Wednesday, 9 April 2014

അങ്ങനെയാണ്.....

അല്ലെങ്കിലും 
പുഴകൾ
അങ്ങനെയാണ്.
തോന്നിയപോലൊഴുകി 
നിയന്ത്രണമില്ലാതെ 
ഉപ്പു വെള്ളത്തിലേക്ക്
കൂപ്പു കുത്തി വീഴും.
 
മരങ്ങളോ..?
നിന്നു കിട്ടിയാൽ മതി 
വെളിച്ചം കാണുന്നിടത്തേക്ക്
തല തിരിച്ചു പിടിച്ച് 
കൈകൾ നീട്ടി
നനവുള്ളിടത്തേക്ക്
കാലുകൾ വലിച്ചു വെയ്ക്കും.

മലകൾ കണ്ടിട്ടില്ലേ..
മുറിച്ചു നീക്കിയാലും 
ഇടിച്ചു നിരത്തിയാലും 
എല്ലാം സഹിച്ചു കൊണ്ട് 
അനക്കമില്ലാതെ നില്ക്കും..

ഒഴുക്കിനെതിരെ  നീന്തിക്കുതിച്ച് 
ഇരുട്ടിലേക്ക്  തല ചായ്ച്ച് 
നിലാവിനായ്  കൈകൾ നീട്ടി 
വരൾച്ചയിലൂടെ  നടന്ന് 
ഒരിടത്തും സ്ഥിരമായി നിൽക്കാത്ത 
ചിലതുണ്ട്....
പുഴയായി പുഴപ്പാട്ടായി 
മരമായി മരപ്പെയ്ത്തായി 
മലയായി മലങ്കാടായി 
മലമേലെ മരം പോലാടി 
മല ചുറ്റും പുഴപോലൊഴുകി 
പുഴ വറ്റിയ മലമേടായി 
മരമൊഴുകും പുഴപോലിടറി 
മരമെരിയും തീമലയായി 
മല ചൂടിയ തീമരമായി 
മലയും മരവും പുഴയും ചേർ -
ന്നൊരുമിച്ചൊരു കരപോലായി 
കര കവിയും കടലിന്നക്കരെ 
കര കാണാതലമുറയിട്ടൊരു- 
കരിമേഘക്കണ്ണീരുപ്പിൻ 
നനവൂറും കവിതകളായി...
അല്ലെങ്കിലും 
ഈ കവികൾ..............


Wednesday, 19 February 2014

പാഠം

വിരലിന്നു പകരമായ് 
മുഴു കയ്യു നീട്ടിയ 
ശിഷ്യനോടൊരു ഗുരു ചൊല്ലി 
വിനയത്തിൽ, ശിഷ്യ-
ബന്ധത്തിൽ, വിഭക്തിയിൽ  
ഞാനതീവസന്തുഷ്ടൻ.. 
എന്നാലുമത്ഭുതംതന്നെ; 
യെനിക്കു നിൻ 
പെരുവിരൽ മാത്രമേ വേണ്ടൂ!
ശിഷ്യനോതി; പാഠ-
ശാല വിട്ടാലുടൻ 
തേടിപ്പിടിക്കു മൊരാളെ..
"പുസ്തകം കയ്യിലെടുക്കൂ..
വിശന്നാലൊരായുധ-
മാണതെ"ന്നെഴുതി,
പൊട്ടൻ കളിപ്പിച്ച-
വന്റെ ചെന്നിക്കിട്ടു 
പൊട്ടുന്നതൊഴിവാക്കുവാനും,
അങ്ങയുടെ യവസാന 
പാഠമുൾക്കൊണ്ടുചെറു-
മുണ്ട് വഴിയിൽ വിരിക്കാനും 
സംഘടനയുണ്ട്, വരു-
മാനവും മോശമി-
ല്ലിക്കയ്യറുത്തെടുത്താലും...
ഇവനെയനുഗ്രഹിച്ചാലും..!Saturday, 8 February 2014

വാട്ടർ പ്രൂഫ്

'പായലേ വിട,
പൂപ്പലേ വിട...'
പുഞ്ചിരി വിതറി,
മലായ് കുഞ്ഞപ്പേട്ടൻ പറയും..
"വീടിന്റെ മേല്ക്കൂര മാത്രല്ലടോ,
ചുമരുകളൊന്നും തന്നെ
ചോർന്നൊലിക്കില്ല...
മലേഷ്യൻ ടെക്നിക്കല്ലേ...."

തകർത്തു പെയ്ത
ഒരിടവപ്പാതിപ്പാതിരയിലാണ്
ഇറ്റു വെള്ളം പോലുമിറക്കാൻ കിട്ടാതെ
വീടിനകത്ത്, ഒറ്റക്ക്..
കുഞ്ഞപ്പേട്ടൻ..

മദ്യപിച്ചെത്തുന്ന ജോസേട്ടൻ
മറിയച്ചേട്ടത്തിയെ
പരസ്യമായി
അടിച്ചും ഇടിച്ചും തൊഴിച്ചും
വഴക്കിടുമ്പോഴും
ചേച്ചിയുടെ
നനവില്ലാത്ത കണ്ണുകൾ
വാട്ടർ പ്രൂഫാണെന്ന്
തോന്നിയിരുന്നു..

ശരീരവും
വാട്ടർപ്രൂഫായി
മാറിയിട്ടുണ്ടാവണം
അതുകൊണ്ടാവാം..
കിണറും പുഴയുമുണ്ടായിരുന്നിട്ടും
ഒരു പള്ളിപ്പെരുന്നാളിന്
തീവണ്ടിക്കു മുന്നിലേക്ക്‌ തന്നെ...

ആൽത്തേരി കടവത്ത്
വാച്ച് അഴിച്ചുവെക്കാതെ
സോപ്പ് തേച്ചു കുളിക്കുന്നത്
കൗതുകത്തോടെ
നോക്കിനില്ക്കുന്നവരോട്
അസ്സനാരിക്ക പറയുമായിരുന്നു..
'സീക്കോ ഫൈവാ..
വാട്ടർ പ്രൂഫാ..
വെള്ളം കേറൂലാ..'
മരുമോൻ റസാക്കേയ്..
പേർഷ്യേന്ന് കൊണ്ടോന്നതാ..."

സ്വത്ത് തർക്കവും
സ്ത്രീധന പ്രശ്നവും മൂത്ത
നാളുകളിലൊന്നിലാണ്
കുളക്കടവിൽ..
അസ്സനാരിക്ക
പച്ചോലയിൽ കിടന്നത് ..
വയറ് വീർത്തിരുന്നു..
ഇടതു കയ്യിലെ
സീക്കോ വാച്ചു മാത്രം
അപ്പോഴും ടിക് ടിക് എന്നടിച്ചിരുന്നു..

'മെമ്മറി പ്രൂഫ്‌''
അല്ലാത്തതോണ്ടാണ്
വഴി തെറ്റിയത്...
സത്യത്തിൽ,
പറയാൻ കരുതിയത്‌
മറ്റൊന്നാണ്...

ഈ ഭൂഗോളം തന്നെ
വാട്ടർപ്രൂഫായി മാറിയാൽ
അന്യ ഗ്രഹങ്ങളിൽ നിന്നാരെങ്കിലും
വാട്ടർ പ്രൂഫിനെപ്പറ്റി
സംസാരിക്കുമായിരിക്കും..!
അല്ലേ?

Sunday, 12 January 2014

കൊതുകുകളുടെ ശ്മശാനം

സന്ധ്യ മുതലാണ്‌ 
എന്റെ കിടപ്പുമുറി 
കൊതുകകളുടെ 
ശ്മശാനമായി മാറുന്നത്. 
സന്ധ്യക്ക്‌ മുൻപേ 
ജനവാതിലുകളെല്ലാം 
കൊട്ടിയടച്ചാലും 
രാത്രി മുഴുവൻ   
വലയ്ക്കുള്ളിൽ ഒതുങ്ങിക്കിടന്നാലും 
മാമാങ്കത്തിനൊരുങ്ങിയ 
ചാവേർപ്പടയായി 
അവ ഒറ്റക്കും കൂട്ടമായും    
വന്നുകൊണ്ടേയിരിക്കും. 

ആമ മാർക്ക് മുതൽ 
നാനാതരം ചുരുളൻ തിരികളും 
എത്രയോ കൊതുകു നിവാരിണികളും
കിണഞ്ഞു പരിശ്രമിച്ചിട്ടും, 
പിൻ തിരിയാതെ,
യുദ്ധവിമാനങ്ങളുടെ  
ആക്രമണോത്സുകതയോടെ 
അവ പറന്നുകൊണ്ടേയിരിക്കും. 
ചൈനക്കാർ നിർമ്മിച്ചയച്ച 
റാക്കറ്റുകളുമേന്തി 
ഭാര്യയും മക്കളും 
കളത്തിലിറങ്ങുമ്പോൾ 
എന്റെ കണ്ണുകളിൽ 
ആഗോളവല്ക്കരണത്തിന്റെ 
വല കെട്ടാൻ തുടങ്ങും. 
റാക്കറ്റുകൾ വീശിക്കളിക്കുന്ന 
കുട്ടികൾക്കിടയിൽ
ഞാൻ 'ബോബനും മോളിയും' തിരയും. 
വീറോടെ 
കുട്ടികൾ റാക്കറ്റുകൾ വീശുമ്പോൾ 
കണ്‍ മുൻപിൽ 
ഒരു രുധിരമഹാകാളിക്കാവ് 
പടക്കം പൊട്ടിച്ചു നില്ക്കും. 
നാസികയിലൂടെ 
കൊതുകകളുടെ കരിഞ്ഞ മണം
ഏതോ നാസിത്താവളത്തിന്റെ 
ചരിത്രസാക്ഷ്യത്തിലേക്കെന്നപോലെ   
എന്നെ വലിച്ചിഴയ്ക്കും. 
ഒരായിരം കമ്പികൾ മീട്ടി 
പൂർവ്വ ജന്മത്തിലെ 
അടിമകളുടെ സംഘനാദമായി 
കിടപ്പറയിലേക്ക് 
വന്നു കൊണ്ടേയിരിക്കുന്ന 
പുതിയ കൊതുകുകളിൽ 
ജീവശാസ്ത്ര പുസ്തകത്തിനടിയിൽ നിന്നും 
രക്ഷപ്പെട്ട ഒന്ന് ചോദിച്ചു: 
"ഭക്ഷ്യ ശ്രുംഗലയിലെ 
പ്രധാന കണ്ണികളല്ലേ, ഞങ്ങളും.."
കൊതുകുകളുടെ ശ്മശാനത്തിൽ 
ഉത്തരം മുട്ടിയപ്പോൾ 
എന്റെ ചോരയൂറ്റിക്കുടിച്ചുകൊണ്ട് 
അത് പാറിപ്പറന്നു...

നിഴലുകൾ നൃത്തം ചെയ്യുന്ന 
ആഘോഷത്തിമർപ്പിൽ 
പടക്കം പൊട്ടിത്തീരുകയാണ്...
ചോരയുടെ കരിഞ്ഞ മണം 
അന്തരീക്ഷത്തെ 
മത്തു പിടിപ്പിക്കുകയാണ്...
സ്വപ്നങ്ങളുടെ ശ്മശാനത്തിൽ 
ഉറക്കം വറ്റിയ ഒരു കാവല്ക്കാരൻ കൊതുക് 
വെളിച്ചം കാത്തു കിടക്കുകയാണ് ....