുപ്പവഴി തേടിയതാവാം...

മിക്ക രാത്രികളിലും 
ഇതാവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
പലപ്പോഴും, 
രാത്രി വണ്ടിക്ക്
'യാര്‍ഡി'ലേക്ക് പോകാനുള്ള
സിഗ്നല്‍ തരുന്ന പോലെ, 
ആ വെളിച്ചം 
കെട്ടു പോകാറാണ് പതിവ്...
 
ഇന്ന്, 
ചാറ്റ് ബോക്സെന്ന 
ധവള ചതുരത്തില്‍ 
ആരോ പച്ച കുത്തിയിരിക്കുന്നു:

"അല്പ്പായുസായ ജന്മങ്ങളുണ്ട്..
ചില സൌഹൃദങ്ങളും അങ്ങനെയാണോ?" 

ശുഭാപ്തിക്ക് നിറം  'പച്ച'...
ശുഭാപ്തിക്ക് നിറം 'ചുവപ്പ്'...
നിറ രാഹിത്യം തന്നെ ബുദ്ധി...
ഇനി കണ്ണടയ്ക്കട്ടെ...
അന്ധനായാല്‍...
അടയാളത്തിന് നിറമെന്തിന്? 

 

 

Friday 17 August 2012

"പതിനഞ്ചിന്" ശേഷം...?

ഓണമായോണമായോമലാളേ,  
ഓര്‍ത്തുവെയ്ക്കാന്‍ നമുക്കെന്തു നാളെ?
ഇന്നീ 'പതിനഞ്ച്' നീങ്ങിടുമ്പോള്‍
ഈ ത്രിവര്‍ണ്ണ ധ്വജം താണിടുമ്പോള്‍
വീണ്ടും കലണ്ടറക്കങ്ങള്‍ മാറും
വീണ്ടും പെരുന്നാള, ടുക്കുമോണം...  
ഓറഞ്ചു, പച്ചക്കിടയ്ക്കു, വെള്ള -
പ്പൂക്കള്‍ ചിരിച്ച കരയിലിപ്പോള്‍
മൂളുന്നു പക്ഷികള്‍, ഓണശീലി -
ന്നീണങ്ങളല്ല, മരണ രാഗം...
ഓണത്തിനെത്രയോ മുന്‍പു തന്നെ
ചോണനിറുമ്പുകള്‍ കൂട്ടമായി
പൂവറുത്തിട്ട കളത്തിലെല്ലാം
പൂവില്ല,  ചോരയാണോമലാളേ...
പണ്ടു പാതാളത്തിലേക്കയച്ച
മാവേലി വീണ്ടുമിങ്ങെത്തുമെന്ന -
തോന്നലേ വേണ്ട, വന്നെത്തിയെന്നാല്‍
'ക്വട്ടേഷ' നായിടാമോമലാളേ...
പുത്തന്‍ പണം പെരുപ്പിച്ചു ലോകം!
സ്ഥിതിസമത്വക്കണ്ണുടച്ച കാലം!
അധികാരികള്‍? പുതിയ വാമനന്മാര്‍?
കൊതിയരായി, കാലദോഷമായി...
ഓണമായോണമായോമലാളേ,  
ഓര്‍ത്തിരിക്കാന്‍ നമുക്കെന്തു വേറെ?

Sunday 12 August 2012

മരുന്നില്ലാത്തത്

എന്റെ വിശാല-
മനസ്സു പോലെ-
യുണ്ടെന്റെ വീടിന്നു-
മൊരു ടെറസ്സ്..
കാണുമാകാശവും,
നാലു ദിക്കും,
കാറ്റുകൊള്ളാം, വെയില്‍
കാഞ്ഞിരിക്കാം..
  
എന്റെ വീടിന്റെ
ടെറസ്സില്‍ നിന്നാല്‍
കാണുന്നു ഞാന്‍ 
രണ്ടു കെട്ടിടങ്ങള്‍... 
എത്ര നാളിവയിതേ- 
നിന്ന നില്‍പ്പില്‍
കണ്ണിലൂടെന്തേ- 
പറഞ്ഞിടുന്നൂ!
ചിറകുകളുണ്ടിവ-
ക്കെങ്കില്‍പോലും,
ഇളകാതെ, ചിറകൊ -
ന്നനക്കിടാതെ,
ഇമകളിടക്കിട-
ക്കായ്ഞ്ഞു വെട്ടി,
ഇരുകണ്ണില്‍ മഞ്ഞ-
ച്ചിരിയുണര്‍ത്തി-
പ്പുലരുംവരേയ്ക്കുള്ള 
നില്‍പ്പു കണ്ടാല്‍,
കൊതി മാത്രമല്ലെനി-
ക്കു, ണ്ടസുഖം നിറയും-
മനസ്സു, മസ്വസ്ഥതയും...
പലനാളായ് കണ്ടു-
സഹിച്ചതാണേ... 
പറയാതിരുന്നാല-
തേറുമിപ്പോള്‍...
എന്റെ വിശാല-
മനസ്സു കൊണ്ടാ -
ണിതുവരെ ഞാനി-
തൊളിച്ചതോര്‍ക്ക!

ഞാനൊരു ജറ്റു-
വിമാനമായി-
മാറട്ടെ, താവള-
മെന്‍ ടെറസ്സും, 
കത്തിപ്പറന്നു ചെ-
ന്നിടമുറിച്ച്, പൊട്ടിച്ചി-
ടട്ടെയാക്കെട്ടുറപ്പ്‌...

Wednesday 8 August 2012

എന്നെ വെറുതെ വിടുക!

ആരു  നീ, ഉറങ്ങാതെ
കാത്തിരിക്കുന്നു; വീണ്ടു-
മോര്‍മ്മതന്‍ കനലൂതി -
ക്കാച്ചി, പൊന്നുരുക്കാനോ?
വായിച്ച വരികളില്‍
വാക്കുകള്‍ക്കിടയില്‍ വീണ  
കണ്ണുനീരല്‍പ്പം ചേര്‍ന്നെന്‍  -
ചിന്തകള്‍ നനയ്ക്കിലും,
ഗതകാലത്തില്‍ ചൈത്ര -
മാസത്തിലെന്നോ തമ്മില്‍-
കണ്ട പരിചയം തൂവല്‍-
സ്പര്‍ശമായ് ഗണിക്കിലും,  
വേണ്ട, യീയിരുട്ടിലെ
വേറിട്ട കുളമ്പടി -
ശബ്ദവും വെളിച്ചത്തി-
ന്നരണ്ട സാന്നിദ്ധ്യവും
പേറിയെന്‍ വിജനമാം -
വീഥിയിലൂടെ, മൂക-
മേകനായ്‌ ചലിയ്ക്കുവാ  -
നാണെനിക്കേറെയിഷ്ടം.

(ഇനി സന്ദേശം വന്നാല്‍
ഞാനെന്റെ മൊബൈലിന്റെ
സിം കാര്‍ഡു മാറ്റും, പുത്ത-
നൈഡിയുണ്ടാക്കും മെയിലില്‍...)

Tuesday 7 August 2012

കൂടിക്കാഴ്ച

മഴ വരുന്നു;
മൂവന്തിയാവുന്നുണ്ട്,
ക്ഷണികമോര്‍മ്മകള്‍
പാഞ്ഞുപോകുന്നുണ്ട്,
കിളിമരച്ചോട്ടി-
ലാരുമില്ലെന്നൊരു
കുളിരുകോരുന്ന
കാറ്റു മൂളുന്നുണ്ട്...
മൊഴിയടര്‍ന്നു, ചു-
ണ്ടിതള്‍വിറച്ചില്ല, നിന്‍ -
കവിളിലില്ലാ-
വിഷാദരേണുക്കളും 
വഴിതിരഞൊടുവി
ലിന്നീ 'പരസ്പരം...'
പ്രണയമെന്തേ...
ചിരിച്ചില്ല പിന്നെയും! 
രജതരേഖകള്‍
മിന്നും ശിരസ്സുകള്‍
കരിപിടിപ്പിച്ച-
തെന്തിനെന്നോര്‍ത്തു നാം
ചിരി പൊതിഞ്ഞാദ്യ-
നിമിഷം കൊഴിയ്ക്കവേ,
ഇമകളെന്തേ...
തിരയുന്നതിപ്പോഴും!
എവിടെ സൂക്ഷിച്ച
മന്ദാരമലരുകള്‍?
എവിടെ നാം കോര്‍ത്ത
സ്വപ്നക്കൊലുസുകള്‍?
മാമരത്തിന്റെ
മഞ്ഞച്ചമേനിയില്‍
മാഞ്ഞതെന്നു 'നാ-
മാക്ഷര'പ്പാടുകള്‍?
പഠന കാലം
പകുത്ത കൌമാരങ്ങള്‍
കുപിത യൌവ്വ-
നാവേശ, മാസക്തികള്‍
പൊടിപിടിച്ചു -
മുഷിഞ്ഞ ഗൃഹാതുര -
സ്മരണതന്‍ മൂക-
സഞ്ചാര വേളകള്‍...
പാഞ്ഞുപോകയാ -
ണോടിവള്ളത്തിന്റെ
ചേലുപോല്‍,  ജല -
ഘോഷമായിപ്പോഴും!
മഴ വരുന്നു;
മൂവന്തിയാവുന്നുണ്ട്,
വഴിവിളക്കുകള്‍
നമ്മെ നോക്കുന്നുണ്ട്,
മിഴികള്‍ പെയ്തിറ-
ങ്ങേണ്ട, പിരിഞ്ഞിടാം..
പ്രണയമിപ്പോഴു-
മുണ്ടെന്നറിഞ്ഞിടാം!

മഴ

മഴ, കറുത്ത മുഖം കനത്തു
പുറത്തു നിന്നു വിതുമ്പവേ,
മഴ, മനസ്സിലൊരായിരം കുളി-
രോര്‍മ്മകള്‍, തുടി താളമായ്...
മഴനനഞ്ഞ കിനാവിലേക്കൊരു
മുരളിയൂതിയിറങ്ങവേ,
മിഴി നിറഞ്ഞൊരു ജലകണം, മഴ-
വില്ലു തീര്‍ത്ത പ്രപഞ്ചമായ്...

മൊഴി തകര്‍ന്നടിമുടി നനച്ചുട-
ലറിയുമീ മഴ, പേമഴ
തൊടി കുതിര്‍ന്നിടവഴി മുറിഞ്ഞു-
തുളുമ്പുമീ മഴ, പെരുമഴ
ബാല്യ കൌമാരങ്ങള്‍ പൂത്ത
തുരുത്തിലീമഴ, പൂമഴ
കത്തിയെരിയും തൃഷ്ണതന്‍ 
മരുഭൂവിലമൃതാം തേന്‍മഴ...

കൂരയില്ലാജീവികള്‍ക്ക -
നുകൂലമല്ലിതു ഭയമഴ
പേടിയില്ലാത്തോര്‍ക്കിതുത്സവ
രാഗമാകും മദമഴ...
അഴലറിഞ്ഞ മനങ്ങളില്‍ നുണ 
പെയ്തിറങ്ങും വിഷമഴ
വഴി തകര്‍ത്തിടിവാളുവെട്ടി 
കൊല വിളിച്ചൊരു നിണമഴ

മഴ, മുഖം തകരുന്ന കാല -
ക്കെടുതിയാണേ, ചതിമഴ
മഴ വരുന്നേ, മൊഴിമടക്കാം
മിഴിയടയ്ക്കുക, മഴ മഴ !