Friday 23 November 2012

സുന്ദരിക്കോത

വീട്ടുപറമ്പിന്‍റെ വേലിയിറമ്പില്‍
പണ്ടും നിന്നെ കണ്ടിട്ടുണ്ട്

ബോംബെക്കാരിയാണെന്നും
അല്ല, സിംഗപ്പൂരുകാരിയാണെന്നും
അന്നേയുണ്ടായിരുന്നു രണ്ടു പക്ഷം

പാലുപോലെയാണെന്ന്
കറവക്കാരന്‍ ഭാസ്കരേട്ടനും
മുട്ടയിലെ മഞ്ഞക്കരുവാണെന്ന്
ഒസ്സാന്‍ ഹൈദ്രോസും
ആട്ടിറച്ചിക്ക് സമാനമെന്ന്
അറവുകാരന്‍ അവറാനും
പറഞ്ഞു നടന്നിരുന്നു

വിളറിവെളുത്ത ആണ്‍പിള്ളേര്‍ക്ക്
ഇരുമ്പുകമ്പിയുടെ വീര്യത്തിന്
അത്യുഗ്രന്‍ സാധനമെന്ന്
വായനശാലയിലും കേട്ടിട്ടുണ്ട്

അന്തസ്സു കുറഞ്ഞോളാണെന്ന്
ഓമനേടത്തിയും കൂട്ടരും
പരദൂഷണം പറഞ്ഞപ്പോഴും
വാസു മാഷ്‌ മാത്രം
പുകഴ്ത്തിപ്പാടിയിരുന്നു

ഇന്നാണൊന്ന്
ചേര്‍ത്തു പിടിക്കാനൊത്തത് ...
എന്തൊരു കൊഴുത്ത ശരീരം..
പ്രായം തോന്നിക്കുന്നേയില്ല...
നീയങ്ങു വളര്‍ന്നു തുടുത്തല്ലോടീ...

ഇനി
ഒരിടത്ത്
ഒളിപ്പിച്ചു കിടത്തി
പതുക്കെ പതുക്കെ പാകപ്പെടുത്തി
കാത്തു വെയ്ക്കാതെ..ഒറ്റയ്ക്ക്...
മതിവരുവോളം...
എന്തൊരു രുചിയായിരിക്കും!

ആദ്യം
നിന്നെയൊന്നു 
കുളിപ്പിച്ചെടുക്കട്ടെടീ...
എന്‍റെ മധുരച്ചീരെ..
വേലിയിറമ്പിലെ
സുന്ദരിക്കോതേ...!

ആറാം നമ്പര്‍

കുട്ടിക്കാലത്ത് -
പുതിയങ്ങാടി നേര്‍ച്ചക്കും
ഗരുഡന്‍ കാവിലാഴ്ച്ചക്കും
വാങ്ങാറുള്ള
മധുരപലഹാരം.

പഠിക്കുമ്പോള്‍,
രുദ്രാക്ഷം കെട്ടിയ
ഭക്തി.

വളര്‍ന്നപ്പോള്‍,
'ദ ഒമന്‍' എന്ന ആംഗല സിനിമ
പകര്‍ന്ന ഭയം.

ചിലപ്പോഴൊക്കെ
തമ്പുരാന്‍ കഥകളുടെ
ആവേശം...
ക്രിക്കറ്റ് ലഹരിയുടെ
ഉയരങ്ങള്‍.

ഇപ്പോഴിതാ..
പൊട്ടു തൊട്ട്,
സാരിയുടുത്തൊരുവന്‍
കൈകൊട്ടിയടുക്കുന്നു..

അടക്കിയൊതുക്കുന്ന
പെണ്‍ചിരികള്‍ക്കും,
പറന്നെത്തുന്ന
പുരുഷപരിഹാസങ്ങള്‍ക്കും,
മടങ്ങിച്ചുരുങ്ങുന്ന
കുഞ്ഞിപ്പേടികള്‍ക്കും മദ്ധ്യേ -
കൈപ്പത്തിയാല്‍
മൂര്‍ദ്ധാവിലൊരു മുറിവുകോറി
ആ സഹനം 
മുന്‍പില്‍
തലകുത്തി നിന്നു ചോദിക്കുന്നു
പുരുഷ ശരീരത്തില്‍
കുടുങ്ങിപ്പോയതാണ്....
'ആരാണെന്നെ പുറത്തെടുക്കുക?'





---------------------------------------------------------------------------------------------
(ആറാം നമ്പര്‍ = ചക്ക, ഹിജഡ,  അലി, ഗുഡ്, ഗാണ്ടു, യൂനക് .......)

"ഔട്ട്‌ ഓഫ് സിലബസ്"

കലാലയത്തിലെ
രണ്ടു സഹപ്രവര്‍ത്തകരില്‍
ഒരാള്‍ നിരൂപകന്‍,
മറ്റേയാള്‍ കവി.

എലിക്കുഞ്ഞുങ്ങള്‍
ശാസ്ത്രീയമായി
എങ്ങനെ 
നെല്ല് പൊളിക്കണമെന്ന്‍
പഠിപ്പിച്ച നിരൂപകന്
ഇന്നലെ ഉദ്യോഗക്കയറ്റം.
ഒപ്പം, മാതൃകാദ്ധ്യാപകനുള്ള
പുരസ്കാരവും.

ഇന്നു കാലത്താണ്
കവിയെ പിരിച്ചു വിട്ടത്
എലിക്കെണികള്‍
എങ്ങനെ
തിരിച്ചറിയണമെന്ന്‍
പഠിപ്പിച്ചതിനാണത്രേ...