Friday 23 November 2012

സുന്ദരിക്കോത

വീട്ടുപറമ്പിന്‍റെ വേലിയിറമ്പില്‍
പണ്ടും നിന്നെ കണ്ടിട്ടുണ്ട്

ബോംബെക്കാരിയാണെന്നും
അല്ല, സിംഗപ്പൂരുകാരിയാണെന്നും
അന്നേയുണ്ടായിരുന്നു രണ്ടു പക്ഷം

പാലുപോലെയാണെന്ന്
കറവക്കാരന്‍ ഭാസ്കരേട്ടനും
മുട്ടയിലെ മഞ്ഞക്കരുവാണെന്ന്
ഒസ്സാന്‍ ഹൈദ്രോസും
ആട്ടിറച്ചിക്ക് സമാനമെന്ന്
അറവുകാരന്‍ അവറാനും
പറഞ്ഞു നടന്നിരുന്നു

വിളറിവെളുത്ത ആണ്‍പിള്ളേര്‍ക്ക്
ഇരുമ്പുകമ്പിയുടെ വീര്യത്തിന്
അത്യുഗ്രന്‍ സാധനമെന്ന്
വായനശാലയിലും കേട്ടിട്ടുണ്ട്

അന്തസ്സു കുറഞ്ഞോളാണെന്ന്
ഓമനേടത്തിയും കൂട്ടരും
പരദൂഷണം പറഞ്ഞപ്പോഴും
വാസു മാഷ്‌ മാത്രം
പുകഴ്ത്തിപ്പാടിയിരുന്നു

ഇന്നാണൊന്ന്
ചേര്‍ത്തു പിടിക്കാനൊത്തത് ...
എന്തൊരു കൊഴുത്ത ശരീരം..
പ്രായം തോന്നിക്കുന്നേയില്ല...
നീയങ്ങു വളര്‍ന്നു തുടുത്തല്ലോടീ...

ഇനി
ഒരിടത്ത്
ഒളിപ്പിച്ചു കിടത്തി
പതുക്കെ പതുക്കെ പാകപ്പെടുത്തി
കാത്തു വെയ്ക്കാതെ..ഒറ്റയ്ക്ക്...
മതിവരുവോളം...
എന്തൊരു രുചിയായിരിക്കും!

ആദ്യം
നിന്നെയൊന്നു 
കുളിപ്പിച്ചെടുക്കട്ടെടീ...
എന്‍റെ മധുരച്ചീരെ..
വേലിയിറമ്പിലെ
സുന്ദരിക്കോതേ...!

6 comments:

  1. കൊതിപ്പിച്ചും,ചിരിപ്പിച്ചും ഒരു കവിത.മധുരമനോഹരം.

    ReplyDelete
  2. കവിത നന്നായി.എങ്കിലും മറ്റുകവിതകളുടെ അത്ര പോരാ...

    ReplyDelete

  3. കൂട്ടത്തില്‍ ഒരാളെങ്കിലും ഇങ്ങനെയും
    പറഞ്ഞുകാണും ...ഹോ ...ഒരപ്സര കന്യക തന്നെ..

    ReplyDelete
  4. ലോകത്തില്‍ ആദ്യമായി ഒരു
    ചീര അഹങ്കരിച്ചിട്ടുണ്ടെങ്കില്‍
    അതിനെ കുറ്റം പറയാന്‍ സാധിക്കില്ല ...

    ReplyDelete
  5. കവിതയുടെ അവസാനത്തെ ആ ട്വിസ്റ്റ്‌ വളരെ നന്നായി.

    ReplyDelete