പ്രിയ സ്നേഹിതേ...
നീയെനിക്കാര്, ചൊല്ലൂ...!
ഒരു വിളിയില്‍, മൌനം
മുറിക്കുമ്പോഴും,
മൃദു മൊഴിയിലൊരു നോ-
വുണങ്ങുമ്പോഴും,
ജനലഴിതൊടും പനീര്‍ -
പ്പൂവുപോല്‍ പിന്നെയും,
ജനുവരിയോരോര്‍മ്മയാ -
യുണരുമ്പോഴും,
പ്രിയ സ്നേഹിതേ...
നീയെനിക്കാര്, ചൊല്ലൂ!
തര്‍ക്കുത്തരങ്ങളില്‍
തൂങ്ങിനിന്നും, കളി -
ച്ചിരിമഴയിലേക്കു കാല്‍-
വഴുതിവീണും,
അകലെയാകാശ സ-
ഞ്ചാരിതന്‍ ചിറകടി -
ച്ചിതറലില്‍ ജനിമൃതി-
യളന്നെടുത്തും,
ഏതോ വിരുദ്ധ തീ-
രങ്ങളില്‍ നിന്നൊരേ -
ചേതോവികാരമായ്
മാറി നമ്മള്‍..
നഗരവഴിവക്കിലൂ -
ടൊഴുകുന്ന പുഴകളില്‍
നൌകകള്‍ മറന്നു, തുഴ -
യുന്നിതെന്നും...
പ്രിയ സ്നേഹിതേ...
നീയെനിക്കാര്, ചൊല്ലൂ!
വിരസമാം പകലുകള്‍..
വ്രണിതമാം സന്ധ്യകള്‍..
വിരഹാര്‍ദ്രമാം
രാവറുക്കുവാനായ്..
അര്‍ത്ഥശൂന്യങ്ങളാം
വാചാലതക്കുമേല്‍
സ്വപ്‌നങ്ങള്‍ ചാലി-
ച്ചെടുത്തു നമ്മള്‍...
ശൂന്യതയിലൂളിയി -
ട്ടാഴങ്ങളില്‍ ചെന്നു
മുത്തുകള്‍ തിരഞ്ഞു
മുന്നോട്ടു നീങ്ങേ,
സ്വരമല്ലപസ്വര-
രാഗവിസ്താരങ്ങള്‍
ജീവിതാസക്തിയായ്
തീര്‍ന്നതെന്തേ?
പ്രിയ സ്നേഹിതേ...
നീയെനിക്കാര്, ചൊല്ലൂ!
വേനലും വര്‍ഷവും
ആര്‍ദ്രമാമാതിരയു -
മിനിയുമെതിരേറ്റിടാം
കാലഭേദം...
സ്നേഹിതേ, പിരിയുകി -
ല്ലൊരുനാളു, മെന്നുള്ള
വാക്കിലുണ്ടോ, പ്രണയ -
സൂര്യതാപം?
ഇലകള്‍ പൊഴിയുന്ന ചുടു-
ജീവിതക്കാടുകളില്‍
ഇനിയുള്ളതൊരുപകുതി
പച്ച മാത്രം!
നീയെനിക്കാരെന്തു -
മായിരുന്നാലുമീ -
മദ്ധ്യാഹ്ന ഗീതം
നിനക്കു സ്വന്തം!
പ്രിയ സ്നേഹിതേ...
നീയിനിയെന്തുചൊല്ലും!
പ്രിയ സ്നേഹിതേ....
പ്രിയ സ്നേഹിതേ....
"നീയെനിക്കാരെന്തു -
ReplyDeleteമായിരുന്നാലുമീ -"
കവിത മനോഹരമെന്നു
ചൊല്ലട്ടെ ഞാനും
ഗഗന ചാരിയാമൊരു ഗാനമുണ്ടു നിൻ ഗ്രീഷ്മ മധ്യാഹ്ന കവിതയെ തൊടുന്നു
Deleteകവിത നന്നായിരുന്നു
ReplyDeleteകുറച്ചുകൂടി നീട്ടം കുറയ്ക്കാമായിരുന്നു
nannayirikkunnu ...aashamsakal :)
ReplyDeleteആഹാ...എന്തുഭംഗി. എത്ര മനോഹരം
ReplyDeletegagananachariyamoruganamundunin
ReplyDeletegreeshma madyahnakavithayethodunnu..........all the best
Monu velayat