Tuesday, 25 December 2012

ടൈംസ് ഓഫ് ഇന്ത്യ

വര്‍ത്തമാനം നിറയ്ക്കുന്ന കാഴ്ചകള്‍
കുത്തിനിര്‍ത്തിയ നെഞ്ചുമായെത്തുന്ന-
പത്രമെന്തേ വിറയ്ക്കുന്നു? ഞായറിന്‍ -
ചിത്തമാരോ മുറിയ്ക്കുന്നു പിന്നെയും?
ദില്ലിയില്‍ രാത്രിയില്‍, പകല്‍ മുംബൈയില്‍...
ലിഫ്റ്റി,ലാപ്പീസി, ലേണിപ്പടികളില്‍...
ബസ്സി, ലാശുപത്രിക്കട്ടിലില്‍, റോഡി-
ലൊക്കെയും കീറി നീറുന്നു ജീവിതം!
പേരു പറയില്ലിവര്‍ പത്രധാര്‍മ്മികര്‍!
നാരിതന്‍ ഭാവശുദ്ധി കാക്കുന്നവര്‍...
ചോര വാര്‍ന്നുപോം ചിത്രം പിടിച്ചൊരാ-
നേരനുഭവമാകെപ്പരത്തിയോര്‍!
രക്ഷതന്‍ ചരടറ്റുപോയ്‌ , രക്ഷകര്‍
'രാഖി' കെട്ടിയും രാവു പങ്കീടുന്ന -
കൂത്തരങ്ങായി നാറുന്നൊരിന്ത്യയില്‍
കാത്തുനില്‍ക്കുന്നിതാരെ നീ സോദരീ?
നിലവിളിക്കേണ്ട, കേള്‍ക്കില്ല രോദനം
ബധിരമായ്ത്തീര്‍ന്നു കര്‍ണ്ണങ്ങളൊക്കെയും
ഇനിയൊരാളും പുനര്‍ജ്ജനിച്ചെത്തില്ല
കനിവുവറ്റി വരണ്ടുപോയ്‌ ഭൂതലം...
അച്ഛ,നമ്മാവ, നാങ്ങളയെന്നുള്ള
ഒച്ച കേള്‍ക്കേ, മയങ്ങാതിരിക്കുക..
മുളകുപൊടി, നഖംവെട്ടി, പേനക്കത്തി,
തോക്കുപോലും കരുതണം യാത്രയില്‍..
കാമവെറിയന്റെ കണ്ണു പൊട്ടിക്കണം...
പിഴുതെറിഞ്ഞീടണം ജനനേന്ദ്രിയം...
ചൂടനുഭവം കോരിക്കുടിച്ചുകൊ -
ണ്ടാര്‍ത്തി തീര്‍ക്കട്ടെ മാധ്യമക്കോമരം!
കനലെരിയട്ടെ ദില്ലിയില്‍, മുംബൈയില്‍
ഗല്ലികള്‍തോറുമോരോ ഹൃദന്തവും...
വെട്ടി വീഴട്ടെ നീതിശാസ്ത്രത്തിന്റെ -
കാവല്‍ പട്ടികള്‍, വാഴുന്ന തെണ്ടികള്‍ !


കല്യാണ്‍

തല വടക്കോട്ടായ് 
മലര്‍ന്നു വീണവള്‍
ഗഗന പാതയാല്‍
സ്തനങ്ങള്‍ കെട്ടിയോള്‍
പണിയെടുക്കുന്നോര്‍
പണിക്കു പോകുന്നോര്‍
പണി കൊടുക്കുന്നോര്‍
പണിഞ്ഞു പോരുന്നോര്‍
മുലകളില്‍ തട്ടി-
യിടയിലൂടൊലിച്ചി-
റങ്ങിവീണലിഞ്ഞൊ-
ഴിഞ്ഞു പോകുമ്പോള്‍
ഇടതുകാല്‍ 'കസാ-
റ'* യിലുടക്കിയും
വലതിനെ 'കര്‍ജത്തി' * -
ലെടുത്തു നീട്ടിയും 
നിവര്‍ന്നു നില്‍ക്കുവാന്‍
നിവൃത്തിയില്ലാതെ
കിടക്കയാണിവള്‍
തെരുവു വേശ്യപോല്‍...
അരിച്ചു കേറുന്നു-
ണ്ടിവള്‍ക്കു കാലിലൂ-
ടൊരു കരിക്കുന്നന്‍...
പുഴുക്കള്‍ , തേരട്ട...
ഇവള്‍ക്കുടയാട
കൊടുത്തതില്ലാരും..
ഇരുളു നീങ്ങുവാന്‍
വെളിച്ചമില്ലാതെ,
കുളിപ്പിക്കാനാരും -
തുനിയാ,തിത്തിരി-
കുടിവെ ള്ളംകിട്ടാ-
ക്കുഴല്‍ വരണ്ടവള്‍...
കവച്ച കാലുകള്‍-
ക്കിടയിലെ യോനീ-
തടത്തിലിപ്പോഴും
കറുത്ത നീതിതന്‍
വെളുത്ത കയ്യുകള്‍
പണിതൊരുക്കയായ്
പുതിയൊരുദ്യാനം!
സമൂഹ സേവനം!!
'ശവത്തെ ഭോഗിക്കും
പുതിയ കാല'മെ-
ന്നുരച്ചു പോയൊരു-
കിളി പറക്കുന്ന
വിളറു മാകാശം
തുറിച്ച കണ്‍കളി -
ലുടക്കി, നാറുന്ന-
മുറിവുമായി നീ..
കിടക്കുമെത്ര നാള്‍?
കഴിയുകില്ലെന്റെ
മൊഴിയടക്കുവാന്‍...
മിഴിയടച്ചൊന്നു
കടന്നു പോകുവാന്‍...
എനിക്കൊരിക്കല്‍ നീ-
യഭയം തന്നവള്‍...
സഹിക്കുവാനായി
പിറന്നതിന്ത്യയില്‍!


(മദ്ധ്യ റയില്‍വേയുടെ കല്യാണ്‍ ( ജങ്ങ്ഷന്‍) സ്റ്റേഷനില്‍ നിന്ന് റയില്‍ പാതകള്‍ രണ്ടാകുന്നു.
ഒന്ന്, "കസാറ" വഴി ഡല്‍ഹി ഭാഗത്തേക്കും, മറ്റൊന്ന്, "കര്‍ജത് " വഴി പൂനെ ഭാഗത്തേക്കും പോകുന്നു.)