Friday 19 July 2013

കർക്കിടകം

മുത്തശ്ശി മിഴിയടച്ചൊരു 
മൗനസന്ധ്യയിൽ 
തിരി നനയ്ക്കും വിളക്കിൽ
കാറ്റു കണ്ണു പൊത്തിക്കളി-
ച്ചൊരു മഴക്കാലം...
പിള്ളക്കർക്കിടകം

ഇരുളിൽ നിന്നിറയത്തു
മിഴിനട്ടു മകനെത്തിരയുന്നൊ -
രമ്മതന്നിമയുടക്കും 
കൂരിരുൾ വഴിത്താരയി-
ലിരമ്പി നിന്നുറയുന്ന
പെരുമഴക്കാലം...
തള്ളക്കർക്കിടകം

'ശീപോതി' വേഷമി-
ട്ടാടിത്തിമർത്തു കൊ-
ണ്ടർബുദം വാരി വിതറി
പെരും വെള്ളത്തി-
ലാറാടി നില്ക്കുന്ന
'പൊട്ടി' യാട്ടങ്ങളിൽ...
കള്ളക്കർക്കിടകം  

കറുക, വിഷ്ണുക്രാന്തി,
പൂവാംകുറുന്നില
തിരുതാളി, കയ്യുണ്ണി,
ചെറൂള, നിലപ്പന
ഉഴിഞ്ഞ, മുയൽച്ചെവി,
മുക്കുറ്റി ചേരുന്ന
ദശപുഷ്പ കഞ്ഞിയ്കു
വിപണി തേടുന്ന നാൾ...
രോഗക്കർക്കിടകം  

താള്, തകര, ചേന,
ചേമ്പ്, പയറ്, ചീര,
കുമ്പളം, മത്തൻ,
ആനത്തുമ്പ, തഴുതാമ,
ചേർത്തു പത്രക്കറി-
മാത്രമുണ്ണാൻ വിധി-
യിട്ട മാളോർ നന-
ഞ്ഞൊട്ടി നില്ക്കുംകാലം...
പഞ്ഞക്കർക്കിടകം

ശാലു, സരിതാ, സലിം
ജോപ്പ, ജാക്കു, ബിജു,
ശ്രീധര, നുമ്മൻ, തിരു-
വഞ്ചൻ, കുരുവിള 
സൂര്യൻ പിഴപ്പിച്ച 
കഷ്ടകാലത്തിന്റെ 
പത്തു ദോഷങ്ങളായ് 
കേരള ജാതകം... 
ആരറിയുന്നുത്ത-
രാധുനിക കാണ്ഡങ്ങൾ?
ആരു വായിക്കുന്നു 
പുതിയ രാമായണം?
പന്നക്കർക്കിടകം !

7 comments:

  1. avasana khandika kavithayude lavanya bhangi keduthi...

    ReplyDelete
  2. കഷ്ടകാലത്തിന്റെ പത്തുദോഷങ്ങളല്ല
    74 ദോഷങ്ങള്‍

    ReplyDelete
  3. എന്തു വായിച്ചാലും,ആരു വായിച്ചാലും മായാതെ, നാടിന്നു മീതേ ചില ഒഴിയാ ബാധകൾ..!! കർക്കിടകം തോറ്റു പോകും.


    നന്നായി എഴുതി. ഇഷ്ടമായി.



    ശുഭാശംസകൾ...

    ReplyDelete
  4. നല്ല ഒരു ഔഷധ കര്ക്കിടക കഞ്ഞി തന്നെ ഓർമയിൽ വേവിചെടുത്തത് ഇന്നും കുടിക്കാൻ ചൂടുള്ളത്‌
    ആശംസകൾ

    ReplyDelete

  5. ശാലു, സരിതാ, സലിം
    ജോപ്പ, ജാക്കു, ബിജു,
    ശ്രീധര, നുമ്മൻ, തിരു-
    വഞ്ചൻ, കുരുവിള
    സൂര്യൻ പിഴപ്പിച്ച
    കഷ്ടകാലത്തിന്റെ
    പത്തു ദോഷങ്ങളായ്
    കേരള ജാതകം...

    ആധുനികം എല്ലാം ഇവിടെയുണ്ടല്ലോ ഭായ്

    ReplyDelete
  6. nannayittunT vilakkil kaatu kannupothikkalikkum mazhakaalam! ithil kavithatyunt

    ReplyDelete
  7. nannayittunT vilakkil kaatu kannupothikkalikkum mazhakaalam! ithil kavithatyunt

    ReplyDelete