Saturday 25 May 2013

സൂര്യനെല്ലി

മേടത്തിൽ പെറ്റെഴുന്നേറ്റ ഗോമാവിന്റെ
മേലാകെ മഞ്ഞൾ പുരട്ടുന്നു പൗർണ്ണമി
ഏതോ വിഷാദസ്മൃതികളിൽ മുങ്ങിയ
ചിത്രകൂടത്തിൻ നിഴൽപോലെ യാമിനി
കഷ്ടകാലത്തിൻ കടുംതുടിപ്പാട്ടുകൾ
പുസ്തകത്താൾനനച്ചെന്നെത്തൊടുമ്പൊഴും
പിൻവിളിച്ചെത്തുന്നു ഭൂതകാലത്തിന്റെ
നന്മകൾ വാഴ്ത്തുന്ന കൊട്ടും കുരവയും
വേണ്ടയീ കേളികൊട്ടും കുഴഞ്ഞാട്ടവും
'കനകച്ചിലങ്ക' കിലുക്കിക്കുണുങ്ങലും
കേരകേദാരഭൂവിന്റെ നേർച്ചിത്രമായ്
അർത്ഥം പിഴക്കും ഗൃഹാതുരസ്മൃതികളും
ഓര്‍ക്കുന്നുവോ നിങ്ങളവളെ,ക്കിനാവിന്റെ -
പൂമുഖത്താരും വിളിച്ചു കേറ്റാത്തവൾ
മുഖമില്ല വിലയില്ല നിലയില്ല നിഴലുപോ -
ലൊരു വ്യാഴവട്ടം മരിച്ചു ജീവിച്ചവൾ
പണമില്ല മണമില്ല പറയാനൊരാളില്ല,
പള്ളി, യാപ്പീസു, വീടി, ന്നിടയ്ക്കലസമായ് -
തള്ളിനീങ്ങുന്ന പാഴ് ജന്മം, നിരന്തരം
പേക്കിനാവേട്ടയാൽ വെന്ത പെണ്‍ജീവിതം.
ഉടുമുണ്ടഴിച്ചെത്തുമോര്‍മ്മതന്‍കാറ്റിന്നു -
മുടലുലയ്ക്കുന്നുണ്ട്, കരളു നീറ്റുന്നുണ്ട്
'നാല്‍പ്പതോളം' ദിനരാത്രങ്ങളിപ്പോഴും
പല്ലിളിച്ചെത്തിക്കിതച്ചു നില്‍ക്കുന്നുണ്ട്..
രതിവൈകൃതച്ചതികോമരങ്ങള്‍തുള്ളി
'ധര്‍മ്മരാജാക്കള്‍' മുരണ്ടു നീങ്ങുന്നുണ്ട്.
ചിറകനക്കാന്‍ പോലുമാവാതെ കൂട്ടിലെ -
യിരുട്ടിലായൊച്ച മരവിച്ചു പോകുന്നുണ്ട്.
ഇല്ലവൾക്കായ് പള്ളിമണിയടികൾ, പ്രാര്‍ത്ഥന
ഇല്ലവൾക്കാരും കൊളുത്തീല മെഴുതിരി
മാലാഖമാരൊക്കെയെന്നേ മരിച്ചുപോയ്‌
നീതിപീഠങ്ങള്‍ നിറംകെട്ട കാഴ്ചയായ്..
ക്ഷതമേറ്റതലയിലെയസഹ്യമാം വേദന
അമിതഭാരത്താല്‍ തളര്‍ന്ന കൈകാലുകള്‍
സമ്മര്‍ദ്ദമേറിത്തകര്‍ന്നൊരാമാനസം
ഇവളെന്റെ മക, ളമ്മ, പെങ്ങ, ളെൻ സ്നേഹിത
ഓര്‍ക്കുന്നുവോ നിങ്ങളവളെ, ക്കിനാവിന്റെ -
പൂമുഖത്താരും വിളിച്ചു കേറ്റാത്തവൾ
പേരവൾക്കൊന്നു മാത്രം 'സൂര്യനെല്ലി' യെ-
ന്നോർമ്മയെക്കീറിക്കടന്നു ചോദിക്കുന്നു
കുന്നാക്കി വെയ്ക്കുക, പുണ്യാളസംഘമേ
കൂര്‍പ്പിച്ച കല്ലുകളെറിഞ്ഞിടാന്‍ പാകമായ്
കൂട്ടത്തിലേറ്റം മിടുക്കനോടോതിയാ-
ലൊറ്റയേറില്‍ പാപകഥയൊടുങ്ങീടുകില്‍..
ആരു കാണുന്നു കരിഞ്ഞ മാമ്പൂക്കളെ ?
ആരു തേടുന്നു മറഞ്ഞ താരങ്ങളെ ?
ഈ വഴിത്താരതന്നോരോധ്രുവങ്ങളിൽ
അസ്തമിക്കേണ്ടവരാണുനാമെങ്കിലും!
മേടത്തിൽ പെറ്റെഴുന്നേറ്റ ഗോമാവിന്റെ
മേലാകെ ചോണനുറുമ്പരിക്കുന്നുവോ ?
ഏതോ വിഷാദസ്മൃതികളിൽ മുങ്ങുന്ന
ചിത്രകൂടത്തിൽ ഞാനെന്നെ തിരഞ്ഞുവോ?

3 comments:

  1. ആര്‍ കാണുന്നു കരിഞ്ഞ മാമ്പൂക്കളെ

    ദുഃഖിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യുന്ന വരികള്‍

    ReplyDelete
  2. മാലാഖമാരൊക്കെയെന്നേ മരിച്ചുപോയ്‌
    നീതിപീഠങ്ങള്‍ നിറംകെട്ട കാഴ്ചയായ്..

    ReplyDelete
  3. ആരു കാണുന്നു കരിഞ്ഞ മാമ്പൂക്കളെ ?
    ആരു തേടുന്നു മറഞ്ഞ താരങ്ങളെ ?

    ReplyDelete