Thursday 20 September 2012

മഴമനസ്സിലേക്ക്

രാവൊ'രാട്ട' രംഗമായ്, വിളക്കുവെച്ചു വാനവും..
മരങ്ങളെയ്ത പക്ഷികള്‍ മടങ്ങി; യോര്‍മ്മപെയ്തപോല്‍...
ഒരേനദിക്കരകള്‍തന്‍ നനഞ്ഞ മണ്ണിലിപ്പൊഴും
കുതിര്‍ന്നുമാഞ്ഞതില്ല നാം പതിച്ച രാഗമുദ്രകള്‍!
കഴിഞ്ഞ കാലചിത്രമോ കൊടുംവിഷാദബന്ധുരം
വിധിച്ച വര്‍ത്തമാനമോ ദരിദ്രദുഃഖസാഗരം
മരിക്കുകില്ല; സന്ധ്യകള്‍, വിരുന്നിനെത്തുമുച്ചകള്‍
മഴക്കിനാവിലേക്കെടുത്തെറിഞ്ഞുപോയ വാക്കുകള്‍
ചിരിയ്ക്കയാണൊരര്‍ത്ഥമായ് മനസ്സിലും നഭസ്സിലും
ചിരിക്കുടുക്കപൊട്ടിയാല്‍, കരഞ്ഞു പെയ്തൊടുങ്ങുവാന്‍.
ഒരേയൊരുത്തരം തിരഞ്ഞ യാത്രയോ സമാന്തരം
നമുക്കൊരേ 'പദം'; നടിച്ച 'തുത്തരാസ്വയംവരം' !
പറഞ്ഞു തീര്‍ത്തിടേണ്ട നാം പകുതി വെന്ത ജീവിതം
തിരിഞ്ഞു നോക്കിടേണ്ടിരുണ്ട ഭൂതലം ഭയാനകം!
മുറിഞ്ഞുനിന്ന വാക്കുകള്‍ക്കിടയ്ക്കടിഞ്ഞ മൂകമാ-
മിരുട്ടില്‍ വീര്‍പ്പുമുട്ടി നാം തടഞ്ഞു രാഗരശ്മിയെ.
ഒരിയ്ക്കലെങ്കിലും തുറന്നു ചൊല്ലിടാന്‍ പ്രയാസമെ-
ന്നറിഞ്ഞു സൗഹൃദത്തിനാല്‍ പൊതിഞ്ഞു സങ്കടങ്ങളെ.
കഴിഞ്ഞിടാം കഥ; യരങ്ങോരോര്‍മ്മയായ് പുലര്‍ന്നിടാം
മഴ മനസ്സിലേക്കുവീണ്ടു മൊരുജനല്‍ തുറന്നിടാം
മഴ കൊതിച്ചുമാത്ര, മാ മനസ്സുണര്‍ന്നിരിക്കുകില്‍...
മദിച്ചു പെയ്തിറങ്ങുവാന്‍, തപിച്ചു; ഞാനുയര്‍ന്നിടാം...!

1 comment:

  1. മദിച്ചു പെയ്തിറങ്ങുവാന്‍ തപിച്ചു ഞാനുയര്‍ന്നിടാം...

    (മഴ കൊതിച്ചു മാത്രമാ മനസ്സുണര്‍ന്നിരിക്കുകില്‍...)

    സുന്ദരം...മനോഹരം.

    ReplyDelete