Tuesday 28 February 2012

മാന്ദ്യം


ജോലിയില്‍നിന്ന്
' പിരിച്ചു ' വിട്ടപ്പോഴാണ്,
വാരിയെല്ലിന്റെ ഒച്ചകേട്ടത്.
കൂലിയില്ലാതെ  
' തിരിച്ചു ' വന്നപ്പോഴാണ്,
വീട്ടുപെണ്ണിന്റെ തല തിരിഞ്ഞത്.
പിരിഞ്ഞ ദേഹവും തിരിഞ്ഞ തലയുമായ്
പിന്നിലേക്കാണ്‌ നടന്നുപോയതും. 
ഒരു കയറിന്റെ ബലം കൊടുത്താണ്
മുകളിലേക്കൊന്നു കയറിച്ചെന്നതും..  

ഇനി, 
പിരിഞ്ഞ തലയുള്ള തിരിഞ്ഞ ദേഹത്തെ
തിരിച്ചിറക്കുക.. 
പിരിവെടുക്കുക... 
പറഞ്ഞുനില്‍ക്കാതെ.. കരഞ്ഞു തീര്‍ക്കാതെ..
കരിഞ്ഞു തീരുമ്പോള്‍...
പിരിഞ്ഞുപോവുക ....


Monday 27 February 2012

പാസഞ്ചര്‍

ചില ലോക്കല്‍ ട്രെയിനുകളുണ്ട് -
' ഡബിള്‍ ഫാസ്റ്റ് '
ലക്ഷ്യത്തിലേക്ക് കുതിച്ചു പായുമ്പോള്‍
മറ്റൊന്നും കാണാത്തവ...
ആരെയും വകവെക്കാത്തവ ...

മറ്റു ചിലതുണ്ട് -
'സെമി ഫാസ്റ്റ് '
പാതി പതുക്കെയോടും
പാതിയില്‍ തിടുക്കംകൂട്ടും
മുന്‍പ് കണ്ടതും കേട്ടതും
ഓര്‍മ്മവെക്കാത്തവ ...

വേറെ ചിലതുണ്ട് -
'സ്ലോ '
പുറപ്പെടാന്‍ മടിയാണ്,
പുറപ്പെട്ടാലോ,
എല്ലാ സ്റ്റേഷനിലും നിര്‍ത്തും.
ആരെയും കയറ്റും.. ഇറക്കും...
മിക്കവാറും വൈകിയോടുന്നവ ...
ഇടയ്ക്കിടയ്ക്ക് ബ്രേക്ക്‌ ഡൌണാകുന്നവ ...

ഇനിയുമുണ്ട്,
വിരുന്നുകാരെപ്പോലെ ...
'മെയിലുകള്‍' ...
കടുകെണ്ണ തേച്ച്‌
കുളിക്കാതെ പോരുന്നവ ...
തലപ്പാവു വെച്ച്
കമ്പിളി പുതച്ചു വരുന്നവ ...
ചെണ്ടമല്ലിയും ചേമന്തിയും ചൂടി
വെയിലേറ്റു വാടിത്തളര്‍ന്നെത്തുന്നവ...

ഇവക്കിടയില്‍
ഒരു 'പാസഞ്ചര്‍'
കിതച്ചു നില്‍ക്കുന്നുണ്ട്.
തെക്ക് നിന്നും
മാര്‍ച്ച് ഏഴിന് പുറപ്പെട്ടതാണ്..
നാല്‍പ്പതിലധികം സ്റ്റേഷനുകള്‍ പിന്നിട്ടിട്ടും,
ലഗേജില്‍ കിടന്നു മിടിക്കുന്നുണ്ട്‌ ...
ഇപ്പോഴും...
ഒരു തുണ്ട് കേരളം.
പഴകിയ ബോഗിയില്‍ നിന്ന്
കൂടെയുണ്ടായിരുന്ന യാത്രക്കാരൊക്കെ
ഇറങ്ങിപ്പോയിട്ടും
അകത്ത്
ഒരാള്‍ മാത്രം...
ഉറങ്ങാതെ ...ഇറങ്ങാതെ ...

അവളോടു ഞാന്‍ എന്നേ
യാത്ര പറഞ്ഞതായിരുന്നല്ലോ ...
എന്നിട്ടും....

Wednesday 15 February 2012

മുഖപുസ്തകം തുറന്നിരിക്കുമ്പോള്‍ ...

എനിക്കുമുണ്ടല്‍പ്പം പറഞ്ഞു പോകുവാന്‍
തിരക്കൊഴിയുകിലൊടുക്കമെങ്കിലും


മഴക്കിനാവെല്ലാം മരിച്ചവേളയില്‍
വഴിക്കിണറുകള്‍ വരണ്ടു പോകവേ
കൊഴിഞ്ഞു വീണല്‍പ്പം മുറിഞ്ഞ വാക്കുകള്‍
പെറുക്കിയോര്‍മ്മയെക്കൊളുത്തിടട്ടെ ഞാന്‍


അകലെയംബരച്ചെരിവില്‍ നിന്നൊരാള്‍
ചുവന്ന കണ്ണടച്ചിരുട്ടു തുപ്പുന്നു
വഴിയരികിലെ വെളിച്ചമൊക്കെയും
കറുത്ത പാതകള്‍ കുടിച്ചു തീര്‍ക്കുന്നു
മിഴിച്ചിരാതില്‍ നിന്നൊലിച്ചിറങ്ങിയ
വ്യഥയിലമ്മമാര്‍ പുര നനക്കുന്നു
പഴയ പാതാളക്കരണ്ടികൊണ്ടാരോ
പുറത്തെടുക്കുന്നു നനഞ്ഞ സൗഹൃദം!


ഇടവഴികാളാണെനിക്കു പഥ്യമീ -
പ്പെരുവഴികളില്‍ പകച്ചു പോകവേ
കവി കനിഞ്ഞു, ചാറൊലിച്ച മാമ്പഴം
കളഞ്ഞ ബാല്യമായ്, മധുര മോഹനം
അകന്ന പാതകള്‍ അളന്നു നോക്കുവാന്‍
കഴിവതില്ലയെന്നറിഞ്ഞിടുമ്പൊഴും
അളന്ന പാതകള്‍ നടന്നു തീര്‍ക്കുവാ -
നൊരു പരിശ്രമം, വൃഥാവിലാകുമോ?


വിരലില്‍ നിന്നുറവെടുക്കുമക്ഷര -
പുഴയിലെന്മനം കുതിര്‍ന്നു നില്‍ക്കവേ
സമയഭേദമായ് കലങ്ങുമീ നിള
തെളിഞ്ഞു പിന്നെയും പതഞ്ഞു പായുന്നു...
പളുങ്കു കല്ലുകള്‍, ചെറിയ മീനുകള്‍
പരന്ന പായലിന്നിടക്കു പൂവുകള്‍
മുറിഞ്ഞ രാഗങ്ങള്‍, പകുതി പൊള്ളി വീ -
ണുടഞ്ഞ വാക്കുകള്‍ കടുത്ത നോവുകള്‍
വിരല്‍ തൊടുമ്പൊഴെന്‍ മിഴി പിടിക്കുമീ -
പ്രകൃതിയും കുറേ പ്രപഞ്ച സത്യവും
പഠിച്ചെടുക്കുവാനൊരുങ്ങവേ യിതാ -
ചിരിച്ചു മുന്നിലീ പുഴ കുതിക്കുന്നു!


ഉണര്‍ന്നിരിക്കയാണിവിടെ സൈബറിന്‍ -
തുറന്ന ജാലകപ്പടിയിലിപ്പൊഴും
എനിക്കുമുണ്ടല്‍പ്പം പറഞ്ഞു പോകുവാന്‍
തിരക്കൊഴിയുകിലൊടുക്കമെങ്കിലും!

Tuesday 14 February 2012

പങ്ക്



"മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു...
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന്
മണ്ണു പങ്കു വെച്ചു... മനസ്സ് പങ്കു വെച്ചു ...."
എന്ന് കവി.

പിന്നീടാണതുണ്ടായത് -
മണ്ണെല്ലാം ലോറി കയറിപ്പോയി..
മനസ്സ് കാടും..

സ്വല്‍പ്പം മണ്ണ് കടം ചോദിച്ചപ്പോള്‍
ദൈവം പറഞ്ഞു:
തനിക്കുള്ളതെല്ലാം 
മതങ്ങള്‍ക്കു കൊടുത്തെന്ന് ...
മത പ്രസ്താവനകളില്‍ ഇപ്രകാരവും:
പങ്കു മുഴുവനും 
ആരാധനാലയങ്ങള്‍ക്കും, ആതുര സേവനത്തിനും, 
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രം...!

ഇനിയും പങ്കുവെക്കപ്പെടാത്ത ഒരു മനസ്സുമാത്രം
ഇപ്പോഴും പിറുപിറുക്കുന്നുണ്ട് : 

ഒരു 'ജാതി' മതം...
ഒരു 'ജാതി' ദൈവം...
ഒരു 'ജാതി' മനുഷ്യന്‍...


ഒരു ദിനം കൂടി


ഈ രാത്രി ഉറക്കമൊഴിക്കാം
അധിക ജോലിക്ക് അധികം കൂലി
സേട്ട്‌ പറഞ്ഞതാണ് ..

കൈ കുഴയുന്നുണ്ടെങ്കിലും 
ജോലിയെല്ലാം ചെയ്തു തീര്‍ക്കേണ്ടേ..
മറ്റന്നാള്‍...
വാലെന്‍ഡയിന്‍സ് ഡേ...!

ഏറ്റവും പുതിയ ഗ്രീറ്റിംഗ് കാര്‍ഡുകള്‍
മുന്‍ നിരയില്‍ത്തന്നെ...
ഹൃദയചിത്രം പതിച്ച പട്ടുകുടകള്‍ 
ചുമരിനോട് ചാരി...
ഊഞ്ഞാലിലെ ലവ് ബേര്‍ഡ്സ്
...ഇങ്ങനെ.. തൂങ്ങി നില്‍ക്കട്ടെ..
പൂക്കൂടയിലെ ചുകന്ന ഹൃദയങ്ങള്‍
പതുക്കെ.. സ്വല്‍പ്പംകൂടി.. മേലേക്ക്...

നാളെ, അഡ്വാന്‍സിനോടൊപ്പം   
ചെറിയൊരു മിഠായിപ്പൊതി കൂടി
സേട്ടിനോട് ചോദിക്കണം!

അയ്യോ!
ചോക്കലേറ്റു  നിറച്ച ഹൃദയക്കൂടുകളില്‍
റിബ്ബണ്‍ കെട്ടി വെക്കാന്‍ മറന്നുപോയല്ലോ!
ചിന്തിച്ചു നില്‍ക്കേണ്ട..
മറ്റന്നാള്‍..
വാലെന്‍ഡയിന്‍സ് ഡേ...
ഇനിയും പണിയെത്രയാ ബാക്കി...

പ്ലാസ്റ്റിക് ഹൃദയങ്ങള്‍
തുന്നിച്ചേര്‍ത്ത്  വെക്കണം..
കടലാസ് ഹൃദയങ്ങള്‍ 
ഒട്ടിച്ചു നിര്‍ത്തണം..
ഹോ, 
ഈ ചുകന്ന ബലൂണ്‍ ഹൃദയങ്ങളുടെ കാര്യം.. 
ശ്രദ്ധിച്ചില്ലെങ്കില്‍...
സൂക്ഷിച്ചില്ലെങ്കില്‍ ...

എന്നാലും..
മറ്റന്നാള്‍..
ഹൃദയം തുന്നിക്കെട്ടുമ്പോള്‍..     
പൊട്ടിപ്പോകരുതേ...
ചോര  പൊടിയരുതേ ...
അനിയത്തിക്ക് നോവരുതേ ...
പറയണം, ഡോക്ടറോട്...
പ്രാര്‍ത്ഥിക്കണം...

ഇനി, ഒരു ദിനം കൂടി..

Wednesday 8 February 2012

എനിക്കും പറയാനുണ്ട്...!

 
(1) 
ഒരു വശത്ത് നിന്നും 
മറു വശത്തേക്ക് നോക്കുന്നവരാരും
എന്നെ കാണാറില്ല. 
എങ്കിലും,  
കൂട്ടിക്കുഴയാവുന്ന   പ്രശ്നങ്ങളില്‍നിന്നും
പലതിനെയും വേറിട്ട്‌ നിര്‍ത്തുന്നത്
അച്ചടക്കമുള്ള, കരുണയില്ലാത്ത
എന്റെ നില്‍പ്പ് തന്നെയാണ്.

പരസ്പരം സ്വാതന്ത്ര്യത്തെക്കുറിച്ച്
പുലമ്പുമ്പോള്‍ 
എന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചോര്‍ക്കാന്‍ 
ആര്‍ക്കു നേരം?

മഞ്ഞും മഴയും വെയിലുമേറ്റ്
രാവും പകലുമില്ലാത്ത എന്റെ നില്‍പ്പ്..
പ്രകൃതി ക്ഷോഭങ്ങളിലും യുദ്ധങ്ങളിലും
എനിക്കുള്ള വേദന... 
ആരറിയാന്‍?

എന്റെ ദുര്‍ബലതയെക്കുറിച്ച്  മാത്രമേ 
ആരും പറയാറുള്ളൂ, കേള്‍ക്കാറുള്ളൂ..
എഴുതാറുള്ളൂ, വായിക്കാറുള്ളൂ...
ഞാന്‍ വെടിയുണ്ടകളേറ്റുവാങ്ങുന്നതും 
അപകടങ്ങളെ വാരിപ്പുണരുന്നതും
ബോംബുവര്‍ഷങ്ങളില്‍ രക്തസാക്ഷിയാവുന്നതും  
നിങ്ങളറിയുന്നുണ്ട് ..
അതിക്രമിച്ചു കയറുന്നവര്‍ക്കുപോലും
ഞാനൊരു താക്കീതല്ല..
തടസ്സമാണത്രെ  ..!

പരസ്യം ചെയ്യാന്‍...
കുപ്പക്കൂമ്പാരം ചേര്‍ത്തു വെക്കാന്‍..
വേശ്യകളുമായി വിലപേശാന്‍..
മുറി ബീഡിയും പാട്ട വെള്ളവുമായി 
കുന്തിച്ചിരിക്കാന്‍  പോലും...
നാണമില്ലാതെ....

എന്നാലും
പക്ഷം ചേരാത്ത 
എന്റെ അസ്തിത്വത്തെക്കുറിച്ചെങ്കിലും   
എന്നെങ്കിലും, 
ആരെങ്കിലും, 
ഒരു വാക്ക്.....

 
(2) 
ഞാനിങ്ങനെയൊക്കെ പറഞ്ഞുപോകുമെന്നാണ്
നിങ്ങള്‍ കരുതിയതല്ലേ..
എന്നാല്‍ നിങ്ങള്‍ക്കു തെറ്റി..

അടിമകളുടെ സങ്കടവും
ആദിവാസി മൌനവും രുചിക്കുന്നതുപോലെ
ഇത് കേട്ട് നിങ്ങളങ്ങനെ സുഖിക്കണ്ട..!

എന്റെ ശിലാജാഡ്യതയില്‍
ദൃഡനിശ്ചയമുണ്ട്
എന്റെ മൂകത രാക്ഷസമൌനമാണ് ..
ഒരു കശേരു.. ഒന്നിളക്കിയാല്‍ മാത്രം മതി..
മഹാപ്രളയത്തിന്  ...
പലായനങ്ങള്‍ക്കും വിഘടനവാദങ്ങള്‍ക്കും
ചാരവൃത്തിക്കും എനിക്ക് വഴി തുറക്കാം...
പോരാട്ടങ്ങളില്‍..
നിങ്ങളിലാരേയും എനിക്ക് തോല്‍പ്പിക്കാം...
പുത്തന്‍ ജാലിയന്‍വാലാബാഗുകള്‍ കണ്ട്
നിങ്ങളെ ചുറ്റിനിന്നെനിക്ക് ചിരിക്കാം...
എന്തിനധികം!
നിങ്ങള്‍ മറഞ്ഞിരിക്കുമ്പോള്‍..
തലയിലേക്ക് ഒരു കല്ലടര് മാത്രം മതി....

നിങ്ങളുടെ പുത്തന്‍തലമുറതന്നെ
വീണ്ടുമെന്നെ  കെട്ടിപ്പൊക്കും...
എന്റെ സാന്നിദ്ധ്യമില്ലാതെ   
അവര്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയും? 

അതിനാല്‍, സൂക്ഷിക്കുക..
നിങ്ങള്‍ ഇരിക്കുമ്പോഴും കിടക്കുമ്പോഴും
ഞാന്‍ നില്‍ക്കുകതന്നെയാണെന്ന് ..
എന്റെ മനപ്പൂര്‍വ്വമുള്ള മൌനം
അപകടകരമായേക്കാമെന്ന്  ..

ഓര്‍ക്കുക..!
എനിക്കും രണ്ടു വശമുണ്ടെന്ന്....