Saturday 23 March 2013

നടുവഴിയിൽ

പച്ച ചോപ്പായൊന്നല്പം
നിൽക്കുന്നു, കിതച്ചുകൊ-
ണ്ടൊച്ച, യനക്കം വീണ്ടും
നിലയ്ക്കേ, യിരുള്‍ത്തിന്ന -
മച്ചകത്താരോ വില്ലു -
കലയ്ക്കേ, കരിമ്പന-
പ്പട്ട കീറിയിങ്ങെത്തി
വെളിച്ചം വിളിക്കുന്നു.

അതിവേഗത്തിൽ പായും -
ജീവികൾ, പരാക്രമ -
പ്പാച്ചിലിൽപ്പിടഞ്ഞൊന്നു
കിതയ്ക്കുമുൽകണ്ഠകൾ
പതുക്കെയിഴഞ്ഞെത്തും
പുഴകൾ, മഹാസമു-
ദ്രാത്മഹ്രദം പൂകി
മറയും വാൽത്താരകൾ

തിരക്കാണെവിടേയു-
മൊടുങ്ങാപ്രയാണങ്ങൾ
മടുക്കുമൊരുനാൾ, വഴി -
യടയുംകാലം വരും...
നടുക്കു പകച്ചൽപ്പം
നിരത്തിനോരം ചേർന്നു -
നിറഞ്ഞ കാഴ്ച്ചക്കുള്ളിൽ
പിടഞ്ഞു കണ്ണും കാതും

എനിക്കും കുറിയ്ക്കാനു-
ണ്ടേറെ,യീ നിറംകെട്ട -
വാക്കിനാൽ വിളക്കിയ
കിനാവിൻ വഴിത്തോറ്റം
ഇനിയും പറയാനു-
ണ്ടിത്തിരി നിലാച്ചാറി-
ലൊപ്പിയ പുകമണം
പൊതിഞ്ഞ കഥക്കൂട്ടം

എങ്കിലും മടിക്കേണ്ട,
യാത്രയാവുക യൊടു-
ക്കത്തെയീ ജൈവസ്പന്ദ-
മാകട്ടെ കരസ്പർശം
വിരല്‍ത്തോണികൾ കര-
യ്ക്കടിഞ്ഞു, ചുരുള്‍ മുടി-
ക്കായൽ ശാന്തമായ്, മിഴി-
യടയ്ക്കാം, മടങ്ങിടാം...

4 comments:

  1. നല്ല വരികള്‍ ,ഇരുമ്പ് ചങ്ങലപോലെ പരസ്പരം വിളക്കിച്ചേര്‍ത്ത പദങ്ങളുടെ സര്‍ഗ്ഗശക്തി.

    ReplyDelete
  2. ഇനിയും പറയാനു-
    ണ്ടിത്തിരി നിലാച്ചാറി-
    ലൊപ്പിയ പുകമണം
    പൊതിഞ്ഞ കഥക്കൂട്ടം

    പറയുക പറയുക

    ReplyDelete
  3. പ്രതിഭയുടെ സ്പര്ശമുളള വരികള്...നന്നായി. ആശംസകള്

    ReplyDelete
  4. തിരക്കാണെവിടേയു-
    മൊടുങ്ങാപ്രയാണങ്ങൾ
    മടുക്കുമൊരുനാൾ, വഴി -
    യടയുംകാലം വരും...

    സത്യമാണ്..!!

    ശുഭാശംസകൾ....

    ReplyDelete