Monday 26 March 2012

ജനല്‍മൊഴികള്‍

അല്ലെയോ തണല്‍മരം, 
നിന്നില കൊഴിയാറായ്..
പച്ചില ഞരമ്പിന്റെ 
നീരൊലി നിലക്കാറായ്..
വേരുകളുണങ്ങുന്നു, 
വഴിയില്‍ ചില്ലക്കമ്പിന്‍ -
വില്ലുകളൊടിച്ചിട്ട
കാറ്റിന്‍ പ്രകമ്പനം. 
കൂടൊഴിഞ്ഞെവിടേക്കു -
പറന്നൂ കിളിക്കൂട്ടം
കാടൊഴിയുന്നോ, ദൂര -
ക്കാഴ്ചയാകുന്നോ ജന്മം!
കുനിയുക, വരളുമ്പോള്‍ 
മണ്‍ചുമര്‍  നിഴല്‍ തീര്‍ത്ത 
ശീതളച്ചെരിവിലേ -
ക്കൊരുകുളിര്‍ക്കാലം വരെ.
വേപഥു മുക്കിത്തോര്‍ത്തി-
യുണക്കാന്‍  വിരിച്ചിട്ടൊ  -
രമ്മതന്‍ മടിക്കുത്തിന്‍ 
നനവിത്തിരി നല്‍കാം...
പിന്നില്‍ നിന്‍ തോഴര്‍ തന്നെ
പല രൂപത്തില്‍ പല -
ഭാവത്തിലിരിക്കുന്നു-
ണ്ടുണ്ണുന്നുണ്ടുറങ്ങുന്നു.
മറയായ്‌, മരവിപ്പായ്, 
ചെറുതായ് ചുമര്‍ ചാരി, 
വളരും മുന്‍പേ വെട്ടി -
ച്ചുരുക്കി മണ്‍ചട്ടിയില്‍..
നിറയെ കുഞ്ഞിപ്പൂക്കള്‍   
നിരന്നു ചിരിച്ചു കൊ -
ണ്ടിരുഭാഗത്തും, മുറ്റം
വെയിലിന്‍ കളിക്കളം...
ചായുക, മടിക്കേണ്ട
കവികള്‍ പണ്ടേ പാടി -
ക്കേട്ടതീ മണ്ണില്‍ മീന -
മാസമോ, തീചാമുണ്ഡി!
അല്ലെയോ തണല്‍മരം,
തലയാട്ടുന്നോ, തെന്നല്‍ 
പിന്നെയും പുറത്തൊന്നു -
തന്നു പാഞ്ഞുവോ, ദൂരെ..!



1 comment: