Sunday 15 April 2012

ഉഷ്ണസ്ഥലികള്‍


ശ്യാമഗാത്രിയാം രാവിന്‍, നിമ്നോന്നതങ്ങളില്‍
രാക്കുയില്‍ പാട്ടില്‍, വിഷധൂളിതന്‍ ദുരാശകള്‍
മുറിച്ചുകീറി, ഘടികാരസൂചിയെന്‍ വര്‍ണ്ണ -
ച്ചിത്രസ്വപ്‌നങ്ങള്‍ നെയ്ത രാക്കരിമ്പടത്തിനെ..

സ്വനഗ്രാഹിയാം 'ഷവറൊ' ഴുക്കും ജലഭേരി,
കുതിരും സംഗീതത്തില്‍ നനഞ്ഞു കാക്കക്കുഞ്ഞായ്
ഭക്ഷണം ക്ഷണമെന്നാരോ പഠിപ്പിക്കുന്നൂ, കാല -
ഭയമെന്നെയുമൊരു 'സാന്‍ഡ്‌വിച്ചി'ലൊതുക്കുന്നു.

ഭിക്ഷ യാചിച്ചെത്തിയൊരുണ്ണിതന്‍ നിഴലിനെ -
ത്തട്ടിമാറ്റിയ കുതിപ്പെന്തിനെന്നോര്‍ക്കാന്‍പോലും
നേരമില്ലൊട്ടും, വണ്ടി കിട്ടിയില്ലെങ്കില്‍, തെണ്ടി -
യാകുവാനതു മതി, 'മാന്ദ്യ'മാണെല്ലാദിക്കും...

തലയില്‍ തട്ട്, കണങ്കാലിലോ മുട്ട്, പുറ -
സ്സഞ്ചിയാലൊരു തള്ളല്‍; ഉള്ളിലോ പുറത്തോ ഞാന്‍?
വീണ്ടെടുത്തെന്നെ ശ്വാസനാളത്തിലുടക്കിയ -
ശബ്ദവും, വിയര്‍പ്പിന്റെ ഗന്ധവാഹിനിക്കുള്ളില്‍...

മുന്നിലോ, മുറുമുറുക്കുന്നൊരാള്‍, അരിയും തിന്നാ -
ശാരിയേയും കടിച്ചലയും മൃഗത്തെപ്പോല്‍
പ്രാന്തദേശത്തില്‍ വണ്ടി പിന്നെയും നിറയ്ക്കുന്നു
മാടുപോലൊടുങ്ങാത്ത ജീവിത സഞ്ചാരങ്ങള്‍ ...

ഭ്രാന്തസങ്കേതത്തിന്റെ പിടിയില്‍ പിടയ്ക്കുന്ന
പാന്ഥരാമാക്രാന്തത്തിന്‍ കൊഴിയാനിഴലട്ടകള്‍
തിരക്കില്‍, തിരനോട്ടത്തിന്‍ തിമര്‍പ്പില്‍, സുഖാലസ്യ -
ക്കുരുക്കില്‍ കടംകൊണ്ട പുത്തനാം ചാവേറുകള്‍...

ജനവാതിലില്‍ തുപ്പിത്തെറിച്ച മുക്കൂട്ടുകള്‍
പോയകാലത്തിന്‍ പാപക്കറയാം സമ്മാനം പോല്‍
വശ്യമാം പരസ്യങ്ങള്‍, ഫോണക്കക്കൊളുത്തുകള്‍
കോര്‍ത്തതാരുടെ മാനം; അമ്മയോ നേര്‍പെങ്ങളോ?

പ്രണയംപോലുമെത്ര നിസ്സാരം, നിരത്തിന്റെ -
പുളയും വളവില്‍ വിസ്മരിക്കും വികാരങ്ങള്‍...
ഹസ്തദാനത്താല്‍ ചതിച്ചിരികള്‍ ചുരത്തുന്ന
വ്യക്തിസ്വത്വങ്ങള്‍, വിഷബീജസംക്രമണങ്ങള്‍...

പ്രണവം പോലുമല്പവേളതന്നാഘോഷമാ -
യണിയും നിരച്ചാര്‍ത്തിലൊരു വിസ്മയം മാത്രം...
യന്ത്രമന്ത്രങ്ങളുഷ്ണക്കാടുകള്‍ പെരുക്കുന്നു
അശാന്തമസ്വസ്ഥമാം കാലത്തിന്‍ നെടുവീര്‍പ്പും!

വ്യവസായത്തിന്‍ കരിമ്പാതകള്‍ തോറും പായും
തേര്‍ക്കുതിരകള്‍, തിമിരംതിന്ന വിളക്കുകള്‍...
സിഗ്നലില്ലാതെന്‍  വണ്ടി നിന്നുപോയിടക്കൊന്നു -
കൂകുവാന്‍ മറന്നുപോയ്‌, കിതച്ചു പാഞ്ഞു വീണ്ടും...

വഴിയിലെന്നെയും വിസര്‍ജ്ജിച്ചുപോം വിദ്യുത് സര്‍പ്പ-
ജഠരാഗ്നിയിലേതു കുഞ്ഞാര്‍ത്തു കരയുന്നു?
നേരമില്ലാര്‍ക്കും വിളി കേള്‍ക്കുവാന്‍ വണ്ടിച്ചക്ര -
രോദനങ്ങളില്‍ പണ്ടേ ചതഞ്ഞു മരിച്ചോര്‍ നാം!

രക്ഷകരാകുമവതാരങ്ങള്‍, കാലത്തിന്റെ -
ലക്ഷണം പറഞ്ഞവര്‍, പ്രത്യയശാസ്ത്രോക്തികള്‍
പേറുന്ന മൌനം ഭേദിച്ചെത്തെട്ടെ കുഞ്ഞേ നിന്റെ
വേദന പെറ്റമ്മതന്‍ നീറ്റലായ്‌ പടരട്ടെ!

രാത്രിവണ്ടിയെന്‍ ജഡവും വീട്ടിലേക്കെടുക്കുമ്പോള്‍
വേണ്ട, തീര്‍ക്കേണ്ട, പുത്തന്‍ ചിതതന്നുഷ്ണസ്ഥലി...
ജീവിതം കത്തിത്തീര്‍ന്നൊരീകബന്ധങ്ങള്‍ക്കിനി-
വേണ്ടതീമണ്ണിന്‍മാറിലിത്തിരി ജലസ്പര്‍ശം!


3 comments:

  1. യാത്രാവസാനം എവിടെയുണ്ടൊരു വിശ്രമം...അല്ലേ

    ReplyDelete
  2. "നേരമില്ലൊട്ടും, വണ്ടി കിട്ടിയില്ലെങ്കില്‍, തെണ്ടി -
    യാകുവാനതു മതി, 'മാന്ദ്യ'മാണെല്ലാദിക്കും..."

    ജീവൻ തുടിക്കൊന്നൊരു ചിത്രം

    ReplyDelete