Sunday 15 September 2013

'അക്ക' പ്പൂക്കളം

കലണ്ടറിൽ
മാസക്കളങ്ങളിൽ
കടും ചുവപ്പുപൂവുകൾ
നിരന്നിരിക്കുന്നു.
നനഞ്ഞ ചിങ്ങത്തി-
ന്നൊടുക്കമോണമെ-
ന്നുറക്കെക്കോമാളി-
ച്ചിരി പരത്തുന്നു.

ചെറിയ മോൻ,
കുത്തിവരച്ച ചിത്രത്തി-
ലൊരു പൂണൂൽ ദേവ-
നുയർന്നു നില്ക്കുന്നു.
ഇനിയും ദാനത്തി-
നിടം തിരഞ്ഞുകൊ-
ണ്ടിടങ്കണ്ണിട്ടൊരാൾ
കുനിഞ്ഞിരിക്കുന്നു.

ചതിയറിഞ്ഞിട്ടും
ശിരസ്സു നീട്ടിയ
കഥ 'ദൂരദർശ' -
നെടുത്തുകാട്ടുമ്പോൾ
കടൽ കടന്നെത്തി-
നിറഞ്ഞ കമ്പോള-
ച്ചിരിയിലാളുകൾ
മധുരമുണ്ണുന്നു.

ഒരിക്കൽ കൂടി നാം
തല കുനിക്കുന്ന
പരമ്പരയെന്ന്
മദിച്ചു ചൊല്ലുമ്പോൾ
നമുക്കു ചുറ്റിലു,-
മിടയിലുമേതോ
പുതിയ വാമനർ
ചുവടുയർത്തുന്നു.

'തികയില്ലീ മാസം....
കൊടുത്തു തീർക്കേണ്ടേ
പണ', മൊരാളടു -
ക്കളയിൽ മൂളുമ്പോൾ,
ഒരിക്കൽ കൂടിയെൻ
മനക്കണക്കുമാ-
യിരുന്നു ശമ്പളം
പകുത്തു നോക്കുന്നു.

കണക്കുകൾ തെറ്റി-
ച്ചിതറുമക്കങ്ങൾ
പുതിയൊ'രക്കപ്പൂ-
ക്കള'മൊരുക്കുന്നു.
നനഞ്ഞ കീശയിൽ
മുഷിഞ്ഞ നോട്ടിന്റെ
കുളിരുമായ് 'ഗൃഹാ -
തുരത' യേറുന്നൂ..

തടഞ്ഞുവീണക്ക -
ക്കളത്തി, ലോണപ്പൂ
കുതിർന്നു ചോരയിൽ...
നിലവിളിക്കുന്നു.

13 comments:

  1. ഉത്സവങ്ങളും,ആഘോഷങ്ങളും നാട്ടിലും,വീട്ടിലും,വിദേശത്തുമൊക്കെ സന്തോഷത്തിന്റെ നാളുകളുമായെത്തുമ്പോൾ ഉള്ളിൽ ആശങ്കയുടെ വിവർണ്ണമായ പൂക്കളങ്ങളൊരുങ്ങുന്നതു മറ്റാരെയുമറിയിക്കാതെ, ചിരിക്കാൻ പാടുപെടുന്ന ചില മുഖങ്ങളുണ്ട്.,ഒരുപാട്.ആ മുഖങ്ങൾക്കു പിന്നിലെ വിഹ്വലമനസ്സുകൾ ഈ വരികളിലൂടെ വായിക്കാനാവുന്നു.

    നല്ല രചന.ഇഷ്ടമായി

    ഓണാശംസകൾ...

    ReplyDelete
  2. ഇതുവരെ വായിച്ച ഓണക്കവിതകളില്‍ ഇതല്ലോ ഓണയാഥാര്‍ത്ഥ്യക്കവിത

    നമ്മടെ ഗ്രൂപ്പ് വരെ ഇതിനെയൊന്നെത്തിക്കട്ടെ കേട്ടോ!

    ReplyDelete
  3. യാഥാര്‍ത്ഥ്യങ്ങളുടെ പൂക്കളം..
    നന്നായിട്ടുണ്ട് ...

    ReplyDelete
  4. ഇത് തന്നെ അഭിനവ ഓണം

    ReplyDelete
  5. നാം വിധേയത്വത്തിന്റെ പാതാളത്തിലേക്കാണ്ടു പോകുക തന്നെയാണ്..

    നല്ല കവിത

    ReplyDelete
  6. സത്യത്തില്‍ ഇതാണ് ഓണം.. കടങ്ങള്‍ കൊണ്ട് പൂക്കളം, പ്രാരാബ്ദങ്ങള്‍ കൊണ്ട് സദ്യ..

    നല്ല രചന.. ഒരുപാട് ഇഷ്ടായി..

    ReplyDelete
  7. nannayirikkunnu, kanakku koottalukalude onam

    ReplyDelete
  8. തികയില്ലീ മാസം....
    കൊടുത്തു തീർക്കേണ്ടേ
    പണ', മൊരാളടു -
    ക്കളയിൽ മൂളുമ്പോൾ,
    ഒരിക്കൽ കൂടിയെൻ
    മനക്കണക്കുമാ-
    യിരുന്നു ശമ്പളം
    പകുത്തു നോക്കുന്നു.
    athe ithaanu sharikkum oru udyogastha kudumbathikle onam,...

    ReplyDelete
  9. ഇഷ്ടപെട്ടു

    ReplyDelete
  10. വാമനൻ അങ്ങിനെ ഒന്നുണ്ടെങ്കിൽ അവതരിക്കേണ്ടത് ഈ കാലഘട്ടത്തിലാണ് കസേര ഉൾപ്പടെ ചവിട്ടി താഴ്ത്താൻ

    ReplyDelete
  11. കണക്കുകൾ തെറ്റി-
    ച്ചിതറുമക്കങ്ങൾ
    പുതിയൊ'രക്കപ്പൂ-
    ക്കള'മൊരുക്കുന്നു.
    നനഞ്ഞ കീശയിൽ
    മുഷിഞ്ഞ നോട്ടിന്റെ
    കുളിരുമായ് 'ഗൃഹാ -
    തുരത' യേറുന്നൂ..

    ReplyDelete