Tuesday 7 August 2012

കൂടിക്കാഴ്ച

മഴ വരുന്നു;
മൂവന്തിയാവുന്നുണ്ട്,
ക്ഷണികമോര്‍മ്മകള്‍
പാഞ്ഞുപോകുന്നുണ്ട്,
കിളിമരച്ചോട്ടി-
ലാരുമില്ലെന്നൊരു
കുളിരുകോരുന്ന
കാറ്റു മൂളുന്നുണ്ട്...
മൊഴിയടര്‍ന്നു, ചു-
ണ്ടിതള്‍വിറച്ചില്ല, നിന്‍ -
കവിളിലില്ലാ-
വിഷാദരേണുക്കളും 
വഴിതിരഞൊടുവി
ലിന്നീ 'പരസ്പരം...'
പ്രണയമെന്തേ...
ചിരിച്ചില്ല പിന്നെയും! 
രജതരേഖകള്‍
മിന്നും ശിരസ്സുകള്‍
കരിപിടിപ്പിച്ച-
തെന്തിനെന്നോര്‍ത്തു നാം
ചിരി പൊതിഞ്ഞാദ്യ-
നിമിഷം കൊഴിയ്ക്കവേ,
ഇമകളെന്തേ...
തിരയുന്നതിപ്പോഴും!
എവിടെ സൂക്ഷിച്ച
മന്ദാരമലരുകള്‍?
എവിടെ നാം കോര്‍ത്ത
സ്വപ്നക്കൊലുസുകള്‍?
മാമരത്തിന്റെ
മഞ്ഞച്ചമേനിയില്‍
മാഞ്ഞതെന്നു 'നാ-
മാക്ഷര'പ്പാടുകള്‍?
പഠന കാലം
പകുത്ത കൌമാരങ്ങള്‍
കുപിത യൌവ്വ-
നാവേശ, മാസക്തികള്‍
പൊടിപിടിച്ചു -
മുഷിഞ്ഞ ഗൃഹാതുര -
സ്മരണതന്‍ മൂക-
സഞ്ചാര വേളകള്‍...
പാഞ്ഞുപോകയാ -
ണോടിവള്ളത്തിന്റെ
ചേലുപോല്‍,  ജല -
ഘോഷമായിപ്പോഴും!
മഴ വരുന്നു;
മൂവന്തിയാവുന്നുണ്ട്,
വഴിവിളക്കുകള്‍
നമ്മെ നോക്കുന്നുണ്ട്,
മിഴികള്‍ പെയ്തിറ-
ങ്ങേണ്ട, പിരിഞ്ഞിടാം..
പ്രണയമിപ്പോഴു-
മുണ്ടെന്നറിഞ്ഞിടാം!

3 comments:

  1. ഇതും ഇഷ്ടപ്പെട്ടു

    ReplyDelete
  2. ...മിഴികള്‍ പെയ്തിറ
    ങ്ങേണ്ട,പിരിഞ്ഞിടാം..
    പ്രണയമിപ്പോഴു
    മുന്ടെന്നറിഞ്ഞിടാം..

    എത്ര മിഴിവാര്‍ന്ന ആവിഷ്കാരം.. എത്ര ശുഭാപ്തിവിശ്വാസം..
    ഒരുപാടിഷ്ടമായി,കവിത.

    ReplyDelete
  3. നന്നായിട്ടുണ്ട്.

    ReplyDelete