Saturday 15 June 2013

ഏകാകിയുടെ പാട്ട്

ഒറ്റക്കിരുന്നു ഞാൻ പാടുന്ന പാട്ടുകൾ
നിന്നിലേക്കെത്തുവാനെന്തു ചെയ്യും
മുറ്റത്തു നിർത്താതെ പെയ്യും മരച്ചാർത്തി-
ലൊപ്പം നനയുവാനെന്നു പറ്റും
ഗോപുരാഗ്രച്ചെടിപ്പച്ചകൾ മാനത്തെ
ധ്യാനിച്ചു കൈകൂപ്പി നിന്നിടുമ്പോൾ
പാരിജാതത്തിൻ തളിരിലച്ചില്ലകൾ
കാറ്റിനോടെന്തേ മൊഴിഞ്ഞു മെല്ലെ
ഒരു കുടക്കീഴിൽ ഒതുങ്ങിപ്പതുക്കെ ഞാൻ
ജനസാഗരത്തിൽ തുഴഞ്ഞു പോകെ
നഗരതാളം മുറിച്ചാർത്തുപെയ്യും മാരി
തെരുവിൽ നിന്നോർമ്മകൾ പങ്കു വെച്ചു
പലതുള്ളികൾ ചേർന്നു പെരുവെള്ളമായ്, ജല-
പ്രളയമായ് വഴികൾ മുട്ടിച്ചു നിൽക്കെ
സ്മരണതൻ നാലുകെട്ടിൽ നമ്മളെപ്പൊഴോ
പ്രണയവർഷത്തിൽപ്പകച്ചതോർത്തു
ഒറ്റക്കിരുന്നു ഞാൻ കാണും കിനാവുകൾ
നിന്നെക്കുറിച്ചുള്ളതായിടുമ്പോൾ
ചന്ദനത്തെന്നൽത്തലോടുന്ന കുങ്കുമ-
സ്സന്ധ്യയായ് നീയെന്നു മുന്നിലെത്തും?

5 comments:

  1. മൂടി പുതച്ചിരുന്നു വായിക്കാൻ പറ്റിയ കുളിരുള്ള കവിത്വം തുളുമ്പുന്ന കവിത

    ReplyDelete
  2. എന്നെന്നു മാത്രമൊന്ന് പറയുക

    മനോഹരഗാനം

    ReplyDelete
  3. ഇതിലേ ഏകനായ്,
    അലയും ഗായകാ..
    കരളിൽ,നീ പേറുമീ കണ്ണീരിന്നും ഗാനമായ്
    ഒഴുകീ നോവുമായ്....


    വിരഹാർദ്രമായ വരികൾ.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
  4. പലതുള്ളികൾ ചേർന്നു പെരുവെള്ളമായ്, ജല-
    പ്രളയമായ് വഴികൾ മുട്ടിച്ചു നിൽക്കെ
    സ്മരണതൻ നാലുകെട്ടിൽ നമ്മളെപ്പൊഴോ
    പ്രണയവർഷത്തിൽപ്പകച്ചതോർത്തു
    ഒറ്റക്കിരുന്നു ഞാൻ കാണും കിനാവുകൾ
    നിന്നെക്കുറിച്ചുള്ളതായിടുമ്പോൾ
    ചന്ദനത്തെന്നൽത്തലോടുന്ന കുങ്കുമ-
    സ്സന്ധ്യയായ് നീയെന്നു മുന്നിലെത്തും?


    അസ്സൽ വരികൾ..കേട്ടൊ ഭായ്

    ReplyDelete