Thursday, 28 April 2011

അവസ്ഥാന്തരം












പ്രിയ സുഹൃത്തെ മറക്കാം നമുക്കിനി
പോയ നാളുകള്‍ പാഴ്ക്കിനാക്കാഴ്ചകള്‍
പ്രണയ ഗാഥകള്‍ മാധവമാക്കിയ
പകലറുതികള്‍ പാഷാണ രാത്രികള്‍
ദുരിത കാന്താര സീമകള്‍ ചുംബിച്ച
ദ്രുത വിലാപനം സാമസായന്തനം

ഇനി മറക്കാം സുഹൃത്തെ നമുക്കൊരാ-
പഴയ പാതയും രുചിത പാഥേയവും
പുകയിലച്ചുരുളിലൊരുകവിള്‍ ത്തേയില-
ക്കറയിലെരിയുന്ന ബോധ സംഘര്‍ഷവും
ഒരു വികാരം ഒരേ സ്വരം സത്വര-
മൊരു സമീരണ സമര സഞ്ചാരണം 

അറികയാണു ഞാനിന്നലെയീമെയില്‍ -
ച്ചിരിയിലൂടെ നിന്‍ കാലവും ലോകവും
വെറുതെയെന്തിനൊരോണമാശംസകള്‍
ധ്രുതി പിടിച്ച നിന്‍ ജീവിത രഥ്യയില്‍
വര്‍ഷമേറെക്കടന്നുപോയ് നിന്റെ നാ -
ത്തുമ്പിലിന്നും തുളുമ്പുന്ന വാക്കുകള്‍
ഫേഷനോ വ്രുഥാ വേഷമോ വേര്‍പാടിന്‍ -
ഭാഷയോ വേട്ടയാടും വസന്തമോ?

എന്തെഴുതും നിനക്കു ഞാനോര്‍മ്മയില്‍ -
ത്തങ്ങിനില്ക്കുന്ന ചിങ്ങ സമ്മാനമായ്
സ്മരണപോലും വിപണനം ചെയ്യുമീ-
മരണ മാത്സര്യ മാസ്മര സന്ധ്യയില്‍ 

നെടിയ തവളയെക്കൊന്ന നീര്‍ക്കോലിപോല്‍
കൊടിയ പാത വിഴുങ്ങീ വരമ്പുകള്‍
നെല്ലിപ്പൂവില്ല പൂവറുക്കാന്‍
ചോറ്റുപാത്രമില്ല ചോറില്ലാവയല്‍കളില്‍
മാളുകുട്ടിയാശാരിച്ചിയില്ല, പൂ-
വട്ടിയില്ല ചിരട്ടത്തവിയില്ല
കാളിയില്ല കണ്ടാരനില്ല, മുളം -
കുട്ടയില്ല മുറമില്ല ചന്തയില്‍ 

തുമ്പയും പൂത്തുമ്പിയും തോഴരാം
കൊച്ചുകോല്‍പ്പൂവും കോളാമ്പിച്ചേച്ചിയും
വിട്ടുപോയീ വിറങ്ങലിച്ചിപ്പൊഴും
നിന്നു തേങ്ങുന്നു കുഞ്ഞു മുക്കുറ്റികള്‍ 

പ്രിയ സുഹൃത്തെ നിന്നോര്‍മ്മക്കുറിപ്പുപോല്‍
നയന ശോഭയാകട്ടെ നിന്നോണവും
ഇതളറുക്കാതിരിക്കട്ടെ വാക്കുകള്‍
ഇമ മുറിക്കാതിരിക്കട്ടെ കാഴ്ച്ചകള്‍
ഓണമുണ്ടെന്റെ ടെലിവിഷന്‍ ചാനലില്‍
ഓണമുണ്ടെന്റെ ഈമെയില്‍ പെട്ടിയില്‍
ഓണമുണ്ടൊരു പൂക്കളപ്പോരിലു-
മോണമുണ്ടീ റെഡിമേഡു സദ്യയില്‍
അച്ചടിച്ചെത്തുമോണപ്പതിപ്പിലു-
മുണ്ടൊരോണമൊരോര്‍മ്മയായ് തേങ്ങലായ് 

അന്നൊരോണമില്ലാത്തവര്‍ക്കൂട്ടുവാന്‍
ഇന്നൊരോണമുണ്ടാക്കുവോര്‍ക്കുണ്ണുവാന്‍

പ്രിയ സുഹൃത്തെ മടക്കയാണീമെയില്‍ -
ക്കുറി, മനസ്സിന്നവസ്ഥാന്തരങ്ങളില്‍
നന്ദി ഓര്‍മ്മതന്‍ പുസ്തകത്താളിലെ
തുണ്ടു പീലിക്കു, മാവളപ്പൊട്ടിനും!


പി കെ മുരളീകൃഷ്ണന്‍

No comments:

Post a Comment