Tuesday 7 August 2012

മഴ

മഴ, കറുത്ത മുഖം കനത്തു
പുറത്തു നിന്നു വിതുമ്പവേ,
മഴ, മനസ്സിലൊരായിരം കുളി-
രോര്‍മ്മകള്‍, തുടി താളമായ്...
മഴനനഞ്ഞ കിനാവിലേക്കൊരു
മുരളിയൂതിയിറങ്ങവേ,
മിഴി നിറഞ്ഞൊരു ജലകണം, മഴ-
വില്ലു തീര്‍ത്ത പ്രപഞ്ചമായ്...

മൊഴി തകര്‍ന്നടിമുടി നനച്ചുട-
ലറിയുമീ മഴ, പേമഴ
തൊടി കുതിര്‍ന്നിടവഴി മുറിഞ്ഞു-
തുളുമ്പുമീ മഴ, പെരുമഴ
ബാല്യ കൌമാരങ്ങള്‍ പൂത്ത
തുരുത്തിലീമഴ, പൂമഴ
കത്തിയെരിയും തൃഷ്ണതന്‍ 
മരുഭൂവിലമൃതാം തേന്‍മഴ...

കൂരയില്ലാജീവികള്‍ക്ക -
നുകൂലമല്ലിതു ഭയമഴ
പേടിയില്ലാത്തോര്‍ക്കിതുത്സവ
രാഗമാകും മദമഴ...
അഴലറിഞ്ഞ മനങ്ങളില്‍ നുണ 
പെയ്തിറങ്ങും വിഷമഴ
വഴി തകര്‍ത്തിടിവാളുവെട്ടി 
കൊല വിളിച്ചൊരു നിണമഴ

മഴ, മുഖം തകരുന്ന കാല -
ക്കെടുതിയാണേ, ചതിമഴ
മഴ വരുന്നേ, മൊഴിമടക്കാം
മിഴിയടയ്ക്കുക, മഴ മഴ !

2 comments:

  1. മഴയെ പറ്റി സുഗതകുമാരി ഒരു കവിത എഴുതിയിട്ടുണ്ട്... രാത്രിമഴ.. കവിതയുടെ സൌകുമാര്യവും മഴയുടെ തണുപ്പും അതില്‍ കാണാം..

    ശ്രമം മോശമായില്ല.. കവിക്ക്‌ അഭിനന്ദനങ്ങള്‍

    ReplyDelete
  2. മഴയുടെ വിവിധ ഭാവങ്ങള്‍ നന്നായിത്തന്നെ പകര്‍ത്തി.
    കുറ്റമറ്റ കവിത. നന്നായി.

    ReplyDelete