Friday 14 September 2012

സുന്ദരയക്ഷി

രാവിതേറെയായ്, മനോ -
ജാലകം തുറന്നിട്ടി-
ങ്ങിരിപ്പാണൊരു വരി-
വളര്‍ന്നില്ലിതുവരെ...
ബന്ധിതം മൌനഗ്രസ്ത-
മെന്‍ഹൃദ്സ്പന്ദ, മകാ-
രണമായ് നിലച്ചെന്നോ-
ബോധത്തിനന്തര്‍ധാര?
കാറ്റടിക്കുന്നോ പന-
മ്പട്ടയില്‍, കാലൊച്ചതന്‍ -
മന്ദ്രമധുരം ചോരുന്നോ?
കാച്ചെണ്ണ മണത്തുവോ?
ദൂരെനിന്നെത്തുന്നേതു -
ഹരിതദ്യുതി പിളര്‍-
ന്നീടുന്നു, ധൂപക്കടല്‍ -
ക്കോളിലീ ജനല്‍ത്തോണി!
കണ്ണുകളവ്യക്തമാ-
ണെങ്കിലും കുറുനിര -
യിളകാതൊഴുകുന്നി -
തേതുസുന്ദര രൂപം!
യക്ഷിയാകുമോ? സൈബര്‍-
നിലാവില്‍ മുങ്ങിത്തോര്‍ത്തി
രക്തമൂറ്റുവാന്‍ വഴി -
തെറ്റിയിങ്ങണഞ്ഞതോ?
ഇല്ലിവള്‍ വിളിച്ചില്ല,
മുറുക്കാന്‍ ചോദിച്ചില്ലൊ -
രിഷ്ടവും നടിച്ചില്ല,
ചൊല്ലിയില്ലൊരു വാക്കും!
ആരു നീ? വഴിപോക്കന്‍ -
ഞാനല്ല, നീയാണെന്ന-
വാക്കു കേട്ടിട്ടും കൂസ-
ലില്ലാതെ നില്‍പ്പാണവള്‍!
ചോദ്യമതാവര്‍ത്തിക്കേ...
കണ്ടു ഞാനാകണ്ണുക-
ളെന്‍റെ കാതിലെക്കമ്മല്‍ -
ക്കല്ലുപോല്‍ തിളങ്ങുന്നു...
കാതു പൊത്തിയെന്‍ കണ്‍ക -
ളിറുക്കിയടയ്ക്കവേ,
പാലപ്പൂ മണം പര-
ന്നസ്ഥികള്‍ പൂവിട്ടുപോയ്..!

4 comments:

  1. സുന്ദര യക്ഷി നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  2. കവിത ഇഷ്ടപെട്ടു

    ReplyDelete
  3. യക്ഷിയുടെ രൂപവും, ഭാവവും നന്നായി.

    ReplyDelete
  4. കവിത ഭാവസാന്ദ്രമായി. മുരളിയുടെ കവിതകള്‍ വേണ്ടത്ര വായനക്കാരില്‍ എത്തുന്നില്ലല്ലോ എന്നു ദുഃഖം.

    ReplyDelete