Sunday 22 May 2011

ഐസ്ക്രീം പാര്‍ലര്‍




തണുപ്പും മധുരവും
നൊട്ടലും  നുണയലും 
തിരക്കോ... തിരക്ക്...
ഐസ്ക്രീം പാര്‍ലര്‍!

വെള്ളയായ് മഞ്ഞയായ്‌...
ഓറഞ്ചായ് കാപ്പിയായ്...
നിറങ്ങളായ നിറങ്ങള്‍ 
ഐസ്ക്രീം പാര്‍ലര്‍!

കോണിലും കപ്പിലും
കാന്റിയായ് സ്കൂപ്പായ്...
പിടിച്ചോ കഴിച്ചോ 
ഐസ്ക്രീം പാര്‍ലര്‍!

സ്പൂണ് പോലൊരുണ്ണി
നാണയങ്ങളെണ്ണി
കോണിലൊതുങ്ങുന്നു
ഐസ്ക്രീം പാര്‍ലര്‍!

കാന്റി പോലൊരാന്റി
കൂട്ടിയും കിഴിച്ചും
കൌണ്ടറില്‍  വിയര്‍ക്കുന്നു
ഐസ്ക്രീം പാര്‍ലര്‍!

"ബ്ലാക്ക് കറന്റി " നെത്ര?   
ചോദ്യമാകുന്നുണ്ണി
"അന്‍പതെന്നു" ചൊല്ലി 
ഉത്തരമായാന്റി!

നാണ്ണ്യമെണ്ണി വീണ്ടും
ഉണ്ണി ചോദ്യമെയ്തു:
"അപ്പൊ വാനിലക്കോ"?
കോപമേറിയാന്റി!

 "മുപ്പത്തിയഞ്ചെന്ന്" 
കേള്‍ക്കെയുണ്ണി വീണ്ടും 
കൂട്ടിയും കിഴിച്ചും 
വാങ്ങിവന്നൊരൈസ്ക്രീം 

കോണിലിരുന്നുണ്ടു
തെരുവിലേക്കലിഞ്ഞു
ഉണ്ണിയും തിരക്കില്‍...
ആന്റിയും തിരക്കില്‍ ...

ഉണ്ണിയുണ്ടമേശ 
വൃത്തിയാക്കുമാന്റി 
കണ്ടു കണ്മിഴിക്കേ
ഐസിലുപ്പുചേര്‍ന്നു!

കപ്പിനടുത്തുണ്ണി
വെച്ചുപോയിരിക്കുന്നു
ചത്തു വീര്‍ത്ത നാണ്യ-
ത്തുട്ടുകള്‍ "പതിനഞ്ച്" !

നക്കിയും ഈമ്പിയും 
ചപ്പിയും ചവച്ചും
തിരക്കോ... തിരക്ക്...
ഐസ്ക്രീം പാര്‍ലര്‍!

3 comments:

  1. ഉചിതമായ ബിംബങ്ങള്‍ കവിതയ്ക്ക് അങ്ങേയറ്റത്തെ രാഷ്ട്രീയ മാനം കൊണ്ടുവരുന്നു....
    കവിത നന്നായി..

    (കമന്റിടുമ്പോള്‍ വരുന്ന സെക്യൂരിറ്റികോട് ഒഴിവാക്കിയാല്‍ കുറച്ചുകൂടി സൗകര്യമായി...)
    sasneham

    ReplyDelete
  2. കൊള്ളാം വായിച്ചു ചിരിച്ചു... കവിതകള്‍ നന്നാകുന്നുണ്ട്... :)

    ReplyDelete
  3. സന്തോഷ്‌ - നിറയെ സ്നേഹവും വിലപ്പെട്ട അഭിപ്രായത്തിനു നന്ദിയും മാത്രം.

    ശാലിനി - സന്തോഷം. നന്ദി.

    ReplyDelete