Tuesday 24 September 2013

പൂക്കളുടെ പള്ളിക്കൂടം

ഓണപ്പൂട്ടു കഴിഞ്ഞ്
നിറപ്പകിട്ടോടെ
പൂക്കളുടെ പള്ളിക്കൂടം..

'എന്തേ..തൊട്ടാവാടി,
ഇക്കൊല്ലോം
നെനക്കോണണ്ടായില്ലേ..?'
ചെമ്പക ടീച്ചർ
പുരികമുയർത്തിയപ്പോൾ
പൂച്ചെണ്ടുകളെല്ലാം
കുലുങ്ങിച്ചിരിച്ചു.

'കഴിഞ്ഞ കൊല്ലം
അമ്മാവൻ മരിച്ചൂത്രേ..'
കോളാമ്പിപ്പൂ
കുരവയിട്ടു.

'അതിനു മുൻപത്തെ കൊല്ലം
അമ്മൂമ്മ ചത്തൂന്ന്..'
കോൽപ്പൂവ്
താളം പിടിച്ചു.

'രണ്ടുകൊല്ലം മുൻപേ..
അപ്പൂപ്പൻ 'വടി' യായതാ..'
ചെമ്പരത്തിപ്പൂ
വായപൊത്തി.

'ടീച്ചറേ,
ഇല്ലാത്തോരെയല്ലേ
കൊല്ലാൻ പറ്റൂ....
ഒരാൾ പണ്ടേ മരിച്ചു പോയതാ..
അതോണ്ട്...ഞങ്ങക്കിനി
ഒരിക്കലും ഓണണ്ടാവില്ല..'

'അതാരാ തൊട്ടാവാടി..?'
ടീച്ചർ പുരികം ചുളിച്ചു.

'ദൈവോന്നും വിളിക്കും..
പടച്ചോനെന്നും വിളിക്കും....'

തൊണ്ടയിൽ
മുള്ളുടക്കിയ
ടീച്ചർക്ക് മുന്നിലൂടെ
തൊട്ടാവാടി
പുറത്തേക്ക് പടർന്നു..

ചെടിയിലകളെല്ലാം കൂമ്പി,
പൂക്കളൊക്കെ വാടി,
ഇരുട്ടു പരന്ന്
പൂക്കളുടെ പള്ളിക്കൂടം...


10 comments:

  1. അര്‍ഥവത്തായ വാക്കുകളുടെ പൂക്കള്‍ . മനോഹരമായിരിക്കുന്നു, പൂക്കളുടെ പള്ളിക്കൂടം

    ReplyDelete
  2. ഒരാൾ പണ്ടേ മരിച്ചു പോയതാ..
    അതോണ്ട്...ഞങ്ങക്കിനി
    ഒരിക്കലും ഓണണ്ടാവില്ല..'

    'അതാരാ തൊട്ടാവാടി..?'
    ടീച്ചർ പുരികം ചുളിച്ചു.

    'ദൈവോന്നും വിളിക്കും..
    പടച്ചോനെന്നും വിളിക്കും....'

    ReplyDelete
  3. 'ദൈവോന്നും വിളിക്കും..
    പടച്ചോനെന്നും വിളിക്കും....'

    കവിത നന്നായിട്ടുണ്ട്...



    ReplyDelete
  4. പൂക്കളെല്ലാം മനുഷ്യരാണ്

    ReplyDelete
  5. നിറപ്പകിട്ടുള്ള പള്ളിക്കൂടം


    ശുഭാശംസകൾ...

    ReplyDelete
  6. പൂക്കള്‍ പഠിക്കുന്ന പള്ളിക്കൂടം

    ReplyDelete
  7. ഉള്ളില്‍ തട്ടിയ കവിത.. തൊട്ടാവാടിയുടെ മുഖം തെളിഞ്ഞുവരുന്നുണ്ട് മനസ്സില്‍

    ReplyDelete
  8. പഠിക്കുവാൻ കഴിയാതെ പോയ നല്ല ഒരു പള്ളിക്കൂടം
    നല്ല കവിത

    ReplyDelete
  9. ഒരുപാട് നാളുകള്‍ക്കു ശേഷമാണിവിടെ. നല്ല കവിത. നല്ലത്..

    ReplyDelete