Monday 29 July 2013

ചാലക്കുടിപ്പുഴ

അകലെനി 'ന്നാനമല' ചുരത്തുന്ന
അമൃതുപോലൊരു പുഴ ചിരിക്കുന്നു
ഒഴുകി, വാഴച്ചാലതിരപ്പിള്ളികൾ  
തഴുകി, ചാരുവാമവൾ കുതിക്കുന്നു 

അവളെയെല്ലാരുമറിയുന്നു, 'ചാല -
ക്കുടിപ്പുഴ' യെന്നു വിളി മുഴങ്ങുന്നു 
അവൾക്കുണ്ടാറുപനദികളെന്നാലു -
മവൾ പെരിയാറിൽ വിലയമാകുന്നു 

പിറന്നുവീണിട്ടുണ്ടിവളിലും ജീവ-
പ്രപഞ്ചസത്യമാം പ്രകടരൂപങ്ങൾ 
പിഴച്ചുപോരുന്നുണ്ടിവളെയാശ്രയി-
ച്ചൊരു ദശലക്ഷം മനുഷ്യ ജന്മങ്ങൾ 

ഇവളീ നാടിനെ ജലസമൃദ്ധിയാൽ 
തഴച്ചുണർത്തിയ പഴയ കാളിന്ദി
കളങ്കമേശാത്ത കനിവുമായ്, ഗ്രാമ-
വിശുദ്ധി കാത്തൊരു ഹരിതനന്ദിനി 

മനം പൊട്ടിക്കരഞ്ഞിനിയും തോരാത്ത 
മിഴിയുമായ്‌ ദൂരെ കിഴക്കുണരുമ്പോൾ 
തല പൊട്ടിച്ചോരയൊലിച്ചിറങ്ങിയ
കവിതയായ്  'കാതിക്കുടം' വിളിക്കുന്നു 

പരിസ്ഥിതി - ജല മലിനവു, മതി-
ഗുരുതരം രോഗ ദുരിത പീഡയും 
കൊതിയടങ്ങാതെ പിടിച്ചു തിന്നുന്നു-
ണ്ടിവിടെ ജീവനെ, ചതിച്ച കാലമേ

ജനിമൃതികളെ തിരുത്തുവാൻ നയം 
തുടരുമെങ്കിലീ സമരഭൂമിയിൽ 
മരിച്ചു വീണിടാം, പിറന്ന മണ്ണിലെ 
വിഷനിലങ്ങളിൽ, പൊരുതി ജീവിതം

വളരുമീസ്ഥിതി കെടുത്തിടാത്തൊരു 
ഭരണകൂടമേ നിനക്കു മാപ്പില്ല 
മലിനമായ് പുഴ വിളറി നീലച്ചൊ -
രുടലുമായിതാ പുളച്ചു പായുന്നു 

ജലമൂറ്റിക്കുടിച്ചടുത്തുണ്ടിപ്പൊഴും
'ജലാറ്റി' നെന്നൊരു കടുത്ത കാളിയൻ 
കഴുത്തറുക്കണമവന്റെ പാശത്താൽ
വരിഞ്ഞു കെട്ടണം കുടിലനീതിയെ

വിടില്ല നിങ്ങളെയൊരിക്കലും, 'ചാല-
ക്കുടിപ്പുഴ' നിണമണിഞ്ഞൊഴുകിലും
ഇതു 'പ്ലാച്ചിമട' പകർന്ന ധീരത
ഇതു 'കാതിക്കുടം' കടഞ്ഞ വീരത


11 comments:


  1. വളരുമീസ്ഥിതി കെടുത്തിടാത്തൊരു
    ഭരണകൂടമേ നിനക്കു മാപ്പില്ല

    ''ഓ.. ഞങ്ങൾക്ക് മാപ്പൊന്നും വേണ്ടായേ.. ഈ കസേരയൊന്നിളകാതെ കിട്ടിയാ മതി''.!!!

    നല്ല രചന.ഇഷ്ടമായി

    ശുഭാശംസകൾ....


    ReplyDelete
  2. പുഴകളെല്ലാം വിറ്റുപോയി
    അദൃശ്യമായ ഇടപാടുകളായിരുന്നു!!

    കവിത ശക്തം!!

    ReplyDelete
  3. കവിതയില്‍ വിപ്ലവം തുടി കൊള്ളുന്നു...

    ReplyDelete
  4. very strong words, very strong theme.... sharp lines... wishes for more..

    ReplyDelete

  5. രക്തം വാർന്നൊഴുകുന്ന നൊമ്പരമുണർത്തുന്ന കവിത

    ReplyDelete
  6. കാലിക പ്രസക്തമായ വരികള്‍... നന്നായി എഴുതി.

    ReplyDelete
  7. കാളിയസര്‍പ്പത്തെ ആട്ടിപ്പായിക്കേണ്ട സമയം കഴിഞ്ഞു...

    ReplyDelete

  8. പിറന്നുവീണിട്ടുണ്ടിവളിലും ജീവ-
    പ്രപഞ്ചസത്യമാം പ്രകടരൂപങ്ങൾ
    പിഴച്ചുപോരുന്നുണ്ടിവളെയാശ്രയി-
    ച്ചൊരു ദശലക്ഷം മനുഷ്യ ജന്മങ്ങൾ

    ReplyDelete
  9. പണം വേണോ പുഴ വേണോ? പണം കൊടുത്താൽ കുറെ കഴിയുമ്പോൾ പുഴ തിരിച്ചു കിട്ടുമോ മനുഷ്യന് പുഴയുടെ പിന്തുണ.. പുഴയ്ക്കു നല്ല മനുഷ്യരുടെ പിന്തുണ കിട്ടട്ടെ

    ReplyDelete
  10. വിടില്ല നിങ്ങളെയൊരിക്കലും, 'ചാല-
    ക്കുടിപ്പുഴ' നിണമണിഞ്ഞൊഴുകിലും
    ഇതു 'പ്ലാച്ചിമട' പകർന്ന ധീരത
    ഇതു 'കാതിക്കുടം' കടഞ്ഞ വീരത

    ReplyDelete