Thursday 1 March 2012

ഭൂപടത്തില്‍നിന്നൊരു പുഴ

പുഴ മരിക്കുന്നോ?
മരിക്കുന്നതത്ര കുഴപ്പ -
മാണെന്നൊന്നുമറിയാത്തകുട്ടികള്‍,
ഭൂപടരേഖാതടങ്ങളിലെവിടെയോ...
വിരലൊഴുക്കുന്നു..
പുഴകള്‍ തിരയുന്നു...

മലനാട്ടിനിടയിലൂടൊഴുകുന്ന വിരലുകള്‍
മഴ നനക്കുന്നു,
പളുങ്കുപോല്‍, ദക്ഷിണഗംഗയായ് വാഴ്ത്തിയ -
നിള തുളുമ്പുന്നു,
പതുക്കെ, പ്പതുക്കെ...
പുഴ ചിരിക്കുന്നു.

കതിരണിയുമോര്‍മ്മനിറയുന്നു..
കലിതാഭമായ ബാല്യം മിഴിക്കുന്നു..
അച്ഛന്റെ വിരലില്‍നിന്നുറവ പൊട്ടുന്നു...
വളരുന്നു ദൂരേ, വിളിക്കുന്നു വീണ്ടും...
വില്വാദ്രിനാഥ കാല്‍പ്പാദം തലോടി വ-
ന്നെത്തുന്ന പുണ്യമായുള്ളം തുടിക്കുന്നു..
പൊന്നക്ഷരങ്ങള്‍പോല്‍....
പുളയുന്നു പേരാര്‍, കിലുങ്ങുന്നു ദൂരേ..
പുഴ ചിലമ്പുന്നു.

തത്തയുടെ കുറുമൊഴി നുകര്‍ന്നതും,
സുന്ദരശ്ശബ്ദത്തിലാറാടി നിന്നതുമക്കരെ...
ഇക്കരെത്തോണിയില്‍ കേട്ടതോ, കാവിലെ -
പ്പാട്ടും, മുഴങ്ങുന്ന പേരാറ്റു വീര്യവും,
നോവും, വിയര്‍പ്പിന്റെ ഗീതവും, വിപ്ലവ-
ത്തീയും, തിടമ്പേറ്റുമുല്‍സവാനന്ദവും,
ഒപ്പനപ്പാട്ടിന്റെയിമ്പവും ലഹരിയും... !
പുഴയിരമ്പുന്നു.

തീവണ്ടി പാലം കടന്നു കുറ്റിപ്പുറ-
ത്തോടിക്കിതച്ചു നില്‍ക്കുന്നൊരാമാത്രയില്‍
ചുമലിലെച്ചെറുകരസ്പര്‍ശം ശഠിക്കയാ-
ണിവിടെയീമണലില്‍, കളിക്ക, പോകാതെ നാം...!
പുഴ പിരിയുന്നു.

മണ്ണുവാരുന്നവര്‍ കുഞ്ഞുങ്ങളല്ല, കങ്കാണിമാ -
രെന്നുള്ളതൊന്നുമറിയാത്തവര്‍,
ആഹ്ലാദമോടെയീതകരും മണല്‍ത്തിട്ട-
കണ്ടതിശയിക്കുന്നു, 'നാടെത്ര സുന്ദരം?'
പുഴ മറയുന്നു.

വലപോലെയീഭൂപടം..!
ചിന്തയെപ്പിടിച്ചൊരു -
ചിലന്തിക്കാട്ടിലെറിയുന്നു, പിന്നിലീ-
പുഴമെലിഞ്ഞൊട്ടുന്നു ചാലുപോല്‍, ചരടുപോല്‍
ചരടിനറ്റം കയര്‍ത്തുമ്പിന്‍ കുരുക്കുപോ-
ലൊടുവിലതു ചൂട്ടടച്ചാരമായമരുന്നു..
പുഴ കരിയുന്നോ?

ചിതല്‍ തിന്നൊടുക്കാത്ത സ്മൃതിമണ്ഡപങ്ങളെ -
ത്തഴുകുന്ന ഭാരതപ്പുഴയില്‍ക്കുളിച്ചു, നാ -
വുരുവിട്ടു, കുട്ടികള്‍ കാണാതിരിക്കട്ടെ -
യെവിടെയും 'പുഴ വില്‍പ്പനക്കുളെളഴുത്തുകള്‍ ' !

പുസ്തകത്താളിലേ-
ക്കൊരു പുഴവലിഞ്ഞുപോയ്‌...
വിരല്‍വരണ്ടിവിടെ വഴി-
മുറിയുന്നു യാത്രകള്‍...
പച്ചപ്പുകള്‍ക്കിപ്പുറം
ജനല്‍ക്കാഴ്ച്ചയില്‍
മറയുന്നു രേഖയായ് ....
ഭൂപടച്ചിത്രണം...!

കണ്‍കോണിലൊരു പുഴ...
നിറഞ്ഞോ, കലങ്ങിയോ ...!
കണ്‍കോണിലൊരു നിള...
തുളുമ്പാന്‍ വിതുമ്പിയോ ...!

6 comments:

  1. കണ്‍കോണിലൊരു പുഴ...

    ReplyDelete
  2. മാഷേ,
    ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍
    നല്ല ചിന്ത!!! തെളിമയാര്‍ന്ന ഭാഷ.
    ഈ കവിത വളരെ ശ്രദ്ദേയമാകട്ടെ!!!!

    ReplyDelete
  3. കണ്‍കോണിലൊരു പുഴ...
    നിറഞ്ഞോ, കലങ്ങിയോ ...!
    കണ്‍കോണിലൊരു നിള...
    തുളുമ്പാന്‍ വിതുമ്പിയോ ...! ആശംസകള്‍

    ReplyDelete
  4. എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  5. പുഴയുടെ പാട്ട് ,ഒരുപാട് എഴുതിയ അല്ലെങ്കില്‍ എഴുതുഅപ്പെട്ട വിഷയം എന്നാലും മരിക്കുന്ന പുഴയെ നോക്കി വീണ്ടും എഴുതാന്‍ അല്ലെ കഴിയുള്ളൂ

    കവിത അതിന്റെ ധര്‍മം നിവഹിക്കുന്നു

    ReplyDelete
  6. 'ഭൂപടങ്ങളില്‍ ചോര' മാത്രമല്ല പുഴയുടെ കണ്ണീരും പെയ്യുന്നു...

    ReplyDelete