Thursday 19 April 2012

സ്നേഹിതക്ക്‌

പ്രിയ സ്നേഹിതേ...
നീയെനിക്കാര്, ചൊല്ലൂ...!

ഒരു വിളിയില്‍, മൌനം 
മുറിക്കുമ്പോഴും,
മൃദു മൊഴിയിലൊരു നോ-
വുണങ്ങുമ്പോഴും,
ജനലഴിതൊടും  പനീര്‍ -
പ്പൂവുപോല്‍ പിന്നെയും,
ജനുവരിയോരോര്‍മ്മയാ -
യുണരുമ്പോഴും,
പ്രിയ സ്നേഹിതേ...
നീയെനിക്കാര്,  ചൊല്ലൂ!

തര്‍ക്കുത്തരങ്ങളില്‍
തൂങ്ങിനിന്നും, കളി -
ച്ചിരിമഴയിലേക്കു കാല്‍-
വഴുതിവീണും,
അകലെയാകാശ സ-
ഞ്ചാരിതന്‍ ചിറകടി -
ച്ചിതറലില്‍ ജനിമൃതി-
യളന്നെടുത്തും, 
ഏതോ വിരുദ്ധ തീ-
രങ്ങളില്‍ നിന്നൊരേ -
ചേതോവികാരമായ്
മാറി നമ്മള്‍..
നഗരവഴിവക്കിലൂ -
ടൊഴുകുന്ന പുഴകളില്‍
നൌകകള്‍ മറന്നു, തുഴ -
യുന്നിതെന്നും... 
പ്രിയ സ്നേഹിതേ...
നീയെനിക്കാര്, ചൊല്ലൂ!

വിരസമാം പകലുകള്‍..
വ്രണിതമാം സന്ധ്യകള്‍..
വിരഹാര്‍ദ്രമാം
രാവറുക്കുവാനായ്..
അര്‍ത്ഥശൂന്യങ്ങളാം 
വാചാലതക്കുമേല്‍ 
സ്വപ്‌നങ്ങള്‍ ചാലി-
ച്ചെടുത്തു നമ്മള്‍...
ശൂന്യതയിലൂളിയി -
ട്ടാഴങ്ങളില്‍ ചെന്നു
മുത്തുകള്‍ തിരഞ്ഞു
മുന്നോട്ടു നീങ്ങേ,
സ്വരമല്ലപസ്വര-
രാഗവിസ്താരങ്ങള്‍ 
ജീവിതാസക്തിയായ്
തീര്‍ന്നതെന്തേ?
പ്രിയ സ്നേഹിതേ...
നീയെനിക്കാര്, ചൊല്ലൂ!

വേനലും വര്‍ഷവും
ആര്‍ദ്രമാമാതിരയു -
മിനിയുമെതിരേറ്റിടാം
കാലഭേദം...
സ്നേഹിതേ, പിരിയുകി -
ല്ലൊരുനാളു, മെന്നുള്ള 
വാക്കിലുണ്ടോ, പ്രണയ -
സൂര്യതാപം?
ഇലകള്‍ പൊഴിയുന്ന ചുടു-
ജീവിതക്കാടുകളില്‍ 
ഇനിയുള്ളതൊരുപകുതി
പച്ച മാത്രം!
നീയെനിക്കാരെന്തു -
മായിരുന്നാലുമീ -
മദ്ധ്യാഹ്ന ഗീതം
നിനക്കു സ്വന്തം!
പ്രിയ സ്നേഹിതേ...
നീയിനിയെന്തുചൊല്ലും!
പ്രിയ സ്നേഹിതേ....
പ്രിയ സ്നേഹിതേ....


6 comments:

  1. "നീയെനിക്കാരെന്തു -
    മായിരുന്നാലുമീ -"

    കവിത മനോഹരമെന്നു
    ചൊല്ലട്ടെ ഞാനും

    ReplyDelete
    Replies
    1. ഗഗന ചാരിയാമൊരു ഗാനമുണ്ടു നിൻ ഗ്രീഷ്മ മധ്യാഹ്ന കവിതയെ തൊടുന്നു

      Delete
  2. കവിത നന്നായിരുന്നു
    കുറച്ചുകൂടി നീട്ടം കുറയ്ക്കാമായിരുന്നു

    ReplyDelete
  3. ആഹാ...എന്തുഭംഗി. എത്ര മനോഹരം

    ReplyDelete
  4. gagananachariyamoruganamundunin
    greeshma madyahnakavithayethodunnu..........all the best

    Monu velayat

    ReplyDelete