Friday 4 May 2012

പ്രതീക്ഷ

പുതിയ കാഴ്ചകള്‍ നിറയുന്നു ചുറ്റിലും
പഴയ കണ്ണില്‍ പരിഭ്രമക്കൂടുകള്‍
നിറകതിര്‍ പുഞ്ചിരിക്കാത്ത ജീവിത -
ക്കരിനിലങ്ങള്‍, ചുവക്കുന്ന വാക്കുകള്‍
ഇന്നലെകള്‍ കുടുങ്ങിയകണ്ണുകള്‍
പിന്‍നിലാവുകള്‍ ഭൂതസഞ്ചാരങ്ങള്‍ 
പണ്ടു ചായം കൊടുത്ത ചിത്രാംബരം
നാളെ നേടാന്‍ നനയ്ക്കും പ്രതീക്ഷകള്‍

തോരണം ചാര്‍ത്തി നില്‍ക്കുന്ന സന്ധ്യകള്‍
തേനില്‍മുക്കിച്ചിരിച്ച വാഗ്ദാനങ്ങള്‍
യാത്രകള്‍ വൈകിയാല്‍, വഴിതെറ്റിയാല്‍
പേക്കിനാക്കള്‍ ചുരത്തുന്ന വീഥികള്‍
വറുതി മാത്രം മരിക്കാത്ത നാളുകള്‍
വാതുകള്‍, വിലപേശുന്ന വേളികള്‍
കാരണം കടഞ്ഞെത്തുന്നതിന്‍ മുന്‍പ്
പാതി തുപ്പുമന്വേഷണാവര്‍ത്തനം

പോക്കുവെയിലില്‍ത്തളരും ധമനികള്‍
നോക്കിനും കൂലി തേടുന്ന വേലകള്‍
ഭാഷയും, ഭോഗ - ഭക്ഷണാസക്തിയും
ഘോഷമാക്കുന്ന കാഴ്ച്ചബംഗ്ലാവുകള്‍
യന്ത്രസങ്കേത സാഗരം കനിയുന്ന
തന്ത്രവിദ്യതന്‍ ചാകരക്കോളുകള്‍
പുതിയ വേഷങ്ങള്‍, ഭൂഷകള്‍, വാഹന -
ക്കൊതി, നുരയ്ക്കുന്ന മാദകരാത്രികള്‍

ഇനിയുമിവിടെയുണ്ടേറെപ്പ്രദര്‍ശന-  
നിരകളായ്ത്തീര്‍ന്ന കണ്‍കെട്ടു വിദ്യകള്‍
വെറുതെവീണ്ടു മുള്‍ക്കണ്ണു പായിക്കവേ
മനമൊരോര്‍മ്മക്കടലുനീന്തുന്നുവോ?

ഹരിതസാനുക്കള്‍, പുഴകള്‍, കിളിപ്പാട്ട്‌
പഴയ പട്ടണം, കട കടാ വണ്ടികള്‍
പുലരിമഞ്ഞില്‍പ്പുതച്ചനെല്‍വയലുകള്‍
തോട്ടുവക്കില്‍ ചിരിച്ച പൂക്കൈതകള്‍
ചിതലെടുത്ത വിദ്യാലയച്ചുമരുകള്‍
മഷി കുടഞ്ഞിട്ട ബാല്യശേഷിപ്പുകള്‍
ഉയരുവാന്‍ നമിക്കേണമെന്നുരുവിട്ട
പഴയമൊഴികളാം മധുരനെല്ലിക്കകള്‍

വിനയവും സദാചാരവും ജീവിത -
പ്രേമവും മാതൃഭാഷയും, മൂല്യവും
വിശ്വസംസ്ക്കാര പാലകരാകുവാന്‍
വീറുണര്‍ത്തിച്ച വാക്കും പ്രവൃത്തിയും
വീണുപോയോ കളഞ്ഞോ കവര്‍ന്നുവോ  
മണ്ണടിഞ്ഞോ മനം മരവിച്ചുവോ
ഇന്നലെയില്‍ക്കുടുങ്ങിയ കണ്ണില്‍ നി-
ന്നിത്തിരിക്കണ്ണുനീരടര്‍ന്നിറ്റുവോ? 

പുതിയ കാഴ്ചകള്‍ പടരുന്നു ചുറ്റിലും
പഴയ കണ്ണില്‍ പരിഭ്രമക്കാടുകള്‍
നിറനിലാവണിഞ്ഞീടാത്തജീവിത -
പ്പെരുവഴിയില്‍ച്ചുവക്കുന്നു വാക്കുകള്‍

ഇന്നു ചായം കൊടുക്കുന്ന ജീവിത -
ച്ചിത്രണങ്ങളില്‍ സ്വപ്നം കലര്‍ത്തുക
പിന്‍ നിലാവില്‍ നിന്നൂറുന്ന രശ്മികള്‍
മുന്നിലേക്കു തിരിച്ചു വിട്ടേക്കുക
നേരുചീന്തിപ്പറിച്ചു കാണിയ്ക്കുവാന്‍
മധുരമില്ലാത്ത വാക്കു കൂര്‍പ്പിക്കണം
വരികളില്‍ കണ്ണു കുതറി മാറുമ്പോഴും
ഇരുവരികള്‍ക്കിടയ്ക്കു വായിക്കണം

ഇന്നലെയെത്തിരുത്തട്ടെ തൂലിക
ഇന്നിനൊപ്പം ചലിക്കട്ടെ ചിന്തകള്‍  
വേര്‍പ്പുനീരില്‍ക്കുതിരട്ടെ ഭൂമിക
നേരറിവായ്‌ പുലരട്ടെ നാളെകള്‍ 
കോര്‍ത്തുവെച്ചിടാം വീണ്ടും പ്രതീക്ഷകള്‍  
കാത്തുനില്‍ക്കുക, കാലം കുതിക്കയായ്,
മെല്ലെ മെല്ലെ കിഴക്കിണിക്കോലായില്‍
കുങ്കുമപ്പൂ വിരിഞ്ഞു കാണും വരെ...!



1 comment:

  1. ആശയഗാംഭീര്യവും സൌകുമാര്യവും നിറഞ്ഞ ഇത്തരം കവിതകള്‍ വായിക്കുന്നത് വളെരെ സന്തോഷകരം തന്നെ

    ReplyDelete