Sunday 12 January 2014

കൊതുകുകളുടെ ശ്മശാനം

സന്ധ്യ മുതലാണ്‌ 
എന്റെ കിടപ്പുമുറി 
കൊതുകകളുടെ 
ശ്മശാനമായി മാറുന്നത്. 
സന്ധ്യക്ക്‌ മുൻപേ 
ജനവാതിലുകളെല്ലാം 
കൊട്ടിയടച്ചാലും 
രാത്രി മുഴുവൻ   
വലയ്ക്കുള്ളിൽ ഒതുങ്ങിക്കിടന്നാലും 
മാമാങ്കത്തിനൊരുങ്ങിയ 
ചാവേർപ്പടയായി 
അവ ഒറ്റക്കും കൂട്ടമായും    
വന്നുകൊണ്ടേയിരിക്കും. 

ആമ മാർക്ക് മുതൽ 
നാനാതരം ചുരുളൻ തിരികളും 
എത്രയോ കൊതുകു നിവാരിണികളും
കിണഞ്ഞു പരിശ്രമിച്ചിട്ടും, 
പിൻ തിരിയാതെ,
യുദ്ധവിമാനങ്ങളുടെ  
ആക്രമണോത്സുകതയോടെ 
അവ പറന്നുകൊണ്ടേയിരിക്കും. 
ചൈനക്കാർ നിർമ്മിച്ചയച്ച 
റാക്കറ്റുകളുമേന്തി 
ഭാര്യയും മക്കളും 
കളത്തിലിറങ്ങുമ്പോൾ 
എന്റെ കണ്ണുകളിൽ 
ആഗോളവല്ക്കരണത്തിന്റെ 
വല കെട്ടാൻ തുടങ്ങും. 
റാക്കറ്റുകൾ വീശിക്കളിക്കുന്ന 
കുട്ടികൾക്കിടയിൽ
ഞാൻ 'ബോബനും മോളിയും' തിരയും. 
വീറോടെ 
കുട്ടികൾ റാക്കറ്റുകൾ വീശുമ്പോൾ 
കണ്‍ മുൻപിൽ 
ഒരു രുധിരമഹാകാളിക്കാവ് 
പടക്കം പൊട്ടിച്ചു നില്ക്കും. 
നാസികയിലൂടെ 
കൊതുകകളുടെ കരിഞ്ഞ മണം
ഏതോ നാസിത്താവളത്തിന്റെ 
ചരിത്രസാക്ഷ്യത്തിലേക്കെന്നപോലെ   
എന്നെ വലിച്ചിഴയ്ക്കും. 
ഒരായിരം കമ്പികൾ മീട്ടി 
പൂർവ്വ ജന്മത്തിലെ 
അടിമകളുടെ സംഘനാദമായി 
കിടപ്പറയിലേക്ക് 
വന്നു കൊണ്ടേയിരിക്കുന്ന 
പുതിയ കൊതുകുകളിൽ 
ജീവശാസ്ത്ര പുസ്തകത്തിനടിയിൽ നിന്നും 
രക്ഷപ്പെട്ട ഒന്ന് ചോദിച്ചു: 
"ഭക്ഷ്യ ശ്രുംഗലയിലെ 
പ്രധാന കണ്ണികളല്ലേ, ഞങ്ങളും.."
കൊതുകുകളുടെ ശ്മശാനത്തിൽ 
ഉത്തരം മുട്ടിയപ്പോൾ 
എന്റെ ചോരയൂറ്റിക്കുടിച്ചുകൊണ്ട് 
അത് പാറിപ്പറന്നു...

നിഴലുകൾ നൃത്തം ചെയ്യുന്ന 
ആഘോഷത്തിമർപ്പിൽ 
പടക്കം പൊട്ടിത്തീരുകയാണ്...
ചോരയുടെ കരിഞ്ഞ മണം 
അന്തരീക്ഷത്തെ 
മത്തു പിടിപ്പിക്കുകയാണ്...
സ്വപ്നങ്ങളുടെ ശ്മശാനത്തിൽ 
ഉറക്കം വറ്റിയ ഒരു കാവല്ക്കാരൻ കൊതുക് 
വെളിച്ചം കാത്തു കിടക്കുകയാണ് ....
 
 

5 comments:

  1. ഒരു കൊതുകിനെക്കുറിച്ചൊക്കെ ആര്‍ ഗൌനിക്കുന്നു എന്നായിരുന്നു വിചാരം

    ReplyDelete
  2. ബോബനും മോളിയും നല്ലതാണ് അതിഷ്ടമായി

    ReplyDelete
  3. ഈ കൊതുകുകളെല്ലാം കൂടി മാനവപുഷ്പങ്ങളിൽ നിന്ന് ചുടുനിണം ഊറ്റി, തേനീച്ചകൾ ചെയ്യുന്ന പോലെ മറ്റൊരിടത്ത് ശേഖരിച്ചു വച്ചെങ്കിലെന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.ഓരോ കൂട്ടിലും ഓരോരോ ഗ്രൂപ്പനുസരിച്ച്.( ഹൊ...! അത്യാഗ്രഹം തന്നെ. ഹ...ഹ...ഹ....)

    വളരെ നല്ല കവിത.വ്യത്യസ്തമായ പ്രമേയവും,അവതരണവും.

    ശുഭാശംസകൾ....

    ReplyDelete
  4. നിഴലുകൾ നൃത്തം ചെയ്യുന്ന
    ആഘോഷത്തിമർപ്പിൽ
    പടക്കം പൊട്ടിത്തീരുകയാണ്...
    ചോരയുടെ കരിഞ്ഞ മണം
    അന്തരീക്ഷത്തെ
    മത്തു പിടിപ്പിക്കുകയാണ്...

    ഈ കവിതയും...!

    ReplyDelete

  5. സ്വപ്നങ്ങളുടെ ശ്മശാനത്തിൽ
    ഉറക്കം വറ്റിയ ഒരു കാവല്ക്കാരൻ കൊതുക്
    വെളിച്ചം കാത്തു കിടക്കുകയാണ് ....

    ReplyDelete