Friday 6 April 2012

കൊന്ന

പൂത്തു നിന്നു നീ
വന്ന വഴികളില്‍..
കേട്ടതാണു ഞാ -
നെത്രമൊഴികളില്‍..
വര്‍ണ്ണമായി നീ
വരയില്‍, വരികളില്‍
വാഴ്ത്തിയോള്‍, പൊന്ന -
ണിഞ്ഞു മിന്നിയോള്‍...
ഇന്നു വീണ്ടും
വിരുന്നുകാരിപോല്‍
നിന്നു നീ, മേട-
മാസസുന്ദരി.
കണ്ടതല്ലേ നീ
താഴ്വരകളില്‍
കണ്ണു പൊട്ടിച്ചു
'കൊന്ന' പൂക്കളെ...
ജീവിതം കണി -
കാണ്മതിന്‍ മുന്‍പ്
വീടുറക്കും
വിഷക്കെണികളെ...
പാടുവാന്‍
വിഷുപ്പക്ഷിയില്ലാത്ത
വിത്തെറിയാ-
വരണ്ട ഭൂമിയെ...
വേണ്ട, നീയൊരു-
ങ്ങേണ്ട ജീവിത-
സംക്രമങ്ങള്‍, സ-
ങ്കീര്‍ണ്ണമാകയായ്..
വേണ്ട, നീ വിളി -
ക്കേണ്ടൊരെന്‍ പുലര്‍ -
ക്കാഴ്ച്ചയെല്ലാം
ചുവന്നു പോകവേ...
വേണ്ട, നീ ചിരി-
ക്കേണ്ടൊരാകണി -
ച്ചന്തമോ ബലി-
ച്ചിന്ത മാത്രമായ്‌...!

3 comments:

  1. വേണ്ട, നീ വിളി -
    ക്കേണ്ടൊരെന്‍ പുലര്‍ -
    ക്കാഴ്ച്ചയെല്ലാം
    ചുവന്നു പോകവേ...

    വളരെ നല്ലത്‌.

    ReplyDelete
  2. വേണ്ട നീയൊരുങ്ങേണ്ട ജീവിത സംക്രമങ്ങള്‍ സന്കീര്‍ണമാകയായ്‌..
    എങ്കിലും ...

    ReplyDelete
  3. വേണ്ട, നീയൊരു-
    ങ്ങേണ്ട ജീവിത-
    സംക്രമങ്ങള്‍, സ-
    ങ്കീര്‍ണ്ണമാകയായ്..
    ..
    കാലംതെറ്റി പൂക്കുന്ന കൊന്നയും, മരിച്ചു മരവിച്ച കൊന്നപ്പൂക്കള്‍ കൊണ്ട് ഒരുക്കുന്ന കണിയും ഇനിയെത്ര നാള്‍ കൂടി..
    കൊന്നയ്ക്കും മനസ്സിലായിത്തുടങ്ങി,.. അതാവും ഇവിടെ ഒരു കൊന്ന വിളറിയ വെള്ളനിറത്തില്‍ ചിരി തൂകുന്നു. പൊന്നനിഞ്ഞില്ല , കിങ്ങിണി കെട്ടിയില്ല, വിഷുപ്പുലരി വരെ കാത്തു നിന്നതുമില്ല!!

    ReplyDelete