Monday, 29 July 2013

ചാലക്കുടിപ്പുഴ

അകലെനി 'ന്നാനമല' ചുരത്തുന്ന
അമൃതുപോലൊരു പുഴ ചിരിക്കുന്നു
ഒഴുകി, വാഴച്ചാലതിരപ്പിള്ളികൾ  
തഴുകി, ചാരുവാമവൾ കുതിക്കുന്നു 

അവളെയെല്ലാരുമറിയുന്നു, 'ചാല -
ക്കുടിപ്പുഴ' യെന്നു വിളി മുഴങ്ങുന്നു 
അവൾക്കുണ്ടാറുപനദികളെന്നാലു -
മവൾ പെരിയാറിൽ വിലയമാകുന്നു 

പിറന്നുവീണിട്ടുണ്ടിവളിലും ജീവ-
പ്രപഞ്ചസത്യമാം പ്രകടരൂപങ്ങൾ 
പിഴച്ചുപോരുന്നുണ്ടിവളെയാശ്രയി-
ച്ചൊരു ദശലക്ഷം മനുഷ്യ ജന്മങ്ങൾ 

ഇവളീ നാടിനെ ജലസമൃദ്ധിയാൽ 
തഴച്ചുണർത്തിയ പഴയ കാളിന്ദി
കളങ്കമേശാത്ത കനിവുമായ്, ഗ്രാമ-
വിശുദ്ധി കാത്തൊരു ഹരിതനന്ദിനി 

മനം പൊട്ടിക്കരഞ്ഞിനിയും തോരാത്ത 
മിഴിയുമായ്‌ ദൂരെ കിഴക്കുണരുമ്പോൾ 
തല പൊട്ടിച്ചോരയൊലിച്ചിറങ്ങിയ
കവിതയായ്  'കാതിക്കുടം' വിളിക്കുന്നു 

പരിസ്ഥിതി - ജല മലിനവു, മതി-
ഗുരുതരം രോഗ ദുരിത പീഡയും 
കൊതിയടങ്ങാതെ പിടിച്ചു തിന്നുന്നു-
ണ്ടിവിടെ ജീവനെ, ചതിച്ച കാലമേ

ജനിമൃതികളെ തിരുത്തുവാൻ നയം 
തുടരുമെങ്കിലീ സമരഭൂമിയിൽ 
മരിച്ചു വീണിടാം, പിറന്ന മണ്ണിലെ 
വിഷനിലങ്ങളിൽ, പൊരുതി ജീവിതം

വളരുമീസ്ഥിതി കെടുത്തിടാത്തൊരു 
ഭരണകൂടമേ നിനക്കു മാപ്പില്ല 
മലിനമായ് പുഴ വിളറി നീലച്ചൊ -
രുടലുമായിതാ പുളച്ചു പായുന്നു 

ജലമൂറ്റിക്കുടിച്ചടുത്തുണ്ടിപ്പൊഴും
'ജലാറ്റി' നെന്നൊരു കടുത്ത കാളിയൻ 
കഴുത്തറുക്കണമവന്റെ പാശത്താൽ
വരിഞ്ഞു കെട്ടണം കുടിലനീതിയെ

വിടില്ല നിങ്ങളെയൊരിക്കലും, 'ചാല-
ക്കുടിപ്പുഴ' നിണമണിഞ്ഞൊഴുകിലും
ഇതു 'പ്ലാച്ചിമട' പകർന്ന ധീരത
ഇതു 'കാതിക്കുടം' കടഞ്ഞ വീരത


Friday, 19 July 2013

കർക്കിടകം

മുത്തശ്ശി മിഴിയടച്ചൊരു 
മൗനസന്ധ്യയിൽ 
തിരി നനയ്ക്കും വിളക്കിൽ
കാറ്റു കണ്ണു പൊത്തിക്കളി-
ച്ചൊരു മഴക്കാലം...
പിള്ളക്കർക്കിടകം

ഇരുളിൽ നിന്നിറയത്തു
മിഴിനട്ടു മകനെത്തിരയുന്നൊ -
രമ്മതന്നിമയുടക്കും 
കൂരിരുൾ വഴിത്താരയി-
ലിരമ്പി നിന്നുറയുന്ന
പെരുമഴക്കാലം...
തള്ളക്കർക്കിടകം

'ശീപോതി' വേഷമി-
ട്ടാടിത്തിമർത്തു കൊ-
ണ്ടർബുദം വാരി വിതറി
പെരും വെള്ളത്തി-
ലാറാടി നില്ക്കുന്ന
'പൊട്ടി' യാട്ടങ്ങളിൽ...
കള്ളക്കർക്കിടകം  

കറുക, വിഷ്ണുക്രാന്തി,
പൂവാംകുറുന്നില
തിരുതാളി, കയ്യുണ്ണി,
ചെറൂള, നിലപ്പന
ഉഴിഞ്ഞ, മുയൽച്ചെവി,
മുക്കുറ്റി ചേരുന്ന
ദശപുഷ്പ കഞ്ഞിയ്കു
വിപണി തേടുന്ന നാൾ...
രോഗക്കർക്കിടകം  

താള്, തകര, ചേന,
ചേമ്പ്, പയറ്, ചീര,
കുമ്പളം, മത്തൻ,
ആനത്തുമ്പ, തഴുതാമ,
ചേർത്തു പത്രക്കറി-
മാത്രമുണ്ണാൻ വിധി-
യിട്ട മാളോർ നന-
ഞ്ഞൊട്ടി നില്ക്കുംകാലം...
പഞ്ഞക്കർക്കിടകം

ശാലു, സരിതാ, സലിം
ജോപ്പ, ജാക്കു, ബിജു,
ശ്രീധര, നുമ്മൻ, തിരു-
വഞ്ചൻ, കുരുവിള 
സൂര്യൻ പിഴപ്പിച്ച 
കഷ്ടകാലത്തിന്റെ 
പത്തു ദോഷങ്ങളായ് 
കേരള ജാതകം... 
ആരറിയുന്നുത്ത-
രാധുനിക കാണ്ഡങ്ങൾ?
ആരു വായിക്കുന്നു 
പുതിയ രാമായണം?
പന്നക്കർക്കിടകം !