Wednesday 5 June 2013

മേഘസന്ദേശം

കരിമുകില്‍പ്പെണ്ണിന്റെ നൂലിഴസ്പര്‍ശനം
മിഴിയിണ കുളിര്‍പ്പിച്ച മഴഞായറാഴ്ചയില്‍
ഒരു വരി നിനക്കായ് കുറിയ്ക്കുവാനോർമ്മകൾ
പടികടന്നെത്തിയ്ക്കിതപ്പിച്ചു രാത്രിയെ
തരുനിരകൾ ജൂണ്‍നിലാമഴലഹരിയിൽ മുങ്ങി
തരളിത സമുദ്ര സാരംഗ സംഗീതമായ്
വഴിമരച്ചില്ലകൾ കുടഞ്ഞരളി മലരുകൾ
നിറപുഴച്ചോപ്പണിഞ്ഞൊഴുകുന്നു പാതകൾ
മഴമേഘമൊന്നിനോടൊരു സ്വകാര്യം ചൊല്ലി
വഴിവക്കിലരുമസന്ദേശമായെത്തിടാൻ....
പ്രിയമുള്ളോരാൾ വഴി മുറിച്ചു പോകുന്നേര-
മൊരു ജനൽക്കാഴ്ചയായരികിലൂടൊഴുകുവാൻ
മിഴിയിണകളിൽ പൂത്ത ഭാവം പകർത്തുവാൻ
മൊഴിയിതളിലൂറുന്ന മൗനമൊപ്പീടുവാൻ
നേത്രാവതിക്കരയിലൊരു വിഭാതത്തിന്റെ
നേർത്ത ബിന്ദുക്കളായ് ശുഭദിനം നേരുവാൻ...
ഒടുവിലോടക്കുഴൽപ്പാട്ടിന്റെ സങ്കട -
പ്പുഴയിലേയ്ക്കോർമ്മയെപ്പായിച്ചുറങ്ങി ഞാൻ...!


4 comments:

  1. ഒടുവിലോടക്കുഴൽപ്പാട്ടിന്റെ സങ്കട -
    പ്പുഴയിലേയ്ക്കോർമ്മയെപ്പായിച്ചുറങ്ങി ഞാൻ...!
    നല്ല വരികള്‍ ,മഴ ചിലപ്പോള്‍ കണ്ണീരിന്റെ പ്രതീകവുമാകുന്നു..

    ReplyDelete
  2. പ്രിയമുള്ളൊരാള്‍

    ReplyDelete
  3. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete

  4. തരുനിരകൾ ജൂണ്‍നിലാമഴലഹരിയിൽ മുങ്ങി
    തരളിത സമുദ്ര സാരംഗ സംഗീതമായ്

    താളമേള സ്വരലയം....

    ReplyDelete