അകലെനി 'ന്നാനമല' ചുരത്തുന്ന
അമൃതുപോലൊരു പുഴ ചിരിക്കുന്നു
ഒഴുകി, വാഴച്ചാലതിരപ്പിള്ളികൾ
തഴുകി, ചാരുവാമവൾ കുതിക്കുന്നു
അവളെയെല്ലാരുമറിയുന്നു, 'ചാല -
ക്കുടിപ്പുഴ' യെന്നു വിളി മുഴങ്ങുന്നു
അവൾക്കുണ്ടാറുപനദികളെന്നാലു -
മവൾ പെരിയാറിൽ വിലയമാകുന്നു
പിറന്നുവീണിട്ടുണ്ടിവളിലും ജീവ-
പ്രപഞ്ചസത്യമാം പ്രകടരൂപങ്ങൾ
പിഴച്ചുപോരുന്നുണ്ടിവളെയാശ്രയി-
ച്ചൊരു ദശലക്ഷം മനുഷ്യ ജന്മങ്ങൾ
ഇവളീ നാടിനെ ജലസമൃദ്ധിയാൽ
തഴച്ചുണർത്തിയ പഴയ കാളിന്ദി
കളങ്കമേശാത്ത കനിവുമായ്, ഗ്രാമ-
വിശുദ്ധി കാത്തൊരു ഹരിതനന്ദിനി
മനം പൊട്ടിക്കരഞ്ഞിനിയും തോരാത്ത
മിഴിയുമായ് ദൂരെ കിഴക്കുണരുമ്പോൾ
തല പൊട്ടിച്ചോരയൊലിച്ചിറങ്ങിയ
കവിതയായ് 'കാതിക്കുടം' വിളിക്കുന്നു
പരിസ്ഥിതി - ജല മലിനവു, മതി-
ഗുരുതരം രോഗ ദുരിത പീഡയും
കൊതിയടങ്ങാതെ പിടിച്ചു തിന്നുന്നു-
ണ്ടിവിടെ ജീവനെ, ചതിച്ച കാലമേ
ജനിമൃതികളെ തിരുത്തുവാൻ നയം
തുടരുമെങ്കിലീ സമരഭൂമിയിൽ
മരിച്ചു വീണിടാം, പിറന്ന മണ്ണിലെ
വിഷനിലങ്ങളിൽ, പൊരുതി ജീവിതം
വളരുമീസ്ഥിതി കെടുത്തിടാത്തൊരു
ഭരണകൂടമേ നിനക്കു മാപ്പില്ല
മലിനമായ് പുഴ വിളറി നീലച്ചൊ -
രുടലുമായിതാ പുളച്ചു പായുന്നു
ജലമൂറ്റിക്കുടിച്ചടുത്തുണ്ടിപ് പൊഴും
'ജലാറ്റി' നെന്നൊരു കടുത്ത കാളിയൻ
കഴുത്തറുക്കണമവന്റെ പാശത്താൽ
വരിഞ്ഞു കെട്ടണം കുടിലനീതിയെ
വിടില്ല നിങ്ങളെയൊരിക്കലും, 'ചാല-
ക്കുടിപ്പുഴ' നിണമണിഞ്ഞൊഴുകിലും
ഇതു 'പ്ലാച്ചിമട' പകർന്ന ധീരത
ഇതു 'കാതിക്കുടം' കടഞ്ഞ വീരത