Friday, 24 August 2012

ഓണം വന്നാലും ഉണ്ണി പിറന്നാലും....!

മഴ നനയാനായ് കാത്തു കിടന്നൊരു
പുലരിക്കതിരുണ്ടെന്‍റെ നഭസ്സില്‍
പലകുറിയോണപ്പാട്ടു നിറച്ചൊരു
പുല്ലാങ്കുഴലുണ്ടെന്‍റെ മനസ്സില്‍
പാടുക, തംബുരു മീട്ടുക നാടേ
പാതിരയാണ്, നിലാത്തെളി മാത്രം!
നന്‍മകളാം വരിനെല്‍ക്കതിരേകാന്‍
നീയെവിടുത്രാടക്കിളിമകളേ...?
പുള്ളോപ്പാട്ടിന്‍ ശീലുകളെന്‍, കളി-
മണ്ണിന്‍ വീട്ടിലിഴഞ്ഞൊരു മുറ്റം
ആവണി വന്നവള്‍ പെറ്റു വളര്‍ത്തിയ
പൂവണി നാടു നിറഞ്ഞൊരു ജാലം
മായുകയില്ലതു മറയുകയില്ല-
മനസ്സിലൊരുണ്ണി മദിക്കും കാലം
കോടിയുടുപ്പു, കൊതിച്ചൊരു സദ്യ-
യതിന്നുമസാധ്യതയത്രെ, പലര്‍ക്കും!
വേണ്ട, വരേണ്ട, മഹാബലി, നിന്‍ കഥ
പോംവഴിയല്ലൊരു 'കോമഡി' മാത്രം!
വേണ്ട, വരേണ്ട, മഹാബലി, നീയിനി-
വിപണിയില്‍, മുദ്രിത വേദന മാത്രം!

4 comments:

 1. നല്ലോരോണപ്പാട്ട്--ആദ്യം
  പൊള്ളുന്ന വാക്കുകള്‍ - അന്ത്യം

  ReplyDelete
 2. ഓണം വേദനയുടെ, ഇരുണ്ട സത്യങ്ങളുടെ ഓർമ്മയായിത്തീരുന്നു ഇവിടെ.
  നന്നായി എഴുതി.

  ReplyDelete

 3. എങ്കിലും വന്നുപോകുന്നാരുമോരാതെ
  പൊന്നോണ നാളും നിലാവും സുമങ്ങളും...

  ReplyDelete