Monday, 29 July 2013

ചാലക്കുടിപ്പുഴ

അകലെനി 'ന്നാനമല' ചുരത്തുന്ന
അമൃതുപോലൊരു പുഴ ചിരിക്കുന്നു
ഒഴുകി, വാഴച്ചാലതിരപ്പിള്ളികൾ  
തഴുകി, ചാരുവാമവൾ കുതിക്കുന്നു 

അവളെയെല്ലാരുമറിയുന്നു, 'ചാല -
ക്കുടിപ്പുഴ' യെന്നു വിളി മുഴങ്ങുന്നു 
അവൾക്കുണ്ടാറുപനദികളെന്നാലു -
മവൾ പെരിയാറിൽ വിലയമാകുന്നു 

പിറന്നുവീണിട്ടുണ്ടിവളിലും ജീവ-
പ്രപഞ്ചസത്യമാം പ്രകടരൂപങ്ങൾ 
പിഴച്ചുപോരുന്നുണ്ടിവളെയാശ്രയി-
ച്ചൊരു ദശലക്ഷം മനുഷ്യ ജന്മങ്ങൾ 

ഇവളീ നാടിനെ ജലസമൃദ്ധിയാൽ 
തഴച്ചുണർത്തിയ പഴയ കാളിന്ദി
കളങ്കമേശാത്ത കനിവുമായ്, ഗ്രാമ-
വിശുദ്ധി കാത്തൊരു ഹരിതനന്ദിനി 

മനം പൊട്ടിക്കരഞ്ഞിനിയും തോരാത്ത 
മിഴിയുമായ്‌ ദൂരെ കിഴക്കുണരുമ്പോൾ 
തല പൊട്ടിച്ചോരയൊലിച്ചിറങ്ങിയ
കവിതയായ്  'കാതിക്കുടം' വിളിക്കുന്നു 

പരിസ്ഥിതി - ജല മലിനവു, മതി-
ഗുരുതരം രോഗ ദുരിത പീഡയും 
കൊതിയടങ്ങാതെ പിടിച്ചു തിന്നുന്നു-
ണ്ടിവിടെ ജീവനെ, ചതിച്ച കാലമേ

ജനിമൃതികളെ തിരുത്തുവാൻ നയം 
തുടരുമെങ്കിലീ സമരഭൂമിയിൽ 
മരിച്ചു വീണിടാം, പിറന്ന മണ്ണിലെ 
വിഷനിലങ്ങളിൽ, പൊരുതി ജീവിതം

വളരുമീസ്ഥിതി കെടുത്തിടാത്തൊരു 
ഭരണകൂടമേ നിനക്കു മാപ്പില്ല 
മലിനമായ് പുഴ വിളറി നീലച്ചൊ -
രുടലുമായിതാ പുളച്ചു പായുന്നു 

ജലമൂറ്റിക്കുടിച്ചടുത്തുണ്ടിപ്പൊഴും
'ജലാറ്റി' നെന്നൊരു കടുത്ത കാളിയൻ 
കഴുത്തറുക്കണമവന്റെ പാശത്താൽ
വരിഞ്ഞു കെട്ടണം കുടിലനീതിയെ

വിടില്ല നിങ്ങളെയൊരിക്കലും, 'ചാല-
ക്കുടിപ്പുഴ' നിണമണിഞ്ഞൊഴുകിലും
ഇതു 'പ്ലാച്ചിമട' പകർന്ന ധീരത
ഇതു 'കാതിക്കുടം' കടഞ്ഞ വീരത