Wednesday 8 August 2012

എന്നെ വെറുതെ വിടുക!

ആരു  നീ, ഉറങ്ങാതെ
കാത്തിരിക്കുന്നു; വീണ്ടു-
മോര്‍മ്മതന്‍ കനലൂതി -
ക്കാച്ചി, പൊന്നുരുക്കാനോ?
വായിച്ച വരികളില്‍
വാക്കുകള്‍ക്കിടയില്‍ വീണ  
കണ്ണുനീരല്‍പ്പം ചേര്‍ന്നെന്‍  -
ചിന്തകള്‍ നനയ്ക്കിലും,
ഗതകാലത്തില്‍ ചൈത്ര -
മാസത്തിലെന്നോ തമ്മില്‍-
കണ്ട പരിചയം തൂവല്‍-
സ്പര്‍ശമായ് ഗണിക്കിലും,  
വേണ്ട, യീയിരുട്ടിലെ
വേറിട്ട കുളമ്പടി -
ശബ്ദവും വെളിച്ചത്തി-
ന്നരണ്ട സാന്നിദ്ധ്യവും
പേറിയെന്‍ വിജനമാം -
വീഥിയിലൂടെ, മൂക-
മേകനായ്‌ ചലിയ്ക്കുവാ  -
നാണെനിക്കേറെയിഷ്ടം.

(ഇനി സന്ദേശം വന്നാല്‍
ഞാനെന്റെ മൊബൈലിന്റെ
സിം കാര്‍ഡു മാറ്റും, പുത്ത-
നൈഡിയുണ്ടാക്കും മെയിലില്‍...)

4 comments:

  1. കവിതാവരള്‍ച്ചയ്ക്കിടയില്‍ ഇതുപോലൊന്ന് വായിക്കുന്നത് നല്ല അനുഭവമാണ്

    ReplyDelete
  2. നന്നായിട്ടുണ്ട്‌, എന്നാലും ഭീഷണി വേണ്ടായിരുന്നു.

    ReplyDelete
  3. അത്ര കഠിനമായ തിരസ്കാരമോ..?
    കവിത സുന്ദരമായി.

    ReplyDelete
  4. ഇല്ല വെറുതേ വിടില്ല, കമന്റിട്ടേ പോകൂ.
    കവിത നന്നായിട്ടുണ്ട്

    ReplyDelete