Sunday, 1 May 2011

ഞാന്‍ വിനയമാകുന്നു !


വഴിയില്‍ മഹാമൌനവും പേറി നിന്നൊരാല്‍ -
മരമെന്‍ പഴേപരിചയം പുതുക്കി, പിന്നി-
ലാകാശമൊരുകീറുകാട്ടി, ചിരിച്ചില്ലയില്‍ -
വീണ്ടുമൊരു പക്ഷി കൂട്ടുകൂടി

നഗ്ന ചെങ്കല്‍ച്ചുമര്‍ ജനഗണമനകള്‍ തീര്‍ത്ത-
ധന്യമാം വിദ്യാലയാങ്കണത്തില്‍ വന്നു-
നില്‍ക്കുന്നു ഞാന്‍ വിനയ നിര്‍ന്നിമേഷം, ചാറ്റു-
മഴയില്‍ക്കുതിര്‍ന്നെന്റെ പാതിവേഷം !

ഇവിടെയീമണ്ണിലുണ്ടക്ഷരക്കാടില്‍ നി-
ന്നഗ്നിപുഷ്പം വാരി വിതറിയ വിളക്കുകള്‍
ഇന്നുമീയങ്കണക്കോണിലുണ്ടാദ്യത്തെ
ഹരിതമുള്‍ക്കോറിച്ച സേവനപ്പച്ചകള്‍

കരളിലേക്കെന്നും തുറന്നുവെച്ചറിവിന്റെ
കടലുചൂണ്ടിത്തന്ന പുസ്തകക്കാടുകള്‍
കണ്ണുകളിലല്‍ഭുതം വാരി വിതറി ശ്ശാസ്ത്ര -
കൌതുകം കാണിച്ച പുളിമരച്ചോടുകള്‍

സമരങ്ങളതിഘോരസ്സംഘട്ടനം നെറ്റി-
പിളരുമ്പൊളൊഴുകിയ നിണപ്പാടുകള്‍ തീര്‍ത്ത -
വഴികള്‍ വരാന്തകള്‍ വിചിത്രക്കുറിപ്പുകളി -
ലശ്ലീലമായ മൂത്രപ്പുരച്ചുമരുകള്‍ !

പടിയിറങ്ങിപ്പോയ പഥികരുടെ തീരാത്ത -
മോഹവും സ്വപ്നവും പങ്കിട്ട പടവുകള്‍
പുലരൊളിയിലോടിത്തളര്‍ന്ന കാലൊരുജോടി
പാദുകം ദാഹിച്ച കളിനിലച്ചരലുകള്‍

ഇവിടെ ഞാനെത്തിനില്‍ക്കുന്നു, മനസ്സിന്റെ -
ക്ലാസ്സുമുറിയില്‍ മണിമുഴങ്ങുന്നു പിന്നെയും !

ഉമിനീരിലൊരുചിത്രമലിയുമ്പൊഴും , കൈ-
വിരല്‍ത്തുമ്പിലൊരു ചൂരലൊടിയുമ്പൊഴും , തലയി-
ലെസ്ലേറ്റിലക്കങ്ങള്‍ കൂര്‍ത്തു ബോധം കണ-
ക്കാശാന്റെ വീട്ടുവഴി തിരയുമ്പൊഴും ,
കരളു നോവുമ്പൊഴും കവിളൊലിക്കുമ്പൊഴും
പിറകിലൊരുമഷിത്തണ്ടു നീ നീട്ടിനിന്നൂ
തട്ടമിട്ടുകൊഞ്ചും കൊച്ചു കൂട്ടുകാരീ, എന്റെ-
പണ്ടത്തെ ബെഞ്ചിലെ പാട്ടുകാരീ..
ഹൃദയത്തിലുണ്ടു നിന്‍ ചോറ്റുപാത്രത്തിന്റെ -
കള്ളിയിലെനിക്കുമരിനെല്ലിക്കകള്‍, ഉമ്മ -
യറിയാതൊളിച്ച നെയ്യപ്പമധുരം, പാതി-
വീതിച്ചൊരാനിറച്ചോക്കുതുണ്ടം

താന്‍ പാതി ചെയ്തുതീര്‍ക്കേണം, പകുത്തു-
കൊള്‍കാ പാതി ദൈവത്തിനാകട്ടെ, പണ്ടൊര-
ദ്ധ്യാപകന്‍ കുത്തിക്കുറിച്ചൊരോട്ടാഗ്രാഫു-
താളുകളിലൊപ്പിയ കുറേ മുദ്രകള്‍
ബഷീറുണ്ട് വിക്രമനുണ്ടശോകനുണ്ട്
രാജനും കണ്ണനും കുഞ്ഞുമോനുമെവിടെ?
വഴിയിലുന്നം പഠിച്ച പുളിമാവെവിടെ, തുമ്പികള്‍ -
കല്ലുകളെടുക്കുമിടവഴികളെവിടെ? കുപ്പിയില്‍ -
തോട്ടുമീന്‍ കുഞ്ഞനക്കമെവിടെ? ചെളി-
പുരണ്ട കാലും കോടിമുണ്ടുമെവിടെ? വാറു -
പൊട്ടിയ ചെരുപ്പിന്‍ കരച്ചിലെവിടെ? അച്ഛ-
നടിതന്ന തുടയിലടയാളമെവിടെ? യമ്മ-
യൊരുമഴക്കാറായ സന്ധ്യയെവിടെ?

ഇവിടെ ഞാനെത്തിനില്‍ക്കുന്നു, വിദ്യാലയ-
ച്ചുമരിലരമതിലുകളില്‍ കിളി ചിലക്കുന്നു
മനതാരിലോര്‍മ്മകള്‍ ചിറകൊതുക്കുന്നു, മിഴി-
പെയ്തിറങ്ങുന്നു, ഞാന്‍ വിനയമാകുന്നു!










പി കെ മുരളീകൃഷ്ണന്‍ 
















No comments:

Post a Comment