Thursday 13 September 2012

ചോദ്യം മുട്ടുമ്പോള്‍

കാല്‍പ്പനികത താളം തെറ്റിച്ച
ആരുടെ മനസ്സിലാണ്
വീണ്ടും
കലാപത്തിന്‍റെ
കരിമരുന്നൊരുങ്ങുന്നത്?
വേദനയുടെ
ഏതു സൂചീമുഖത്താണ്
പ്രണയം ഒരടയാളമാകുന്നത്?
അക്ഷരങ്ങള്‍ പൊട്ടിച്ച്
കവിതയുടെ
ക്ഷുദ്രനക്ഷത്രങ്ങള്‍
വാരി വിതറുവാന്‍
എന്നാണ് ഇനിയുമൊരാള്‍
ഉറക്കമുണര്‍ന്നെത്തുന്നത്?
മൂന്നും കൂട്ടി മുറുക്കുന്നവര്‍
ഏതു തൂവാലകൊണ്ടാണ്
കബനീനദി തുടച്ചു നീക്കാന്‍
തിടുക്കം കൂട്ടുന്നത്‌?
പകലിനെ കൂട്ടിക്കൊടുത്ത
ഏത് രാത്രിഞ്ചരനാണ്
രാവെല്ലാം ദു:ഖപൂരിതമെന്നു
വിശേഷിപ്പിക്കുന്നത്?
ആരു നല്‍കിയ
'വാസന സോപ്പാ'ണ്
അയല്‍വക്കത്തെ
വിലാസിനിച്ചേച്ചിയുടെ
കൊച്ചുമോള്‍ക്ക്
ഒരു കൈക്കുഞ്ഞിനെ
സമ്മാനിച്ചത്?
ഏതു ഭൂഖണ്ഡത്തിലേക്കാണ്
ഇപ്പോഴും അന്വേഷണത്തിന്‍റെ
പായ്ക്കപ്പലടുക്കാത്തത്?
എതു തരംഗദൈര്‍ഘ്യത്തിനിടയിലാണ്
നമുക്കു നമ്മെത്തന്നെ
നഷ്ടപ്പെടുന്നത്?
ഏത് ഉത്തരങ്ങള്‍ക്കുമുകളിലാണ്
ഞാനീ ചോദ്യങ്ങളെയെല്ലാം
ഇനിയും...
തിരുത്തി, മടക്കി,
യൊതുക്കി, ത്തിരുകി
ചേര്‍ത്തു വെയ്ക്കേണ്ടത്?

2 comments:

  1. ഇന്നിയും ചോദ്യങ്ങള്‍ ചോദിക്കു ..., ഉത്തരം മുട്ടട്ടെ....
    നന്നായി എഴുതി

    ReplyDelete
  2. ചോദ്യം....മറു ചോദ്യം ഉത്തരം... ചോദ്യം.... അങ്ങനെ അങ്ങനെ ..നമുക്ക് "ചോയ്ച്ചു ചോയ്ച്ചു പോകാം ".... !!!!

    ReplyDelete