Friday 13 April 2012

ഞങ്ങള്‍ക്കെല്ലാം ഒറിജിനലാണേ...


മറാഠ മണ്ണിന്‍
മണമിയലുന്നവ
ഗുജറാത്തിന്‍ മധു
പേറി വരുന്നവ
ഉത്സവകാല -
ച്ചിരി വിളയാടും
മൂത്തു മുഴുത്തവ
പച്ചക്കറികള്‍..

തമിഴകമേകും
പൂക്കണിമലകള്‍
കൊങ്കണി പാടും
ഇളനീര്‍ക്കുലകള്‍..
ആന്ധ്രക്കനിവായ്
പഴവര്‍ഗ്ഗങ്ങള്‍...
ഞങ്ങള്‍ക്കെല്ലാം
ഒറിജിനലാണേ...!

വാങ്ങിയതിത്തിരി
കൊന്നപ്പൂക്കള്‍
ഇക്കൊല്ലം, വില
കൂടിപ്പോയോ...
ഇരുപതു രൂപ
കൊടുത്താലെന്താ...
വാടീട്ടില്ലിവ
പ്ലാസ്റ്റിക് പൊതിയില്‍..
എന്തു തിരക്കാ-
ണെങ്കിലുമെന്തേ..
ഞങ്ങള്‍ക്കെല്ലാം
ഒറിജിനലാണേ...!

ഒരു നിമിഷം നീ
'ഹോള്‍ഡോണാ'വൂ..
'മെസ്സേജ'നവധി
വിടുവാന്‍ ബാക്കി...
"...യേതൊരു ധൂസര -
ദിന-രാത്രിയിലും
മനമതിലേറ്റുക
ഗ്രാമ വെളിച്ചം,
മണവും മമതയു -
മിത്തിരി കൊന്ന-
പ്പൂക്കളു, മെന്നും -
വിഷു...., യു ഹാപ്പി...!..."

ഇതു കേട്ടൊരുപൂ
വഴിയില്‍ വീണു
പെറുക്കാന്‍ നേര-
മുറക്കെയുരഞ്ഞു
നിന്നെക്കണി കാ-
ണുന്നതില്‍ ഭേദം,
ഈ വഴിവക്കി -
ലൊടുങ്ങുകയല്ലേ?

ആശ്വാസം! വീ -
ണതു പൂവാണേ..
'കുപ്പി' യതാണേല്‍
ഇരുനൂറാണേ -
പോവുക, പൂവിതു,
പിന്നെയൊരിക്കല്‍...
'മെസ്സേജു'കളു -
ണ്ടിനിയുമയക്കാന്‍!

ഞങ്ങള്‍ക്കെല്ലാം
ഒറിജിനലാണേ..!




2 comments:

  1. എന്നാലെനിയൊരു മറുമൊഴി എഴുതാം,
    എന്നുടെ വായില്‍ വന്നത് പോലെ..
    വായിച്ചൊട്ടു ചിരിച്ചു ,കവിത ഈണം,
    നല്ലൊരു താളം വേറെ ..
    നേരാം നല്ലൊരു വിഷു ആശംസ,
    ഇവിടേം എല്ലാം ഒറിജിനലാണേ..!

    ReplyDelete
  2. എല്ലാം ഒറിജിനല്‍....നന്നായിട്ടുണ്ട് കുഞ്ചാ

    ReplyDelete