Friday 23 November 2012

ആറാം നമ്പര്‍

കുട്ടിക്കാലത്ത് -
പുതിയങ്ങാടി നേര്‍ച്ചക്കും
ഗരുഡന്‍ കാവിലാഴ്ച്ചക്കും
വാങ്ങാറുള്ള
മധുരപലഹാരം.

പഠിക്കുമ്പോള്‍,
രുദ്രാക്ഷം കെട്ടിയ
ഭക്തി.

വളര്‍ന്നപ്പോള്‍,
'ദ ഒമന്‍' എന്ന ആംഗല സിനിമ
പകര്‍ന്ന ഭയം.

ചിലപ്പോഴൊക്കെ
തമ്പുരാന്‍ കഥകളുടെ
ആവേശം...
ക്രിക്കറ്റ് ലഹരിയുടെ
ഉയരങ്ങള്‍.

ഇപ്പോഴിതാ..
പൊട്ടു തൊട്ട്,
സാരിയുടുത്തൊരുവന്‍
കൈകൊട്ടിയടുക്കുന്നു..

അടക്കിയൊതുക്കുന്ന
പെണ്‍ചിരികള്‍ക്കും,
പറന്നെത്തുന്ന
പുരുഷപരിഹാസങ്ങള്‍ക്കും,
മടങ്ങിച്ചുരുങ്ങുന്ന
കുഞ്ഞിപ്പേടികള്‍ക്കും മദ്ധ്യേ -
കൈപ്പത്തിയാല്‍
മൂര്‍ദ്ധാവിലൊരു മുറിവുകോറി
ആ സഹനം 
മുന്‍പില്‍
തലകുത്തി നിന്നു ചോദിക്കുന്നു
പുരുഷ ശരീരത്തില്‍
കുടുങ്ങിപ്പോയതാണ്....
'ആരാണെന്നെ പുറത്തെടുക്കുക?'





---------------------------------------------------------------------------------------------
(ആറാം നമ്പര്‍ = ചക്ക, ഹിജഡ,  അലി, ഗുഡ്, ഗാണ്ടു, യൂനക് .......)

3 comments:

  1. പുരുഷ ശരീരത്തില്‍ കുടുങ്ങിപ്പോയ സഹനം.

    കവിത സുന്ദരം.

    ReplyDelete
  2. ദുരിതജന്മങ്ങള്‍

    ReplyDelete
  3. പുരുഷ ശരീരത്തില്‍
    കുടുങ്ങിപ്പോയതാണ്....
    'ആരാണെന്നെ പുറത്തെടുക്കുക?'

    ഗംഭീരം. ഒരു സംശയം. അത്‌ നമ്പര്‍ ആറോ ഒമ്പതോ?


    ReplyDelete