Tuesday 25 December 2012

ടൈംസ് ഓഫ് ഇന്ത്യ

വര്‍ത്തമാനം നിറയ്ക്കുന്ന കാഴ്ചകള്‍
കുത്തിനിര്‍ത്തിയ നെഞ്ചുമായെത്തുന്ന-
പത്രമെന്തേ വിറയ്ക്കുന്നു? ഞായറിന്‍ -
ചിത്തമാരോ മുറിയ്ക്കുന്നു പിന്നെയും?
ദില്ലിയില്‍ രാത്രിയില്‍, പകല്‍ മുംബൈയില്‍...
ലിഫ്റ്റി,ലാപ്പീസി, ലേണിപ്പടികളില്‍...
ബസ്സി, ലാശുപത്രിക്കട്ടിലില്‍, റോഡി-
ലൊക്കെയും കീറി നീറുന്നു ജീവിതം!
പേരു പറയില്ലിവര്‍ പത്രധാര്‍മ്മികര്‍!
നാരിതന്‍ ഭാവശുദ്ധി കാക്കുന്നവര്‍...
ചോര വാര്‍ന്നുപോം ചിത്രം പിടിച്ചൊരാ-
നേരനുഭവമാകെപ്പരത്തിയോര്‍!
രക്ഷതന്‍ ചരടറ്റുപോയ്‌ , രക്ഷകര്‍
'രാഖി' കെട്ടിയും രാവു പങ്കീടുന്ന -
കൂത്തരങ്ങായി നാറുന്നൊരിന്ത്യയില്‍
കാത്തുനില്‍ക്കുന്നിതാരെ നീ സോദരീ?
നിലവിളിക്കേണ്ട, കേള്‍ക്കില്ല രോദനം
ബധിരമായ്ത്തീര്‍ന്നു കര്‍ണ്ണങ്ങളൊക്കെയും
ഇനിയൊരാളും പുനര്‍ജ്ജനിച്ചെത്തില്ല
കനിവുവറ്റി വരണ്ടുപോയ്‌ ഭൂതലം...
അച്ഛ,നമ്മാവ, നാങ്ങളയെന്നുള്ള
ഒച്ച കേള്‍ക്കേ, മയങ്ങാതിരിക്കുക..
മുളകുപൊടി, നഖംവെട്ടി, പേനക്കത്തി,
തോക്കുപോലും കരുതണം യാത്രയില്‍..
കാമവെറിയന്റെ കണ്ണു പൊട്ടിക്കണം...
പിഴുതെറിഞ്ഞീടണം ജനനേന്ദ്രിയം...
ചൂടനുഭവം കോരിക്കുടിച്ചുകൊ -
ണ്ടാര്‍ത്തി തീര്‍ക്കട്ടെ മാധ്യമക്കോമരം!
കനലെരിയട്ടെ ദില്ലിയില്‍, മുംബൈയില്‍
ഗല്ലികള്‍തോറുമോരോ ഹൃദന്തവും...
വെട്ടി വീഴട്ടെ നീതിശാസ്ത്രത്തിന്റെ -
കാവല്‍ പട്ടികള്‍, വാഴുന്ന തെണ്ടികള്‍ !


4 comments:

  1. ടൈം ഓഫ് ഇന്‍ഡ്യ.....
    അത്ര നല്ലസമയമല്ല

    കവിതാസ്ത്രം നല്ല മൂര്‍ച്ഛയുണ്ട്

    ReplyDelete
  2. ഫ്രെയ്ംസ് ഒഫ് ഇന്ത്യ.....
    നന്നായി....
    ശുഭാശംസകൾ..

    ReplyDelete
  3. കവിയുടെ ആത്മരോഷത്തില് പങ്കുചേരുന്നു...നല്ല കവിത. അഭിനന്ദനങ്ങള്

    ReplyDelete
  4. ആളിപ്പടര്‍ന്ന രോഷാഗ്നിയുടെ ചൂട് അനുഭവപ്പെട്ടു. ഭാവുകങ്ങള്‍.
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete